കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണു അറസ്റ്റിലായി. തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കളമശ്ശേരിയിലെ വീട്ടില്‍ നിന്നാണ് വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ വാഹനാപകടത്തില്‍ കാലിന് പരിക്കേറ്റതിനാലാണ് കോടതിയില്‍ ഹാജരാകാതിരുന്നതെന്നാണ് വിഷ്ണു പോലീസിനോട് വെളിപ്പെടുത്തിയത്. പോലീസ് ജീപ്പിലേക്ക് വിഷ്ണു മുടന്തിയാണ് കയറിയത്.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനില്‍ കുമാറിന് വേണ്ടി ജയിലില്‍ വെച്ച് ദിലീപിനായി കത്ത് എഴുതി നല്‍കിയത് വിഷ്ണുവാണ്. ഈ കത്താണ് ഗൂഢാലോചന കേസില്‍ അന്വേഷണം നടന് ദിലീപിലേക്ക് എത്തിച്ചത്. കേസില്‍ വിഷ്ണുവിനെ പത്താം പ്രതിയായി ചേര്‍ത്തെങ്കിലും പിന്നീട് മാപ്പുസാക്ഷിയാക്കി.
സുപ്രീം കോടതി നിര്‍ദ്ദേശം അനുസരിച്ച് വിചാരണ അടുത്ത മാസം പൂര്‍ത്തിയാക്കണം. അതിനാല്‍ വിചാരണയ്ക്കാനായി വിഷ്ണുവിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും വിഷ്ണുവിനെ അടിയന്തരമായി അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ വിചാരണ കോടതി എറണാകുളം ജില്ല പോലീസ് മേധാവിക്ക് നിര്‍ദേശവും നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: