ന്യൂദല്‍ഹി: കൊവിഷീല്‍ഡ്-സ്പുട്നിക് വി വാക്‌സിനുകളുടെ മിശ്രിതം കൊവിഡിന് ഫലപ്രദമെന്ന് പഠനം. ഇവ കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കുന്നതുകൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ലെന്നും പരീക്ഷണം വിജയകരമായിരുന്നുവെന്നും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് അറിയിച്ചു.
റഷ്യന്‍ വാക്സിനായ സ്പുട്നിക് വി, ആസ്ട്രാസെനക്കയുടെ കൊവിഷീല്‍ഡ് എന്നിവയുടെ മിശ്രിതമുപയോഗിച്ച് നടത്തിയ പരീക്ഷണത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതിയും പഠന റിപ്പോര്‍ട്ട് അംഗീകരിച്ചു. ഇതിന് സമാനമായി കൊവിഷീല്‍ഡ്-കൊവാക്‌സിന്‍ മിശ്രിതമുപയോഗിച്ച് പരീക്ഷണം നടത്താനുള്ള അനുമതി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിന് സമിതി നല്‍കി. കൂടാതെ കൊവാക്‌സിനും മൂക്കില്‍ കൂടി നല്‍കുന്ന വാക്‌സിനും ഉപയോഗിച്ചുള്ള പരീക്ഷണം ആരംഭിക്കാന്‍ ഭാരത് ബയോടെക്കിനും സമിതി നിര്‍ദേശം നല്‍കി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി കൂടി ലഭ്യമായ ശേഷമേ പരീക്ഷണങ്ങള്‍ ആരംഭിക്കൂ.
അസര്‍ബൈജാനില്‍ 50 പേരിലാണ് കൊവിഷീല്‍ഡ്-സ്പുട്നിക് വി വാക്‌സിന്‍ മിശ്രിതം പരീക്ഷിച്ചത്. വൈറസിന്റെ പുതിയ വകഭേദങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ ഇത്തരം പഠനങ്ങള്‍ നിര്‍ണായകമാണെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് അറിയിച്ചു. വാക്സിനുകളുടെ മിശ്രിതം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. പല രാജ്യങ്ങളിലും നേരത്തേ തന്നെ മിശ്രിത വാക്സിനേഷന്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: