സീതയിലൂടെ അപഹരിയ്ക്കപ്പെട്ട ധര്‍മ്മത്തെ വീണ്ടെടുക്കുന്നതിനാണ് ശ്രീരാമചന്ദ്രന് ആയുധം എടുത്തത്. ദ്രൗപദിയിലൂടെ അപമാനിക്കപ്പെട്ട ധര്‍മ്മത്തെ രക്ഷിക്കുവാനാണ് ആയുധമെടുക്കാതെയാണെങ്കിലും ശ്രീകൃഷ്ണന് കുരുക്ഷേത്രത്തിലേക്കിറങ്ങിയത്. രാമപക്ഷത്തെ എതിര്‍ത്ത രാവണനോ കൃഷ്ണപക്ഷത്തെ ചെറുത്ത ദുര്യോധനനോ തല പോകുമെന്ന ഘട്ടമെത്തിയിട്ടും ശൂര്‍പ്പണഖയെയോ ദുശ്ശളയെയോ അവസാന പോരാട്ടത്തിന് ഇറക്കി നോക്കാമെന്ന് കരുതിയില്ല. പക്ഷേ കലിയുഗത്തിലെ കൗരവപ്പട കാലക്കേടില്‍ കാലിടറുമ്പോള്‍ കച്ചിത്തുരുമ്പില്‍ കടിച്ചു കയറാനും ശ്രമിച്ചു നോക്കിയേക്കാം. രാഹുലും പ്രിയങ്കയും സോണിയയും പിടിച്ചാല്‍ കിട്ടുന്നതിനപ്പുറമാണ് ദേശീയതയിലടിയുറച്ച ഭാരതത്തിന്റെ വര്‍ത്തമാനകാല രാഷ്ട്രീയം എന്നത് തിരിച്ചറിഞ്ഞുകഴിഞ്ഞ കൂട്ടായ്മ മമതയെ ഇറക്കി 2024ലെ പോരാട്ടത്തിന് പുതിയ വഴികള്‍ തേടുന്ന ഗതികേടിലാാണ്.
സ്വതന്ത്രഭാരതം പിടിച്ചടക്കിയത് കൗരവപ്പടയാണെന്നാണ് ഡോ ശശിതരൂര്‍ തന്റെ ‘ദി ഗ്രേറ്റ് ഇന്‍ഡ്യന്‍ നോവലില്‍’ എഴുതിവെച്ചിട്ടുള്ളത്. ‘മഹാഭാരത’ ഇതിഹാസത്തിന്റെ പശ്ചാത്തലത്തിലാണ് ആ ആഖ്യായികയുടെ രചന നടത്തിയത്. എന്നാല്‍ അരക്കില്ലമെന്ന അടിയന്തരാവസ്ഥ അതിജീവിച്ച് ആ വിജയത്തിന്റെ തുടര്‍ച്ചയായി പിന്നീട് ധാര്മ്മികദേശീയതയുടെ മുന്നണി പോരാളിയായി നരേന്ദ്രമോദിയും മാറിയിരിക്കുന്നു. 2014 മുതല്‍ മോദി സര്‍ക്കാര്‍ എടുത്ത ഓരോ നടപടികളിലും നടത്തിയ ഓരോ ഇടപെടലുകളിലും ഭാരതം അത്മനിര്ഭരമാകണമെന്ന ലക്ഷ്യത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത പ്രകടമായിരുന്നു. അഞ്ച് ട്രില്ല്യന്‍ യു എസ്സ് ഡോളര്‍ സാമ്പത്തിക ശക്തിയായി വളരണം, എല്ലാവരോടുമൊപ്പം എല്ലാവര്ക്കും വികസനം ഉറപ്പാക്കി എല്ലാവിശ്വാസങ്ങളേയും വളരാന്‍ അനുവദിക്കുന്ന നയമായിരുന്നു അത്.
പാചകവാതകത്തിന്റെയും വൈദ്യുതിയുടെയും ലഭ്യത ദരിദ്രനാരായണനും ഉറപ്പു വരുത്തി. പൊതുവഴികളും ഡിജിറ്റല്‍ സൗകര്യവര്‍ധനയും ഉള്‍പ്പടെ അടിസ്ഥാന സൗകര്യവളര്‍ച്ച അതിവേഗമാക്കുവാന്‍ ശാസ്ത്രവും സാങ്കേതിക വിദ്യയും ഫലപ്രദമായി പ്രയോജനപ്പെടുത്തി. ‘സ്വച്ഛഭാരതവും’ ഭദ്ര ഭാരതവും സുരക്ഷിത ജീവിതവും സാദ്ധ്യമാണെന്ന ബോദ്ധ്യം ജനാധിപത്യഭാരതത്തില്‍ അനുഭവമായി. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ഡിമോണിട്ടേസേഷനുള്‍പ്പടെയുള്ള നടപടികളുടെ പ്രഭാവം സമൂഹം തിരിച്ചറിഞ്ഞു. ജിഎസ്ടി ഉള്‍പ്പടെ വിപ്ലവകരമായ മാറ്റങ്ങള്‍ വ്യവസായരംഗത്തുണ്ടായി.
അതിനിടയിലാണ് കമ്യൂണിസ്റ്റ് ചൈന കോവിഡ്-19 എന്ന ജൈവായുധം പ്രയോഗിച്ച് സാമ്രാജ്യത്വ ലക്ഷ്യവുമായി മാനവരാശിയെ കടന്നാക്രമിച്ചത്. ചൈനയുടെ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ അമേരിക്കയോടും തയ്വാനോടുമൊപ്പം ഭാരതവുമായിരുന്നു. പൗരത്വ ഭേദഗതി നിയമവും കാര്‍ഷിക നിയമങ്ങളും വഴി ആന്തരിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം ഉണ്ടായി.
പാല്‍ഘറില്‍ (മഹാരാഷ്ട്ര) രണ്ടു ഹിന്ദു സന്യാസിമാരെയും ഡ്രൈവറെയും ആള്‍ക്കൂട്ട കൊലപാതകത്തിന് വിധേയരാക്കിയതുള്‍പ്പടെ പ്രകോപനങ്ങള്‍ സൃഷ്ടിച്ച് അന്തര്‍ സംഘര്‍ഷങ്ങളുടെ വെടിമരുന്നു ശാലയ്ക്ക് തീ കൊളുത്തുവാനും അവര്‍ പരിശ്രമിച്ചു. ആ കാലത്ത് ലഡാക്കില്‍ കടന്നാക്രമിക്കാനും ചൈന തയ്യാറായി. രാഹുലും പ്രതിപക്ഷവും കൊറോണയും ചൈനയും ഉയര്‍ത്തിയ ഭീഷണികളുടെ ഇടയിലും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. പക്ഷേ, അകത്തും പുറത്തുമുള്ള ശത്രുക്കള്‍ ഉയര്‍ത്തിയ ഓരോ പ്രതിസന്ധിയെയും വിജയകരമായി നേരിട്ട് ഭാരതം മുന്നേറി. നേരും നെറിയുമില്ലാത്ത പ്രതിപക്ഷ മുന്നണിക്ക് പക്ഷേ പോരാട്ടശേഷിയുള്ള നേതൃത്വമില്ല. പുതിയ ഒരു നേതാവിനെ തേടി മമതയിലേക്കെത്തിയ ദയനീയതയുടെ പശ്ചാത്തലമതാണ്.
ബംഗാള്‍ നിയമസഭയില്‍ 2016ലെ മൂന്നില്‍ നിന്ന് 2021ല്‍ 74ലേക്ക് ഭാരതീയ ജനതാ പാര്‍ട്ടി മുന്നേറിയിരുന്നു. എല്ലാ സീമകളെയും അതിലംഘിച്ച് ഭരണകൂട പിന്തുണയോടെ ഹിന്ദുക്കള്‍ക്കെതിരെ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നു. ഇതിനുള്ള ഭരണകൂട പിന്തുണനല്‍കിയതാണ് മമതയെ രാഷ്ട്ര വിരുദ്ധ ശക്തികള്‍ക്ക് പ്രിയങ്കരിയാക്കിയത്.
രാഹുലിന്റെ കഴിവുകേടിന് പകരം മമതയുടെ കാടത്തമാണ് പ്രതിപക്ഷ നേതൃസ്ഥാനത്തിന് കൂടുതല്‍ കേമമെന്ന് പറയണമെന്നുള്ളവര്‍ പറയട്ടെ. പക്ഷേ ഭാരതത്തിന്റെ പ്രധാനമന്തി പദത്തിലേക്ക്, അതും മോദിക്ക് പകരക്കാരിയായി, മമതയെ ഉയര്‍ത്തിക്കാട്ടിയാല്‍ ഭാരതീയ ജനാധിപത്യം മുഖം തിരിച്ചു നില്ക്കും. മമതയുടെ ഹിന്ദുവിരുദ്ധ കാടത്തം ഭാരതമാകെ തുറന്നു കാട്ടിയാല്‍ മാത്രം മതി 2014ലും 2019ലും കാട്ടിയ വിവേകം 2024ലും ഭാരതം കൂടുതല്‍ വ്യക്തതയോടെ ആവര്‍ത്തിക്കും. ന്യൂനപക്ഷ വര്‍ഗീയശക്തികള്‍ എന്നും ദേശീയതയുടെ പക്ഷത്തിനെതിരെ വോട്ടു ചെയ്തവരാണ്. അവരുടെ ശക്തിക്ക് ഇനി വളരാനുള്ള ഇടമെത്രയുണ്ട് ഭാരതത്തില്‍. ദുര്‍ഗാ പൂജയ്ക്കും രാമനാമജപത്തിനും പോലും തടസ്സം നില്‍ക്കുന്നതിലൂടെ ആരംഭിച്ച് ഹിന്ദുക്കളെ കൊന്നു തള്ളുന്നതിലും ബലാത്സംഗം ചെയ്യുന്നതിലും വരെ എത്തിച്ചേര്‍ന്നു കഴിഞ്ഞ കാടത്തത്തിന്റെ രാഷ്ട്രീയ മുഖമാണ് മമതാ ബാനര്‍ജിയെന്ന് ഭാരതമാകെ തെളിവുകള്‍ സഹിതം സ്ഥാപിച്ചു കഴിഞ്ഞാലും നരേന്ദ്രമോദിയെ എതിര്‍ത്തുകൊണ്ട് അവര്‍ കളത്തിലുണ്ടാകുമെന്ന് കരുതുന്നവരുടെ രാഷ്ട്രീയ സാക്ഷരത അപാരം തന്നെ.
ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മ ഉയര്‍ത്തി ദേശീയ രാഷ്ട്രീയത്തിന്റെ വളര്‍ച്ച തടസ്സപ്പെടുത്തുവാന്‍ കുടില തന്ത്രങ്ങള്‍ പ്രയോഗിക്കുന്നവരുടെ ചരിത്രം കൂടി ഓര്‍ക്കേണ്ടതുണ്ട്. മുസ്ലീം ലീഗ് ഭാരതം രണ്ടായി വിഭജിക്കാന്‍ ആവശ്യം ഉയര്‍ത്തിയപ്പോള്‍ പലതായി മുറിക്കുവാന്‍ ന്യായം നിരത്തിയ ഇഎംഎസ്സ് ഉള്‍പ്പടെയുള്ള കമ്യൂണിസ്റ്റുകാരുടെ ലക്ഷ്യം, സോവിയറ്റ് സഹായത്തോടെ, ഭിന്നിച്ചു നില്ക്കുന്ന ഓരോ പ്രാദേശിക ഘടകങ്ങളിലൂടെ, ഭാരതം പിടിച്ചടക്കുകയായിരുന്നു.
കേന്ദ്ര -സംസ്ഥാന സഹകരണത്തിലൂടെ (കോഓപ്പറേറ്റീവ് ഫെഡറലിസം) വളരുന്ന ദേശീയ ഐക്യത്തിന്റെ സാദ്ധ്യതകള്‍ക്കാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. നെഹ്രുവിനെയോ ഇന്ദിരയെയോ രാജീവിനെയോ നരസിംഹറാവുവിനെയോ പോലെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നതിന് മോദി അധികാരത്തില്‍ കയറി ഏഴുവര്‍ഷങ്ങളായിട്ടും ഒരിക്കല്‍ പോലും ഒരുമ്പെട്ടിട്ടില്ല.
കേന്ദ്ര-സംസ്ഥാന സഹകരണത്തിലൂടെ പ്രാദേശിക വികസനവും ദേശീയ ഐക്യവും സാധ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം. അത്തരം സകാരാത്മക സമീപനത്തിലൂടെ ദേശീയ നേതൃത്വത്തെ മോദി നയിക്കുമ്പോള്‍ മോദി വിരോധം മാത്രം പൊതുവായുള്ളവര്‍ നകാരാത്മക കൂട്ടായ്മയുണ്ടാക്കി എതിര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ സംസ്ഥാന ഭരണങ്ങളില്‍ നിന്നുപോലും അവരെ പുറത്താക്കാന്‍ പൊതുസമൂഹം തയ്യാറാകും.
2014ല്‍ സോണിയാ കോണ്‍ഗ്രസ്സിനെതിരായ ഭരണവിരുദ്ധ വികാരവും മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതിന് ഒരു കാരണമാണ്.
എന്നാല്‍, 2019ലെ വിജയം മോദിയുടെ ഭരണമികവിനുള്ള ജനങ്ങളുടെ അംഗീകാരമായിരുന്നു. അയോദ്ധ്യാ വിഷയത്തിലും കശ്മീര്‍ വിഷയത്തിലും കൊറോണാ പ്രതിരോധത്തിലും ഇതുവരെ കാട്ടിയ നേതൃപാടവത്തോടെ ഇനിയുള്ള കാലത്ത് സാമ്പത്തിക ഉത്തേജനത്തിനും സമഗ്രവികസനത്തിനും ഊന്നല്‍ കൊടുത്തുള്ള തുടര്‍ നടപടികളുമായിക്കഴിയുമ്പോള്‍ 2024ലും ഭാരതീയ ജനതാ പാര്‍ട്ടിയും ദേശീയ ജനാധിപത്യ മുന്നണിയും ചരിത്രം ആവര്‍ത്തിക്കും.
അന്ന് മമതയാണ് പ്രതിപക്ഷ മുഖമെങ്കില്‍ ‘ദീദിക്ക്’ നല്ല ചില പ്രായോഗിക രാഷ്ട്രീയ അനുഭവങ്ങള്‍ ബാക്കിയാകുമെന്നു മാത്രം. കവുങ്ങേല്‍ കയറാന്‍ ഉപയോഗിക്കുന്ന തളപ്പുമായി തെങ്ങേല് കയറാന്‍ പോയാല്‍ തലയും കുത്തി വീഴുമെന്ന് തിരിച്ചറിയും. കൊലപാതകങ്ങളും കടന്നാക്രമണങ്ങളും കൊണ്ട് ബംഗാളില്‍ അരാജകത്വം വരുത്തിയ കമ്യൂണിസ്റ്റ് കാടത്തത്തിന് കടിഞ്ഞാണിടാന്‍ കൂട്ടു നിന്ന ജനം മഹാഭാരതത്തിന്റെ വികസന നായകന് നരേന്ദ്ര മോദിയുടെ വഴിമുടക്കുവാന്‍ ചെന്നാല്‍ മമതയെ പിടിച്ചു മാറ്റുമെന്ന നേരറിവും ബാക്കിയാകും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: