പള്ളുരുത്തി: പടിഞ്ഞാറന്‍ കൊച്ചിയുടെ വിവിധ മേഖലകളില്‍ പൈപ്പിലൂടെ ലഭിക്കുന്നത് ദുര്‍ഗന്ധം വമിക്കുന്ന കുടിവെള്ളം. കഴിഞ്ഞ ഏതാനും മാസങ്ങളായി മാറ്റമില്ലാതെ തുടരുന്ന ഈ അവസ്ഥ നിവര്‍ത്തിയില്ലാതെ സഹിക്കുകയാണ് ഇവിടുത്തുകാര്‍. ഓടയിലൂടെയും, അഴുക്കുചാലുകളിലൂടെയുമാണ് ഇവിടുത്തെ കുടിവെള്ളപൈപ്പുകള്‍ കടന്ന് പോകുന്നത്. പൈപ്പിലെ ചെറിയ തകരാര്‍ പോലും വന്‍തോതില്‍ മലിനജലം കുടിവെള്ളത്തില്‍ കലരാന്‍ ഇടയാക്കും.
ജല അതോറിറ്റിയില്‍ അറിയിച്ചാല്‍ പ്രത്യക്ഷത്തില്‍ കാണുന്ന ലീക്ക് തീര്‍ത്ത് പോയാലും മലിനജലം കുടിവെള്ളത്തില്‍ കലരുന്നത് തുടരുകയാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികളും, വാസസ്ഥലങ്ങളുമാണ് ഇവിടുള്ളത്. തങ്ങള്‍ ദാഹം തീര്‍ക്കാന്‍ ഉപയോഗിക്കുന്നത് മലിന ജലം തന്നെയാണെന്ന് അവര്‍ക്കറിയാം. പക്ഷെ പരാതി ആരോട് പറയാന്‍.
പള്ളുരുത്തിയുടെ തെക്കന്‍ മേഖലകളായ പെരുമ്പടപ്പ്, കോണം, ഇടക്കൊച്ചി മേഖലകള്‍ കലവര്‍ഷത്തിലും കടുത്ത കുടിനീര്‍ ക്ഷാമം നേരിടുകയാണ്. പള്ളുരുത്തി ജനറം ടാങ്കില്‍ ശേഖരിക്കുന്ന വെള്ളമാണ് പള്ളുരുത്തിക്കാര്‍ക്കായി വിതരണം ചെയ്യുന്നത്. 8 എംഎല്‍ടിയെങ്കിലും വെള്ളം ഇവിടെ ദൈനം ദിനം എത്തിയാലും പള്ളുരുത്തിക്കാര്‍ക്ക് ഒന്നും തികയാത്ത നിലയിലാണ് കാര്യങ്ങള്‍.
എന്നാല്‍ ഇവിടെ 5 എംഎല്‍ടിയിലും താഴെവെള്ളമാണ് പെരിയാറില്‍ നിന്ന് ഇവിടേക്ക് എത്തുന്നത്. പള്ളുരുത്തിയുടെ വിവിധ പ്രദേശങ്ങളില്‍ ഉപയോഗത്തിനായി ശേഖരിക്കുന്ന വെള്ളം തെക്കന്‍ മേഖലകളായ ഇടക്കൊച്ചി, പെരുമ്പടപ്പ്, കോണം ഭാഗങ്ങളില്‍ ഒട്ടും തികയാത്ത തരത്തിലാണ് കാര്യങ്ങള്‍.
കുടി വെള്ളത്തില്‍ മാലിന്യം കലരുന്നത് മോട്ടോര്‍ ഉപയോഗിക്കുന്നത് മൂലം
മോട്ടോര്‍ ഉപയോഗിച്ച് കുടിവെള്ളം ശേഖരിക്കുന്നതു മൂലമാണ് കുടിവെള്ളത്തില്‍ മാലിന്യം കലരാന്‍ കാരണമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ വെള്ളം ലഭിക്കുന്നിടത്ത് പോലും നാട്ടുകാര്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം ശേഖരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കരുവേലിപ്പടി ജല അതോറിറ്റി അസി. എഞ്ചിനീയര്‍ സോജന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ജലചൂഷണം നടത്തുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: