കോഴിക്കോട്: റെയില്‍വേ പാളത്തില്‍ സ്ഫോടക വസ്തു കണ്ടെത്തി. കോഴിക്കോട് കല്ലായിലെ ഗുഡ്‌സ് ഗോഡൗണിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് ഐസ്‌ക്രീം ബോളിന്റെ രൂപത്തിലുള്ള സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടുമണിയോടെ പാളം പരിശോധിക്കാന്‍ എത്തിയ ജീവനക്കാരാണ് ഇത് കണ്ടെത്തിയത്. ഉടന്‍ റെയില്‍വേ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കള്‍ സമീപത്തുള്ള വീട്ടുകാര്‍ ഉപേക്ഷിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. വിവാഹ ആഘോഷത്തിനു ശേഷം അവശേഷിച്ച പടക്കങ്ങളും മറ്റുമാണ് പാളത്തില്‍ ഉപേക്ഷിച്ചത്. സംഭവത്തില്‍ വീട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു റെയില്‍വേ പാളത്തിനു തൊട്ടു സമീപമുള്ള വീട്ടില്‍ വിവാഹ ആഘോഷം നടന്നത്. ഇവിടെ പൊട്ടിച്ച പടക്കങ്ങളുടെ അവശിഷ്ടങ്ങളും പൊട്ടത്ത പടക്കങ്ങളും മറ്റുമാണ് പാളത്തിനു സമീപം തള്ളിയത്. വീട്ടില്‍ നടത്തിയ പരിശോധനയിലും പടക്കത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വീടിന്റെ ടെറസില്‍ നിന്ന് പടക്കത്തിന്റെ കവറുകളും ലഭിച്ചു.
അട്ടിമറി സാധ്യത സംശയിക്കുന്നില്ലെന്നും നിരുത്തരവാദപരമായി പടക്കങ്ങള്‍ റെയില്‍വേ പാളത്തില്‍ തള്ളിയതില്‍ വീട്ടുകാര്‍ക്കെതിരെ കേസെടുക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: