മുംബൈ: കൊൽഹാപൂരിൽ പരസ്പരം കണ്ടുമുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്നാവിസും. വെള്ളിയാഴ്ച രാവിലെ ജില്ലയിലെ പ്രളയബാധിത പ്രദേങ്ങൾ സന്ദർശിക്കുകയായിരുന്നു ഇരുവരും. ബിജെപി നേതാവിന്റെ സന്ദർശന വിവരമറിഞ്ഞ താക്കറെ കൂടിക്കാഴ്ച നടത്താനായി ഫട്നാവിസിനോട് അവിടെ തുടരാൻ അഭ്യർഥിക്കണമെന്ന് പിഎ മിലിന്ദ് നർവേകറിനോട് നിർദേശിച്ചുവെന്നാണ് വിവരം.
തുടർന്ന് നടത്തിയ ഹ്രസ്വ ചർച്ചയിൽ സംസ്ഥാനത്തെ പ്രളയ സാഹചര്യങ്ങൾ ഇരുവരും സംസാരിച്ചു. ഈ പ്രദേശങ്ങളിൽ വീണ്ടും പ്രളയമുണ്ടാകാതിരിക്കാൻ ആവശ്യമായ ദീർഘകാലപദ്ധതി പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. ദുരിതാശ്വാസ നടപടികളെക്കുറിച്ച് ആലോചിച്ച് നടപ്പാക്കാൻ എത്രയുംവേഗം യോഗം വിളിച്ചുചേർക്കണമെന്നും ഫട്നാവിസ് ആവശ്യപ്പെട്ടു. ‘ഞാൻ അവിടേക്ക് പോകുന്നതിനിടെ കാത്തുനിൽക്കാൻ ഫട്നാവിസിനോട് പറഞ്ഞു.
ഞാൻ രാഷ്ട്രീയം കളിക്കാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ സംസാരിച്ചത് എന്തുതന്നെയായാലും അത് പൊതു ഇടത്തിലായിരുന്നു. ഞങ്ങൾ അടച്ചിട്ട മുറിയിൽ ഒന്നും സംസാരിച്ചിട്ടില്ല. ഇപ്പോൾ തന്നെ ഞങ്ങൾ മൂന്നു പാർട്ടികൾ ഒരുമിച്ചാണ്. ഈ പ്രകൃതി ദുരന്തത്തെ മറികടക്കാനുള്ള ഞങ്ങളുടെ തീരുമാനത്തെ ബിജെപി പിന്തുണയ്ക്കുന്നുവെങ്കിൽ ഒരു പ്രശ്നവുമില്ല’- കൂടിക്കാഴ്ചയെപ്പറ്റി ചോദിച്ചപ്പോൾ മുഖ്യമന്ത്രി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: