കോട്ടയം: കേന്ദ്ര പൊതുമരാമത്ത് നിരക്കുകള്‍ കേരളത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ബാധകമാക്കണമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്. ദല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ്സ് (ഡിഎസ്ആര്‍) എന്നറിയപ്പെടുന്ന കേന്ദ്ര പൊതുമരാമത്ത് പട്ടിക നിരക്കുകള്‍ 2021ലെ വിപണി നിരക്കുകളുടെ അടിസ്ഥാനത്തില്‍ പുതുക്കി നടപ്പാക്കുകയാണ്.
എന്നാല്‍ കേരള സര്‍ക്കാര്‍ വകുപ്പുകള്‍ ഇപ്പോഴും 2016ലെ കേന്ദ്ര നിരക്കുകളാണ് പിന്തുടരുന്നത്. കേരളത്തിലുടനീളം കേന്ദ്ര പൊതുമരാമത്ത് പ്രവര്‍ത്തികളുടെ അടങ്കലുകള്‍ 2021ലെ നിരക്കുകളില്‍ തയ്യാറാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ 2016ലെ നിരക്കുകള്‍ തുടരുന്നത് അനീതിയാണ്. ഒരു സ്ഥലത്ത് സാധനവിലകളും കൂലിനിരക്കുകളും കേന്ദ്ര-സംസ്ഥാന വകുപ്പുകള്‍ രണ്ടു തരത്തില്‍ നല്‍കുന്നത് അവസാനിപ്പിക്കണം. കേന്ദ്ര സഹായ പദ്ധതികളില്‍ ശതമാനക്കണക്കിലാണ് കേന്ദ്രവിഹിതം അനുവദിക്കുന്നത്. അവയുടെ അടങ്കലുകള്‍ 2016 ലെ നിരക്കുകളില്‍ തയാറാക്കുന്നത് കേന്ദ്രവിഹിതം കുറയുന്നതിനിടയാക്കുമെന്നും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
നിര്‍മാണ വ്യവസായ സംരംഭകരായ കരാറുകാര്‍ക്ക് എംഎസ്എംഇ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കൊവിഡ് മൂലം പ്രതിസന്ധിയിലായ കരാറുകാരുടെ പ്രശ്നങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പരിഹാരം കാണണം. പണികളുടെ പൂര്‍ത്തിയാക്കല്‍ സമയം നീട്ടുക, നിരതദ്രവ്യം ജാമ്യ സംഖ്യ, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ കുറയ്ക്കുക, നിര്‍മാണ വസ്തുക്കളുടെ ന്യായവില ഉറപ്പാക്കുക, ക്ഷാമം പരിഹരിക്കുക എന്നിവയില്‍ ഏകീകൃത നടപടികള്‍ അനിവാര്യമാണ്. കരാര്‍ ഉറപ്പിച്ചതിനു ശേഷം നിര്‍മാണ വസ്തുക്കള്‍ക്കുണ്ടാകുന്ന അസാധാരണ വില വര്‍ധനയ്ക്കും പരിഹാരമായ വിലവ്യതിയാന വ്യവസ്ഥ എല്ലാ പ്രവര്‍ത്തികളുടെയും കരാറുകളില്‍ ഉള്‍പ്പെടുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്ത് ഒന്‍പതിന് നിര്‍മാണ വകുപ്പുകളുടെ ഓഫീസുകള്‍ക്ക് മുന്നില്‍ കരാറുകാര്‍ ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് റജി ടി. ചാക്കോ, ജനറല്‍ സെക്രട്ടറി ഷാജി ഇലവത്തില്‍, താലൂക്ക് സെക്രട്ടറി വി.എം. സലീം, കെ.ടി. ദേവരാജന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: