കൊല്ലം: കൊവിഡിന്റെ തിരിച്ചടിയില്‍ വിസ്മൃതിയിലേക്ക് നീങ്ങുകയാണ് സമാന്തര വിദ്യാഭ്യാസ മേഖല. നടപടിയെടുക്കേണ്ട സര്‍ക്കാരാകട്ടെ കണ്ട ഭാവം പോലുമില്ല. സ്‌കൂളുകളിലെ പഠനം അവസാനിപ്പിച്ചുകൊണ്ട് രംഗപ്രവേശം ചെയ്ത ഓണ്‍ലൈന്‍ ക്ലാസുകള്‍, സമാന്തരവിദ്യാഭ്യാസ മേഖലയുടെ സാധ്യത തന്നെ ഇല്ലാതാക്കിയെന്ന് അധ്യാപകര്‍ പറയുന്നു.
ഓണ്‍ലൈന്‍ ട്യൂഷന്‍ ആപ്പുകള്‍ കൂടി വിദ്യാഭ്യാസ രംഗം കീഴടക്കിയതോടെ വരുമാനം തീര്‍ത്തും നിലച്ചു. ഇതോടെ വാടക ഉള്‍പ്പടെയുള്ള ചെലവ് താങ്ങാനാവാതെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടി. അധ്യാപകര്‍ ജീവിതം കൂട്ടിമുട്ടിക്കാനാവാതെ ബുദ്ധിമുട്ടിലാക്കുന്നു. ഒന്നര വര്‍ഷമായി ജില്ലയിലെ ആയിരത്തിലധികം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.
സ്വന്തം ഭൂമിയിലും വാടകയ്‌ക്കും പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളുണ്ട്. വാടകയ്‌ക്ക് നടത്തിയിരുന്നവര്‍ക്ക് ലക്ഷങ്ങളാണ് വാടകക്കുടിശ്ശിക. ചെറിയ രീതിയില്‍ നടത്തി വന്നിരുന്ന പല സ്ഥാപനങ്ങളും പൂട്ടി. മിക്കവയും കാടുപിടിച്ചുകഴിഞ്ഞു. ജില്ലയില്‍ മാത്രം 25,000 അധ്യാപകരാണ് പാരലല്‍ കോളേജ് മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്.
സമാന്തരമായി പഠിക്കുന്നവരില്‍ വര്‍ധനവ്
പ്ലസ് ടു ക്ലാസിലും കോളേജുകളിലുമൊക്കെ സീറ്റ് വര്‍ധിപ്പിച്ചതായി സര്‍ക്കാര്‍ പറയുമ്പോഴും പാരലല്‍ കോളജ് അസോസിയേഷന്‍ 2019ല്‍ തയാറാക്കിയ കണക്കനുസരിച്ച് കേരളത്തിലെ നാല് സര്‍വകലാശാലകള്‍ക്ക് കീഴിലായി മൂന്നര ലക്ഷം വിദ്യാര്‍ഥികളും ഹയര്‍സെക്കന്‍ഡറി മേഖലയില്‍ രണ്ടുലക്ഷം വിദ്യാര്‍ഥികളും സമാന്തരമായി പഠിക്കുന്നുണ്ട്. നിലവില്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയിലെ സീറ്റുകളും പഠന സംവിധാനങ്ങളും മതിയാകാതെ വരുന്നു എന്നതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഫീസിനത്തില്‍ കിട്ടാനുള്ളത് ലക്ഷങ്ങള്‍
വിദ്യാര്‍ഥികളുടെ ഫീസല്ലാതെ മറ്റൊരു വരുമാനവുമില്ലാത്ത മേഖല കൂടിയാണ് സമാന്തര വിദ്യാഭ്യാസ മേഖല. കൊവിഡ് ഭീതിയില്‍ സ്‌കൂളുകള്‍ പൂട്ടിയതോടെ ഫീസടവ് അവതാളത്തിലായി. രക്ഷകര്‍ത്താക്കള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ കിട്ടാനുള്ള ഫീസ് ഈടാക്കാനും സാധ്യത വിരളമാണ്.
ആനുകൂല്യങ്ങള്‍ ഉള്ളവര്‍ വിരളം
ഈ മേഖലയില്‍ വളരെ കുറച്ച് അധ്യാപകര്‍ക്കു മാത്രമേ പിഎഫ്, ഇഎസ്‌ഐ പോലുള്ള ആനുകൂല്യങ്ങളുള്ളൂ. ക്ഷേമനിധി പോലുള്ള മറ്റ് ആനുകൂല്യങ്ങളുമില്ല. ഈ മേഖലയില്‍ അധ്യാപക സംഘടനയും ശക്തമല്ല.മുപ്പതു വര്‍ഷത്തിലധികമായി ജോലിചെയ്യുന്ന ഒട്ടേറെ അധ്യാപകരുണ്ട്.സര്‍വീസില്‍ നിന്നും പെന്‍ഷന്‍ ആയി ജോലി ചെയ്യുന്നവരും ഉണ്ട്. ഇവരുടെ ജീവിതമാര്‍ഗം ഇതുമാത്രമാണ്.
സുമേഷ്, പ്രിന്‍സിപ്പല്‍, ഭരത് കോളേജ് ചാത്തന്നൂര്‍
പറയാനാകാത്ത വിധം പ്രതിസന്ധി
2020 ഫെബ്രുവരി മാസത്തെ ശമ്പളം കിട്ടുമ്പോഴേക്കും സ്‌കൂള്‍, കോളേജ് എല്ലാം പൂട്ടി. പിന്നാലെ ലോക്ഡൗണ്‍. ജോലിയില്ലാതെ നീണ്ട ഒന്നര വര്‍ഷമായി. എല്ലാ അടിസ്ഥാനവിഭാഗങ്ങള്‍ക്കും സഹായധനവും ആശ്വാസവും കിട്ടി. എന്നിട്ടും ട്യൂഷന്‍മേഖല നേരിടുന്ന ദുരിതങ്ങളിലേക്ക് സര്‍ക്കാരിന്റെ കണ്ണെത്തിയിട്ടില്ല. പാരലല്‍ കോളേജ് ഉടമകളും അധ്യാപകരും നേരിടുന്നത് പറഞ്ഞറിയിക്കാന്‍ ആകാത്ത വിധത്തിലുള്ള പ്രതിസന്ധിയാണ്.
അഭിലാഷ്, അധ്യാപകന്‍, യൂണിവേഴ്‌സ് ട്യൂഷന്‍ സെന്റര്‍, ചാത്തന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക