ജീവിതത്തിലെ അനിവാര്യ ദുഃഖങ്ങളിലൊന്നാണ് വേര്‍പാട്. ഏതെങ്കിലും തരത്തിലുള്ള വേര്‍പാടിന്റെ വേദനയനുഭവിക്കാത്തവരായി ആരുണ്ട്? ശ്രീരാമന് വനവാസത്തിനു പോകുകയാണെന്ന് അറിഞ്ഞപ്പോള്‍ അമ്മ കൗസല്യയും മറ്റു ബന്ധുക്കളും ദുഃഖിതരായി. ‘നിന്നെപ്പിരിഞ്ഞാല്‍ ക്ഷണാര്‍ധം പൊറുക്കുമോ’ എന്നാണ് വാത്സല്യനിധിയായ ആ അമ്മ മകനോട് ചോദിക്കുന്നത്. സമാനമായ സാഹചര്യത്തില്‍ ഏതമ്മയുടെയും ഉള്ളില്‍ നിന്ന് ഉയരാവുന്ന ചോദ്യം.
”രാത്രിയില്ക്കൂടെപ്പിരിഞ്ഞാല് പൊറാതോള-
മാസ്ഥയുണ്ടല്ലോ ഭവാനെപ്പിതാവിനും”
എന്ന് സീത ചോദിക്കുന്നു. ദശരഥന് രാത്രിയില്‍പ്പോലും ശ്രീരാമന് പിരിഞ്ഞിരിക്കുന്നത് ദുഃഖകരമാണ്. ധര്‍മപത്നിയായ സീതയാകട്ടെ, ശ്രീരാമനെ പിരിഞ്ഞിരിക്കുന്നതില്‍ ഭേദം മരണമാണെന്നു വിചാരിക്കുന്നു.
ശ്രീരാമന് തേരില്‍ കയറി വനത്തിലേയ്ക്കു യാത്രയാകുമ്പോള്‍ ‘നില്ക്ക, നില്ക്ക’ എന്നു പറഞ്ഞ് മോഹിച്ച് ഭൂമിയില്‍ വീഴുന്ന ദശരഥന്റെ സ്ഥിതി ഹൃദയോന്മാഥിയാണ്.
ഇത്തരത്തിലുള്ള വേര്‍പാടുകളും ഐഹികജീവിതത്തിന്റെ ഭാഗമാണ്. ശകുന്തള ഭര്ത്തൃസന്നിധിയിലേക്ക് യാത്രയാകുമ്പോള്‍ വളര്‍ത്തച്ഛനായ കണ്വമഹര്ഷിപോലും വേര്‍പാടിന്റെ വേദനയാല്‍ തരളചിത്തനായി.
”കാട്ടില്പ്പാര്ക്കുമെനിക്കുമിത്ര കഠിനം
സ്നേഹോദിതം കുണ്ഠിതം
നാട്ടില്‍പ്പെട്ട ഗൃഹസ്ഥനെത്രയുളവാം
പുത്രീവിയോഗവ്യഥ!”
കാട്ടില്‍ കഴിയുന്ന എനിക്ക് സ്നേഹജന്യമായ കുണ്ഠിതം ഇത്ര കഠിനമാണെങ്കില്‍ നാട്ടിലെ ഗൃഹസ്ഥന് പുത്രീവിയോഗദുഃഖം എത്രയായിരിക്കും എന്നദ്ദേഹം ചിന്തിച്ചു പോകുന്നു.
പെണ്മക്കള് വിവാഹിതരായി സ്വന്തം വീടുവിടുമ്പോള്‍, ജോലിക്കായി മക്കള്‍ ദൂരദിക്കുകളിലേക്കു പോകുമ്പോള്‍, കുടുംബാംഗങ്ങളില്‍ പലര്‍ക്കും മാറിത്താമസിക്കേണ്ടി വരുമ്പോള്‍ നമുക്ക് ദുഃഖമുണ്ടാകുന്നു. ജോലിയിലെ സ്ഥലം മാറ്റം പോലും പലര്‍ക്കും ദുഃഖഹേതുവാണ്.
ഇത്തരം ദുഃഖങ്ങളെ യാഥാര്‍ഥ്യബോധത്തോടെ മറികടക്കുകയേ വഴിയുള്ളൂവെന്ന് രാമായണം പഠിപ്പിക്കുന്നു. ശ്രീരാമന് അമ്മയോടു പറയുന്നു:
”സര്‍വ്വ ലോകങ്ങളിലും വസിച്ചീടുന്ന
സര്‍വ്വ ജനങ്ങളും തങ്ങളില്‍ത്തങ്ങളില്‍
സര്‍വ്വദാ കൂടി വാഴ്കെന്നുള്ളതിലല്ലോ”
ഈ ജീവിതസത്യം ഉള്‍ക്കൊള്ളുമ്പോള്‍ നമുക്ക് ആശ്വാസം ലഭിക്കും. വേര്‍പാടിന്റെ വ്യഥയനുഭവിക്കാനുള്ള കരുത്തുകിട്ടും. കുടുംബാംഗങ്ങള്‍ക്കെല്ലാം എല്ലായ്പ്പോഴും ഒന്നിച്ച് ഒരിടത്തു തന്നെ താമസിക്കാനായെന്നു വരില്ല. ഇങ്ങനെ മാറിത്താമസിക്കേണ്ടി വരുന്നതു കൊണ്ടുണ്ടാകുന്ന വിഷമതകള്‍ കുറയ്ക്കാന്‍ ഒട്ടേറെ സംവിധാനങ്ങള്‍ ഇക്കാലത്തുണ്ട്. അവ പ്രയോജനപ്പെടുത്തിയും മനസ്സു പാകപ്പെടുത്തിയും നമുക്ക് സ്വസ്ഥമായി ജീവിതയാത്ര തുടരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: