കൊച്ചി: സംസ്ഥാനത്തെ ലോ കോളേജുകളിലേക്കുള്ള ത്രിവത്സര, പഞ്ചവത്സര എല്‍എല്‍ബി എന്‍ട്രന്‍സ് കോച്ചിങ് സൗജന്യമായി നല്കുന്ന മെന്റേഴ്സ് ആപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി എറണാകുളം ലോ കോളേജിലെ വിദ്യാര്‍ഥികള്‍. കേരളത്തിലെ നാല് ഗവ. ലോ കോളേജുകളിലേക്കും മറ്റു സ്വാശ്രയ ലോ കോളേജുകളിലേക്കും നടക്കുന്ന പ്രവേശന പരീക്ഷാ കോച്ചിങ്ങിനായി സ്വകാര്യസ്ഥാപനങ്ങള്‍ ഭീമമായ ഫീസാണ് ഈടാക്കുന്നത്. ഒരു മാസ് ക്രാഷ് കോഴ്സുകള്‍ക്ക് പോലും പതിനായിരം രൂപയോളം ഈടാക്കുമ്പോഴാണ് തികച്ചും സൗജന്യമായ ആപ്പുമായി കൊല്ലം അമ്പലംകുന്ന് സ്വദേശി ഹാരിസ് എം. ഫസലും മലപ്പുറം മൊറയൂര്‍ സ്വദേശി ടി. സിദ്ധാര്‍ഥും രംഗത്തെത്തുന്നത്.
എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ സുഹൃത്ത് സജിത്ത് ലാലാണ് ഇതിനുവേണ്ട എല്ലാ സാങ്കേതിക സഹായവും ചെയ്ത് നല്‍കുന്നത്. സ്കൂള്‍ പാഠ്യപദ്ധതിയില്‍ നിയമ പഠനം കുറവായതിനാല്‍ ഒരു ശരാശരി വിദ്യാര്‍ത്ഥിക്ക് ഈ മേഖലയില്‍ ഉന്നത വിദ്യാഭ്യാസം ചെയ്യണമെങ്കില്‍ ഭീമമായ ഫീസ് നല്കി എന്‍ട്രന്‍സ് കോച്ചിങ്ങിനു ചേരേണ്ട സാഹചര്യമാണുള്ളത്. ഇതിനു ബദലായാണ് ഇങ്ങനെ ഒരു ആശയമെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
എല്ലാ ക്ലാസുകളുടെയും സ്റ്റഡി നോട്ടുകള്‍, ഓരോ വിഷയങ്ങള്‍ക്കും പ്രത്യേകം മോഡല്‍ പരീക്ഷകള്‍, സംശയങ്ങള്‍ ചോദിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള ഡിസ്കഷന് ഫോറം, മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍, ലൈവ് വീഡിയോ ക്ലാസുകള്‍, ലൈവ് മോഡല്‍ പരീക്ഷകള്‍ എന്നിവ രണ്ട് വിഭാഗങ്ങളിലുമായി ഉണ്ട്. ഇരുന്നൂറിലേറെ വീഡിയോകളും ലഭ്യമാണ്. ഫോണില്‍ പുതിയ വിവരങ്ങള്‍ നോട്ടിഫിക്കേഷനായി എത്തുകയും ചെയ്യും. മുന്‍വര്‍ഷങ്ങളിലെ റാങ്ക് ജേതാക്കളും, അഭിഭാഷകരും, പരിചയ സമ്പന്നരായ അധ്യാപകരുമാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.
ത്രിവത്സര, പഞ്ചവത്സര കേരള ലോ എന്‍ട്രന്‍സ് പരീക്ഷയ്ക്കു (കെഎല്‍ഇഇ) തയാറെടുക്കുന്ന ഏതു വിദ്യാര്‍ത്ഥിക്കും സൗജന്യമായി ഉപയോഗിക്കാവുന്ന ആപ്പില്‍ എന്‍ട്രന്‍സ് പരിശീലനത്തിന്റെ ഭാഗമായി ആഗസ്റ്റ് ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ത്രിദിന ക്രാഷ് കോഴ്സും മോക്ക് ടെസ്റ്റും സംഘടിപ്പിക്കുന്നുണ്ട്. നിലവില്‍ ആയിരത്തിലേറെ പേര് ആപ്പ് ഉപയോഗിക്കുന്നുണ്ട്. പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. വൈകാതെ തന്നെ ആപ്പിള്‍ സ്റ്റോറിലും ആപ്പ് ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: