ഒരു വര്‍ഷം മുന്‍പാണ് ഇന്ത്യയിലെ പുതിയ വിദ്യാഭ്യാസ നയം (New Education Policy) പുറത്ത് വന്നത്. ആ അവസരത്തില്‍ പുതിയ നയത്തെ പറ്റി പല പ്രാവശ്യം എഴുതുകയും സംസാരിക്കുകയും ചെയ്തിരുന്നു.
പുതിയ വിദ്യാഭ്യാസ നയത്തില്‍ വളരെ നല്ല നിര്‍ദ്ദേശങ്ങളുണ്ട്. വാസ്തവത്തില്‍ ആ നയത്തെ പറ്റിയുള്ള എന്റെ പ്രധാന പരാതി ലോകത്തെ എല്ലാ നല്ല കാര്യങ്ങളും അതിലുള്‍പ്പെടുത്തിയിരുന്നുവെങ്കിലും അതൊക്കെ ആര് ചെയ്യുമെന്നോ അതിനുള്ള പണം എവിടെനിന്ന് കണ്ടെത്തുമെന്നോ ആ നയത്തില്‍ പറഞ്ഞിരുന്നില്ല എന്നതാണ്. പതിവ് പോലെ ‘ഇത് വല്ലതും നടക്കുമോ’ എന്നൊരു സംശയവും ഉണ്ടായെങ്കിലും നടന്നാല്‍ വളരെ നല്ലത് എന്നതായിരുന്നു അന്നത്തെ എന്റെ അഭിപ്രായം. അത് പറയുകയും ചെയ്തു.
1986 ല്‍ ഇതിന് മുന്‍പത്തെ വിദ്യാഭ്യാസ നയം രൂപീകരിച്ചതിനു ശേഷം ഉന്നത വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്രമായി വലിയ മാറ്റങ്ങളുണ്ടായി. നിര്‍ഭാഗ്യവശാല്‍ ഇന്ത്യ അതിലൊന്നും പെടാതെ പോയി.
ഉദാഹരണത്തിന് യൂണിവേഴ്സിറ്റികള്‍ തമ്മിലുള്ള പരസ്പര ബന്ധം എടുക്കാം. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലുള്ള യൂണിവേഴ്സിറ്റികള്‍ തമ്മില്‍ അവരുടെ കോഴ്സുകള്‍ പരസ്പരം അംഗീകരിക്കാന്‍ ധാരണയുണ്ട്. ഒരു രാജ്യത്തെ യൂണിവേഴ്സിറ്റിയില്‍ ഒരു വര്‍ഷം പഠിച്ചതിന് ശേഷം അവധിയെടുത്ത് മറ്റൊരു രാജ്യത്തെ മറ്റൊരു യൂണിവേഴ്സിറ്റിയില്‍ ഒരു സെമസ്റ്ററോ വര്‍ഷമോ ചിലവഴിച്ച് തിരിച്ചു സ്വന്തം യൂണിവേഴ്സിറ്റിയില്‍ വന്നു ഡിഗ്രി പൂര്‍ത്തീകരിക്കാനുള്ള അവസരമുണ്ട്. ഇത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം മുതല്‍ നിലവിലുണ്ട്. ഇന്ത്യയിലെ ആയിരത്തോളം യൂണിവേഴ്സിറ്റികള്‍ തമ്മില്‍ അത്തരം ഒരു സംവിധാനമില്ല. ഒരേ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികള്‍ തമ്മില്‍ ബന്ധമില്ല എന്ന് മാത്രമല്ല, ഒരു സംസ്ഥാനത്തെ യൂണിവേഴ്സിറ്റികള്‍ തമ്മിലോ വിവിധ ഐ. ഐ. ടികള്‍ തമ്മിലോ പോലും ഇത്തരം സംവിധാനമില്ല. അതേസമയം ഇന്ത്യയിലെ പല യൂണിവേഴ്സിറ്റികള്‍ക്കും മറ്റു രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളുമായി ക്രെഡിറ്റ് എക്സ്ചേഞ്ചിന് സംവിധാനം ഉണ്ടെന്നത് ഒരു വിരോധാഭാസം ആണ്.
യൂണിവേഴ്സിറ്റികള്‍ തമ്മില്‍ ബന്ധമില്ല എന്നത് പോട്ടെ, ഒരേ യൂണിവേഴ്സിറ്റിയിലെ വിവിധ കോളേജുകള്‍ തമ്മില്‍ പോലും നമ്മള് ബന്ധിപ്പിച്ചിട്ടില്ല. എഞ്ചിനീയറിങ്ങും മെഡിസിനും മ്യൂസിക്കും അഗ്രികള്‍ച്ചറും ഫിലോസഫിയും വ്യത്യസ്ത കോളേജുകളിലാണ് പഠിപ്പിക്കുന്നത്. ഈ കോളേജുകള്‍ ഒരേ യൂണിവേഴ്സിറ്റിയില്‍ ആയിരുന്ന കാലത്ത് പോലും എഞ്ചിനീയറിംഗ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മ്യൂസിക് വിഷയങ്ങള്‍ പഠിക്കാനോ, മ്യൂസിക് പഠിക്കുന്നവര്‍ക്ക് ഫിലോസഫി പഠിക്കാനോ ഉള്ള സാഹചര്യമില്ല. കോളേജിന് പുറത്ത് പോയി അവര്‍ ഈ വിഷയങ്ങള്‍ പഠിച്ചാല്‍ തന്നെ അത് അവരുടെ പഠനത്തിന്റെ ഭാഗമായി യൂണിവേഴ്സിറ്റികള്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാത്തരം വിഷയങ്ങളും ഒരേ യൂണിവേഴ്സിറ്റി കാന്പസില് തന്നെ പഠിപ്പിക്കുന്ന, അത്തരം വിഷയങ്ങള്‍ പഠിച്ചാല്‍ അത് സ്വന്തം ഡിഗ്രിക്കുള്ള ക്രെഡിറ്റുകളുടെ ഭാഗമാകുന്ന പഠന രീതികള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ ലോകത്ത് നിലവിലുണ്ട്.
ഇതൊക്കെ നമ്മുടെ നാട്ടിലും വരേണ്ടതാണെന്ന് വളരെ നാളായി ഞാന്‍ ആഗ്രഹിക്കുന്നതും എഴുതുന്നതും ആണ്. എങ്ങനെയാണ് ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് എന്ന് ഈ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിന്റെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് ഞാന്‍ ചിന്തിച്ചിരുന്നു. ആയിരത്തോളം യൂണിവേഴ്സിറ്റികള്‍, പതിനായിരത്തോളം പ്രൊഫഷണല്‍ കോളേജുകള്‍, നാല്പതിനായിരം മറ്റു കോളേജുകള്‍, ഒരു ലക്ഷത്തിന് മുകളില്‍ മറ്റുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ദശ ലക്ഷക്കണക്കിന് അധ്യാപകര്‍, കോടിക്കണക്കിന് വിദ്യാര്‍ഥികള്‍, ഇവരുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണ്. ഉന്നത വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന യു. ജി. സി. യും മറ്റു സ്ഥാപനങ്ങളും കഴിഞ്ഞ നൂറ്റാണ്ടിലുണ്ടാക്കിയവയാണ്. മാറ്റങ്ങള്‍ വരുത്താതിരിക്കാനുള്ള ഇന്‍സെന്റീവ് അനവധിയാണ്, മാറ്റങ്ങള്‍ വരുത്തുന്നത് വെല്ലുവിളിയും.
ഈ സാഹചര്യത്തിലാണ് കൊറോണ വരുന്നതും ഓണ്‍ലൈന്‍ പഠനം വ്യാപകമാകുന്നതും. സാധാരണ വിദ്യാഭ്യാസം തകരാറില്‍ ആയപ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം സര്‍വ്വ സാധാരണമായി. ആഫ്രിക്കയിലെ ഏറ്റവും ചെറിയ ഗ്രാമങ്ങളിലുള്ളവര്‍ പോലും ലോകത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ നിന്നുള്ള ലെക്ച്ചറുകള്‍ ശ്രവിച്ചു തുടങ്ങി. കേരളത്തില്‍ നിന്നും ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ കോഴ്സറായില്‍ നിന്നും ലിങ്ക്ഡ് ഇന്‍ ല്‍ നിന്നുമൊക്കെ സര്‍ട്ടിഫിക്കറ്റുകള്‍ സന്പാദിച്ചു തുടങ്ങി. മംഗോളിയയിലിരുന്ന് വിദ്യാര്‍ഥികള്‍ ഓക്സ്ഫോര്‍ഡില്‍ പഠിച്ചു തുടങ്ങി. ഞാന്‍ പലപ്പോഴും പറയാറുള്ളത് പോലെ ഓക്സ്ഫോര്‍ഡിലോ കേംബ്രിഡ്ജിലോ ആയിരം വര്‍ഷം പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ 2012 ല്‍ സ്ഥാപിച്ച കോര്‍സെറയില്‍ ഇപ്പോള്‍ പഠിക്കുന്നുണ്ട് !
കോഴ്സുകള്‍ ഓണ്‍ലൈന്‍ ആയ കാലത്തും ഓണ്‍ലെന്‍ സ്ഥാപനങ്ങള്‍ വ്യാപകമായ കാലത്തും, ഇവക്കൊക്കെ അംഗീകാരം ഉണ്ടോ?, ഇതുകൊണ്ടൊക്കെ തൊഴില്‍ ലഭിക്കുമോ?, ആളുകളുടെ കാശുമേടിച്ച് വിദൂര വിദ്യാഭ്യാസത്തിലൂടെ പഠിപ്പിച്ചതിന് ശേഷം ആ ഡിഗ്രിയെ ‘രണ്ടാം തരം’ ഡിഗ്രി ആക്കി മാറ്റിയ പാരന്പര്യമുള്ളപ്പോള്‍ ഓണ്‍ലൈന്‍ ആയി പഠിക്കുന്ന ഡിഗ്രിക്ക് പി. എസ്. സി. അംഗീകാരം കിട്ടുമോ? എന്നിങ്ങനെ ആളുകള്‍ ചോദിച്ചിരുന്ന അനവധി ചോദ്യങ്ങളുണ്ട്.
ലോകത്തെവിടെയും പലപ്പോഴും മുന്നേറ്റങ്ങള്‍ (breakthrough) സംഭവിക്കുന്നത് സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതം (breakdown) ആകുന്പോള്‍ ആണ്. ഇപ്പോള്‍ പുതിയ വിദ്യാഭ്യാസ നയവും കൊറോണ ഉണ്ടാക്കിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസവും അത്തരത്തില്‍ ഒരു വിദ്യാഭ്യാസ വിപ്ലവം കൊണ്ടുവരികയാണ്.
പുതിയ വിദ്യാഭ്യാസ നയത്തിന് തുടര്‍ച്ചയായി ഓണ്‍ലൈനും ക്ലാസ്റൂം പഠനവും ഒരുമിച്ചു ചേര്‍ക്കുന്ന ബ്ലെന്‍ഡഡ് ലേര്‍ണിംഗ് സംവിധാനത്തെ പറ്റി യു. ജി. സി. നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നിരുന്നു. കോളേജുകളില്‍ പഠിക്കുന്നവര്‍ക്ക് നാല്പത് ശതമാനം കോഴ്സുകള്‍ ഓണ്‍ലൈന്‍ ആയി പഠിക്കാം എന്നതായിരുന്നു അതിലെ പ്രധാന നിര്‍ദ്ദേശം. ഇത്തരം ഓണ്‍ലൈന്‍ കോഴ്സുകള്‍ ലോകത്ത് എവിടെ നിന്നും പഠിക്കാം എന്നും ഉണ്ടായിരുന്നു. ഓണ്‍ലൈന്‍ ഡിഗ്രികള്‍ പലയിടത്തും ഉണ്ടെങ്കിലും സാധാരണ ഡിഗ്രി പഠനത്തിന് ഇടക്ക് പകുതിയോളം കോഴ്സുകള്‍ ഓണ്‍ലൈന്‍ ആയി പഠിക്കാം എന്നൊരു നിര്‍ദ്ദേശം ഉണ്ടാകുന്നത് ലോകത്ത് ആദ്യമായിട്ടാണ്.
പ്രഖ്യാപിച്ച അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് കാര്യങ്ങള്‍ വീണ്ടും വിപ്ലവകരമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. രാജ്യത്ത് ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും ഒരു നാഷണല്‍ അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റില്‍ അക്കൗണ്ട് എടുക്കാം. അവിടെ അംഗീകൃതമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കോഴ്സുകള്‍ പഠിച്ചതിന്റെ ക്രെഡിറ്റുകള്‍ നിക്ഷേപിക്കാം. ഏത് കോഴ്സുകള്‍ എടുക്കണം, എങ്ങനെ മിക്സ് ചെയ്യണം എന്നതിലൊക്കെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം തീരുമാനമെടുക്കാം. സംഗീതവും സാഹിത്യവും, മെഡിസിനും കന്പ്യൂട്ടറും, സിവില്‍ എഞ്ചിനീയറിങ്ങും നരവംശശാസ്ത്രവും ഓണ്‍ലൈന്‍ ആയും ഓഫ് ലൈന്‍ ആയും എവിടെ നിന്നും പഠിക്കാം. കോഴ്സുകള്‍ പാസ്സായാല്‍ ആ സ്ഥാപനങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് ഈ അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റിലേക്ക് നിക്ഷേപിക്കും. കോഴ്സുകളുടെ എണ്ണം കൂടുന്ന മുറക്ക് ആവശ്യത്തിന് ക്രെഡിറ്റ് ആയി കഴിഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റോ, ഡിപ്ലോമയോ, ഡിഗ്രിയോ വാങ്ങി നമുക്ക് പുറത്തിറങ്ങാം.
ഇതുണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങള്‍ പലതാണ്. നിങ്ങള്‍ ജീവിക്കുന്ന പ്രദേശത്തെ യൂണിവേഴ്സിറ്റികള്‍, അവിടുത്തെ സിലബസ് എത്ര മോശമാണെങ്കിലും അത് മാത്രം പഠിക്കേണ്ട ആവശ്യം ഉണ്ടാകില്ല. ലോകത്തെവിടെയും ഉള്ള നല്ല അധ്യാപകരില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ പഠിക്കാം. ഒരു വര്‍ഷം കഴിഞ്ഞാല്‍ യൂണിവേഴ്സിറ്റി പഠനം ഉപേക്ഷിക്കാം. സംഗീതം പഠിച്ചു തുടങ്ങിയവര്‍ക്ക് ആയുര്‍വ്വേദമാണ് കൂടുതല്‍ താല്പര്യമെന്ന് കണ്ടാല്‍ അങ്ങോട്ട് മാറി വിദ്യാഭ്യാസം തുടരാം. ഒരു സംസ്ഥാനത്തു നിന്നും മറ്റൊരു സംസ്ഥാനത്ത് പോയി പഠിക്കാം. ഒരു സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് മാറാം, വിദേശത്തിരുന്ന് വിദ്യാഭ്യാസം തുടരാം. ഇനി മുതല്‍ കറസ്പോണ്ടന്‍സ് ഡിഗ്രി, ഓണ്‍ലൈന്‍ ഡിഗ്രി എന്നൊന്നും വേര്‍തിരിവുണ്ടാകില്ല.
ഈ പറയുന്ന മാറ്റങ്ങളില്‍ പലതും ലോകത്ത് പതിറ്റാണ്ടുകള്‍ ആയി നിലവിലുണ്ട്. എന്നാല്‍ ഇവയെ സംയോജിപ്പിച്ച് ഇത്രയും സമഗ്രമായി, കൊറോണയുണ്ടാക്കിയ ഓണ്‍ലൈന്‍ സാദ്ധ്യതകള്‍ ഉള്‍പ്പെടുത്തി, അടുത്ത പതിറ്റാണ്ടുകളിലേക്കുള്ള പുരോഗമനപരമായ ഒരു വീക്ഷണം ലോകത്ത് ഒരിടത്തുമില്ല. ഇത് ഉന്നത വിദ്യാഭ്യാസത്തിന്റെ ലോക മാതൃക ആകുമെന്നതില്‍ എനിക്ക് ഒരു സംശയവും ഇല്ല.
ഇത് നടപ്പിലാക്കുന്നത് ഇന്ത്യ ആണെന്നതിനും വലിയ പ്രാധാന്യമുണ്ട്. ഒരു വര്‍ഷം ഇന്ത്യയില്‍ ശരാശരി രണ്ടു കോടി പുതിയ കുഞ്ഞുങ്ങളാണ് ജനിക്കുന്നത്. അതില്‍ പകുതിയെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്തിയാല്‍ ഒരു കോടി വിദ്യാര്‍ഥികള്‍ ആയിരിക്കും ഈ സംവിധാനത്തില്‍ എത്തുക. അതും ലോകത്ത് ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു വിദ്യഭ്യാസ പരിഷ്കരണം ആകും.
ദശ ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ലോകത്തുള്ള മറ്റു സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ആയോ പാര്‍ട്ട് ടൈം ആയോ പഠിക്കാന്‍ തയ്യാറാകുന്പോള്‍ ലോകത്തെ പുതിയ ജനറേഷന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമല്ല, പേരുകേട്ട സ്ഥാപനങ്ങള്‍ ആയ ഓക്സ്ഫോര്ഡും ഹാര്‍വാര്‍ഡും ഒക്കെ അതില്‍ പങ്കാളികളാകാന്‍ ശ്രമിക്കും. കോര്‍സേരയുടെ ഏറ്റവും വലിയ കസ്റ്റമര്‍ ഇന്ത്യന്‍ കുട്ടികള്‍ ആകും. കേംബ്രിഡ്ജിലും സ്റ്റാന്‍ഫോര്‍ഡിലും രണ്ടോ മൂന്നോ മാസം ചിലവഴിക്കാനുള്ള അവസരമുണ്ടായാല്‍ പതിനായിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അത് അവരുടെ ചിലവില്‍ ഒതുങ്ങും. അപ്പോള്‍ ഒരു മുഴുവന്‍ ഡിഗ്രി എന്നതല്ലാതെ, കുറച്ചു സമയം കാന്പസ് എക്സ്പീരിയന്‍സ്, ഇമ്മെര്‍ഷന്‍ ഇതൊക്കെ വലിയ തോതിലുണ്ടാകും.
ഇന്ത്യയില്‍ നടക്കുന്ന ഈ പരീക്ഷണം മറ്റു രാജ്യങ്ങള്‍ വളരെ താല്പര്യത്തോടെയാണ് ശ്രദ്ധിക്കാന്‍ പോകുന്നത്. പ്രത്യേകിച്ചും ഏറെ യുവാക്കളുള്ള, എന്നാല്‍ പുതിയതായി യൂണിവേഴ്സിറ്റികള്‍ നിര്‍മ്മിക്കാന്‍ വേണ്ടത്ര സാന്പത്തിക സ്ഥിതി ഇല്ലാത്ത, ആവശ്യത്തിന് അധ്യാപകര്‍ ഇല്ലാത്ത ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ നമ്മുടെ മാതൃക പിന്തുടരും.
ഇന്ത്യയില്‍ തന്നെ എല്ലാ ഡിഗ്രികളും വരുന്നത് ഒരു അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റില്‍ നിന്നാകുന്പോള്‍ ആയിരം യൂണിവേഴ്സിറ്റികളുടെ ഒന്നും ആവശ്യം ഉണ്ടാകില്ല. എല്ലാ ഐ. ഐ. ടികളും ഒന്നാകുന്നതോടെ ഓരോ സെമസ്റ്ററും ഓരോ ഐ. ഐ. ടിയില്‍ പഠിക്കാം എന്ന കാലം വരും. കൃഷിക്കും ആരോഗ്യത്തിനും വേറെ വേറെ യൂണിവേഴ്സിറ്റി എന്നത് മാറി ഒരു സംസ്ഥാനത്ത് ഒറ്റ യൂണിവേഴ്സിറ്റി എന്ന സ്ഥിതി വരും.
എല്ലാ മാറ്റങ്ങളെയും പോലെ ഈ മാറ്റവും എളുപ്പമായിരിക്കില്ല. പല കാരണങ്ങളാല്‍ എതിര്‍പ്പുകളുണ്ടാകും. ചില വിഷയങ്ങളില്‍ എതിര്‍പ്പുകള്‍ ന്യായവും ആകും. പക്ഷെ ഉന്നത വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റുമെന്ന് ഉറപ്പിച്ച്, യു. ജി. സി. പോലുള്ള സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കി, റെഗുലേഷന് പരമാവധി കുറച്ച്, ഫ്ലെക്സിബിലിറ്റി ഏറ്റവും കൂട്ടി ഉന്നത വിദ്യാഭ്യാസം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍. അതിനുള്ള ഇച്ഛാശക്തിയും സാമ്പത്തിക സംവിധാനവും കേന്ദ്രത്തിനുണ്ട്. പല രംഗങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ അത് കാണിച്ചിട്ടും ഉണ്ട്. ഈ മാറ്റങ്ങള്‍ വരും. സംശയമില്ല.
കേരളത്തിന് ഈ വിഷയത്തില്‍ താല്പര്യക്കുറവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട് ്. ഇതില്‍ അത്ര അതിശയമില്ല. ഗുണ നിലവാരത്തിന് പേര് കേട്ട ഒന്നല്ല നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം. മാറ്റങ്ങളെ രണ്ടും കയ്യും നീട്ടി സ്വീകരിക്കുന്നത് നമ്മുടെ രീതിയല്ല. (എതിര്‍പ്പാണ് സാറെ ഇവന്മാരുടെ മെയിന്‍). ഇപ്പോള്‍ ഈ രംഗത്തുള്ളവരുടെ താല്പര്യങ്ങള് പലതുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും എതിര്‍പ്പുകളുണ്ടാകും.
പക്ഷെ അതുകൊണ്ട് ഈ മാറ്റങ്ങള്‍ വരാതിരിക്കില്ല. പണ്ട് എതിര്‍ത്ത പല കാര്യങ്ങളും പിന്നീട് നമ്മുടെ ജീവിതത്തിന്റെ ഭാഗമായതു പോലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിപ്ലവം കേരളത്തിലും എത്തും. എത്ര നേരത്തേ എത്തുന്നോ അത്രയും നല്ലത്. ഇപ്പോള്‍ വന്നിരിക്കുന്ന പദ്ധതിയില്‍ എന്തെങ്കിലും കുറവുകളുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുകയോ പരിഷ്കരിച്ചു നന്നായി നടപ്പിലാക്കി മാതൃകയാവുകയോ ആണ് നാം ചെയ്യേണ്ടത്. പുതിയ നയം നടപ്പിലാക്കുന്നതിലേക്ക് ലഭ്യമാകാന്‍ സാധ്യതയുള്ള ശതകോടികള്‍ പരമാവധി വാങ്ങിയെടുത്ത് നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം ഗുണപരമായി മാറ്റിയെടുക്കാന്‍ നമ്മള് ശ്രമിക്കണം.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന മാറ്റങ്ങളെ ഞാന്‍ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇത് ഇന്ത്യയിലെ മാത്രമല്ല ലോകത്തെ തന്നെ ഉന്നത വിദ്യഭ്യാസ രംഗത്ത് വലിയ ചലനങ്ങളുണ്ടാക്കും, തീര്‍ച്ച. കേന്ദ്ര സര്‍ക്കാരിന് എന്റെ എല്ലാ അഭിനന്ദനങ്ങളും.
മുരളി തുമ്മാരുകുടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: