ന്യൂദല്‍ഹി: ഇന്ത്യയിലെ അമിതമായ ഇറക്കുമതി തീരുവയെ കുറിച്ച് ആശങ്കപ്പെട്ട അമേരിക്കന്‍ ഇ.വി ഭീമനായ ടെസ്‌ലയ്‌ക്ക് മറുപടി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ ടെസ്‌ലയുടെ ജിഗാ ഫാക്ടറി നിര്‍മിക്കുകയാണെങ്കില്‍ നികുതിയില്‍ കുറവുവരുത്താമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ, ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ കുറയ്‌ക്കണമെന്ന് ടെസ്ല ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ചൈനയിലുള്ള ടെസ്‌ല ജിഗാ ഫാക്ടറി ഇന്ത്യയിലേക്ക് മാറ്റുകയാണെങ്കില്‍ നികുതി കുറവ് ആലോചിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കിയ മറുപടി.
ടെസ്ലയ്‌ക്ക് നിലവില്‍ ലോകമെമ്പാടുമായി അഞ്ച് ജിഗാ ഫാക്ടറികളാണുള്ളത്. ഇന്ത്യയിലേക്ക് കാറുകള്‍ എത്തിക്കാന്‍ ഉദേശിക്കുന്നത് ചൈനയില്‍ സ്ഥാപിച്ചിരിക്കുന്ന ജിഗാ ഫാക്ടറിയില്‍ നിന്നാണ്. ഈ ഫാക്ടറി കര്‍ണാടകയില്‍ സ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശം. ഇതിനായി എത്ര സ്ഥലം വേണമെങ്കിലും ഏറ്റെടുത്ത് നല്‍കാന്‍ തയാറാണെന്നും മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ വ്യക്തമാക്കിയിരുന്നു. വര്‍ഷത്തില്‍ 4.5 ലക്ഷത്തിലധികം യൂനിറ്റ് ടെസ്ല കാറുകള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് ചൈന ഫാക്ടറിക്കുള്ളത്. നിലവില്‍ കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂനിറ്റ് (സിബിയു) ആയി വാഹനം എത്തിക്കാനാണ് ടെസ്‌ലയുടെ നീക്കം. മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ ഇ.വി കാറുകള്‍ എത്തിക്കാനും ടെസ്ല പദ്ധതിയിടുന്നത്.
ജിഗാ ഫാക്ടറിക്കായി കര്‍ണാടകയാണ് ടെസ്‌ലയുടെ പരിഗണനയിലുള്ള ആദ്യ സ്ഥലം. നിലവില്‍ ബംഗളൂരുവില്‍ ടെസ്‌ല ഗവേഷണ വികസന കേന്ദ്രം തുറക്കുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇലക്ട്രിക് കാര്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന്, ഇന്ത്യയില്‍ ബാറ്ററി നിര്‍മാണ ഫാക്ടറികള്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് 4.6 ബില്യണ്‍ ഡോളര്‍ അനുകൂല്യങ്ങള്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ, ടെസ്‌ല കാറുകള്‍ നിര്‍മ്മിക്കുന്ന ജിഗാ ഫാക്ടറി കര്‍ണാടകയില്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി ടെസ്‌ല ഉടമ ഇലോണ്‍ മസസ്‌കിന്റെ പ്രതിനിധികള്‍ ചര്‍ച്ച നടത്തും. ജിഗാ ഫാക്ടറില്‍ കര്‍ണാടകയില്‍ സ്ഥാപിക്കുകയാണെങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ ഫാക്ടറിയായിരിക്കും ഇത്. പ്രത്യക്ഷത്തിലും പരോക്ഷമായും ഒരു ലക്ഷത്തിലധികം തൊഴില്‍ അവസരങ്ങളാണ് ഫാക്ടറി നിര്‍മാണം പൂര്‍ത്തിയായാല്‍ കര്‍ണാടകയില്‍ ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: