ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ മുതിര്‍ന്ന പ്രതിനിധിയുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കടുത്ത രോഷത്തോട പ്രതികരിച്ച് ചൈന. ടിബറ്റിന്റെ സ്വാതന്ത്ര്യത്തെ അനുകൂലിക്കില്ലെന്നും ടിബറ്റ് ചൈനയുടെ ഭാഗമെന്ന് അംഗീകകരിക്കുന്നതിനുമുള്ള വാഷിംഗ്ടണിന്റെ പ്രതിബദ്ധതയുടെ ലംഘനമാണെന്ന് ബീജിംഗ് ആരോപിച്ചു. ദലൈലാമയുടെ പ്രതിനിധിയായ എന്‍ഗൊഡൂപ് ഡോംഗ്ചംഗുമായി ബുധനാഴ്ചയായിരുന്നു ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തിയത്. ടിബറ്റിന്റെ ലക്ഷ്യത്തെ ബൈഡന് ഭരണകൂടം തുടര്‍ന്നും പിന്തുണയ്ക്കുമെന്ന് ചൈനയ്ക്ക് നല്കുന്ന വ്യക്തമായ സന്ദേശം കൂടിയായി ബ്ലിങ്കന്റെ ചര്‍ച്ച.
ടിബറ്റന്‍ നീക്കത്തിന് നല്കുന്ന തുടര്‍ച്ചയായ പിന്തുണയ്ക്ക് യോഗത്തില്‍ ഡോംഗ്ചംഗ് ബിങ്കന് നന്ദി അറിയിച്ചു. ദലൈലാമയുടെയും കേന്ദ്ര ടിബറ്റന്‍ ഭരണകൂടത്തിന്റെയും പ്രതിനിധിയായ എന്‍ഗൊഡൂപ് ഡോംഗ്ചംഗുമായി ന്യൂദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്താന്‍ ആന്റണി ബ്ലിങ്കന്‍ അസവരം കിട്ടിയെന്നയാരിന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രതികരണം. മറ്റൊരു പ്രതിനിധിയായ ഗെഷെ ഡോര്‍ജി ദാംദുളും ബ്ലിങ്കനുമായി കണ്ടു. ടിബറ്റന്‍ വിഷയങ്ങള്‍ പൂര്‍ണമായും ചൈനയുടെ ആഭ്യന്തരകാര്യമെന്നും വിദേശ ഇടപെടല്‍ അനുവദിക്കുന്നില്ലെന്നും ചൈനീസ് വിദേശകാര്യവക്താവ് സവോ ലിജിയാന്‍ പ്രതികരിച്ചു.
14-ാമത് ദലൈലാമ ഒരു ആത്മീയ വ്യക്തിത്വമല്ല. ചൈനയില്‍നിന്ന് ടിബറ്റിനെ അടര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ചൈനീസ് വിരുദ്ധ വിഘടന പ്രവര്‍ത്തനങ്ങളില്‍ വളരെക്കാലമായി ഏര്‍പ്പെടുന്ന രാഷ്ട്രീയ അഭയാര്‍ഥിയാണ്. ദലൈ സംഘവുമായുള്ള യുഎസിന്റെ ഏതെങ്കിലും ഔദ്യോഗിക കരാര്‍ ടിബറ്റിന്റെ സ്വാതന്ത്ര്യത്തെ അനുകൂലിക്കില്ലെന്നും ടിബറ്റ് ചൈനയുടെ ഭാഗമെന്ന് അംഗീകരിക്കുന്നതിനുമുള്ള യുഎസിന്റെ പ്രതിബദ്ധതയുടെ ലംഘനമാണ്.
ടിബറ്റന്‍ കാര്യങ്ങളുടെ മറവില്‍ ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് നിര്‍ത്താനുള്ള പ്രതിബദ്ധതയെ മാനിക്കാന്‍ തങ്ങള്‍ അമേരിക്കയോട് അഭ്യര്‍ഥിക്കുന്നു. ചൈനീസ് വിരുദ്ധ വിഘടന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ടിബറ്റന്‍ സ്വാതന്ത്ര്യവാദികള്‍ക്ക് സഹായം നല്‍കരുത്. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചൈന എല്ലാ നടപടികളും സ്വീകരിക്കുമെന്നും സവോ ലിജിയാന്‍ വ്യക്തമാക്കി. ദലൈലാമയെയോ പ്രതിനിധികളെയോ വിദേശ സംഘങ്ങള്‍ കാണുമ്പോള്‍ ചൈന ഇത്തരം പ്രതികരണം നടത്താറുണ്ട്. 1959-ല്‍ ടിബറ്റില്‍നിന്ന് പലായനം ചെയ്ത ശേഷം 14-ാമത് ദലൈലാമ ഇന്ത്യയിലാണ് തങ്ങുന്നത്. 2010 മുതല്‍ ദലൈലാമയോ, പ്രതിനിധികളോ ചൈനീസ് അധികൃതരെ കണ്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: