ധന്‍ബാദ്: അപകടമെന്ന് കരുതിയ ജാര്‍ഖണ്ഡിലെ ധന്‍ബാദിലുള്ള ജഡ്ജിയുടെ മരണത്തില്‍ വഴിത്തിരിവ്. പ്രഭാത സവാരിക്കിടെ ടെംപോ ഡ്രൈവര്‍ മനഃപ്പൂര്‍വം ഇടിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന സിസിടി ദൃശ്യങ്ങള്‍ സംഭവസ്ഥലത്തുനിന്ന് ലഭിച്ചു. ധന്‍ബാദ് ജില്ലാ അഡീഷണല്‍ ജഡ്ജി ഉത്തം ആനന്ദിന്റെ കൊലപാതകത്തില്‍ ഗിരിദിഹ് പൊലീസ് ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഗിരിദിഹില്നിന്ന് ഇയാളുടെ രണ്ടു കൂട്ടാളികളെയും പൊലീസ് പിടികൂടി. ടെംപോ കസ്റ്റഡിയിലെടുത്തു. ജഡ്ജി വഴിയരികില്കൂടി പ്രഭാത സവാരി നടത്തുമ്പോള്‍ റോഡിന് മധ്യത്തിലൂടെ സഞ്ചരിച്ച ടെംപോ റോഡിന് വശത്തേക്ക് കൊണ്ടുവന്ന് ജഡ്ജിയെ ഇടിച്ചിടുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
ഈ സമയം റോഡില്‍ മറ്റ് വാഹനങ്ങളുണ്ടായിരുന്നില്ല. ഇടിച്ചശേഷം ജഡ്ജി ബോധരഹിതനായി വീഴുന്നതിനിടെ വേഗതകൂട്ടി വാഹനം കടന്നുകളയുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയായിരുന്നു സംഭവമെന്ന് സിസിടിവിയില്‍ വ്യക്തം. ജഡ്ജി റോഡ് അപകടത്തില്‍ മരിച്ചുവെന്നായിരുന്നു ബുധനാഴ്ചവരെയുളള നിഗമനം. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകമെന്ന് സൂചന ലഭിച്ചത്.
മോഷ്ടിച്ച ടെംപോയാണ് കൃത്യത്തിന് ഉപയോഗിച്ചതെന്നും പൊലീസ് കണ്ടെത്തി. ഉത്തം ആനന്ദിന്റെ മരണത്തില്‍ സ്വമേധയാ കേസ് എടുക്കണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ കേസ് സിബിഐക്ക് കൈമാറുമെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പൊലീസിന് മുന്നറിയിപ്പ് നല്കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഹൈക്കോടതി അധികൃതരുമായി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: