അമൃത്സര്‍: ഹിന്ദുവായ ആണ്‍കുട്ടിയെ സമ്മര്‍ദം ചെലുത്തി ഹിന്ദു ആരാധന മൂര്ത്തികള്ക്കെതിരെ മോശം പദപ്രയോഗങ്ങള്‍ പറയിപ്പിക്കാൻ ശ്രമിച്ച മുസ്ലിമായ മധ്യവയസ്കനെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ പൊലീസ് പിടികൂടി. കഴിഞ്ഞദിവസം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കിയ പെണ്‍കുട്ടിയെ മോചിപ്പിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ പുതിയ നടപടി. ഹിന്ദു ദേവന്മാരെയും ദേവതകളെയും അധിക്ഷേപിച്ച് സംസാരിക്കാന്‍ ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്ന പ്രതി അബ്ദുള്‍ സലാമിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ആണ്‍കുട്ടി ഭയത്തോടെ കൈകള്‍ കൂപ്പി നില്ക്കുന്നതും കാണാം. അല്ലാഹു അക്ബറെന്ന് വിളിക്കാനും കുട്ടിയെ പ്രതി നിര്‍ബന്ധിച്ചു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും അടുത്തദിവസം വൈറലായെന്നും നാഷണല്‍ അസംബ്ലിയിലെ പാക്കിസ്ഥാന് തെഹ്രീക്-ഇ-ഇന്‍സാഫ്(പിടിഐ) അംഗം ലാല്‍ ചന്ദ് മാല്‍ഹി പറഞ്ഞു. തുടര്‍ന്ന് സിന്ധ് പ്രവിശ്യയിലെ താര്‍പാര്‍കര്‍ ജില്ലയിലെ ഹിന്ദു, മുസ്ലിം പ്രതിനിധികള്‍ ഹിന്ദു ആരാധനമൂര്‍ത്തികളെ അപമാനിച്ച വ്യക്തിയെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
1.6 ദശലക്ഷത്തോളം ജനങ്ങളുള്ള ജില്ലയാണ് താര്‍പാര്‍കര്‍. ഹിന്ദു, മുസ്ലിം വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം ജില്ലയില്‍ ഏകദേശം തുല്യമാണെന്നും മല്‍ഹി ചൂണ്ടിക്കാട്ടി. പ്രാഥമിക അന്വേഷണത്തില്‍ സിന്ധ് പ്രവിശ്യയില്‍നിന്നുള്ള ആളാണ് സലാമെന്ന് മനസിലായി. താര് കല്‍ക്കരി ബ്ലോക്കിലെ ഖനന കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പൊലീസ് അന്വേഷിക്കുന്നുവെന്ന് മനസിലാക്കിയ ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും മൊബൈല്‍ വിവരങ്ങള്‍ പിന്തുടര്ന്ന് ബാദിന് ജില്ലയ്ക്ക് സമീപത്തുവച്ചു പിടികൂടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തേയും ഇയാള്‍ ഇത്തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന് ശിക്ഷാ നിയമം 295 എ, 298 എന്നീ വകുപ്പുകള്‍ പ്രകാരം മിതി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും മാല്‍ഹി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: