കൊല്ലം: അഷ്ടമുടിക്കായലിലെ മാലിന്യ നിക്ഷേപത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം വി.കെ. ബീനാകുമാരി പരിശോധനയ്ക്കെത്തുന്നതിന് തൊട്ട് മുന്‍പ് തട്ടിക്കൂട്ട് ശുചീകരണ പരിപാടികള്‍ നടത്തി ഉള്‍നാടന്‍ ജലഗതാഗത വകുപ്പും ഡിടിപിസിയും.
കമ്മീഷനംഗം ബീനാകുമാരി ഇന്നലെ രാവിലെ 11ന് പരിശോധയ്ക്കെത്തുമെന്ന് അറിയിച്ചത്തോടെയാണ് രാവിലെ 9 മുതല്‍ താല്‍ക്കാലിക ശുചീകരണ തൊഴിലാളികളെയും ചെറുവള്ളക്കാരെയും ഉള്‍പ്പെടുത്തി ഉദ്യോഗസ്ഥര്‍ ശുചീകരണ പരിപാടികള്‍ നടത്തിയത്. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കായല്‍ ശുചീകരണത്തിനായി കോര്പ്പറേഷന് അധികൃതര്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. കായലിന്റെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ ആസൂത്രണം ചെയ്യും. പരാതിയില്‍ പരിശോധന ഉണ്ടെന്നറിഞ്ഞ ഡിടിപിസി അധികൃതര്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.
ആശുപത്രി മാലിന്യങ്ങള്‍ക്ക് പുറമെ, കക്കൂസ്, പ്ലാസ്റ്റിക്ക് മാലിന്യങ്ങളും തള്ളുന്നതായി പരാതിയുണ്ട്. മാലിന്യം വര്‍ധിക്കുന്നതും വെള്ളത്തിലെ ഓക്സിജന്‍ അളവ് കുറയുന്നതും മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണമാകുന്നു. അഷ്ടമുടിക്കായലില്‍ ആശുപത്രി മാലിന്യം ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നത് പതിവായിട്ടും നടപടി എടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: