ന്യൂദല്‍ഹി: യുഎസ് ആഭ്യന്തരസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപ്രധാനമായ മേഖലകളില്‍ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി.
‘ആന്റണി ബ്ലിങ്കനെ കാണാന്‍ സാധിച്ചതില്‍ സന്തോഷം. ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്താന്‍ പ്രസിഡന്റ് ബൈഡനുള്ള ശക്തമായ പ്രതിബദ്ധതയെ സ്വാഗതം ചെയ്യുന്നു. അതാണ് നമ്മുടെ ജനാധിപത്യമൂല്യങ്ങളെ താങ്ങിനിര്‍ത്തുന്നത്. ഇത് ആഗോള നന്മയ്ക്കുള്ള ശക്തിയാണ്,’ പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.
ക്വാഡ്, കോവിഡ് 19, കാലാവസ്ഥാവ്യതിയാനം എന്നീ വിഷയങ്ങളിലെ യുഎസ് ഇടപെടലുകളെ മോദി അഭിനന്ദിച്ചു. ഒപ്പം യുഎസ് പ്രസിഡന്റ് ബൈഡന്, വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവര്‍ക്കുള്ള ശുഭാശംസകളും മോദി ബ്ലിങ്കനെ അറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദേശം യുഎസ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും അറിയിച്ചതായി പിന്നീട് യുഎസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഉഭയകക്ഷി, ബഹുമുഖ വിഷയങ്ങളില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള വര്‍ധിച്ചുവരുന്ന ധാരണകളെ ബ്ലിങ്കന്‍ പ്രശംസിച്ചു. ഈ ധാരണകളെ സമൂര്‍ത്തവും പ്രായോഗികവുമായ സഹകരണമാക്കി മാറ്റുന്നതില്‍ ഇരുരാജ്യങ്ങള്‍ക്കുമുള്ള പ്രതിബദ്ധതയെയും അദ്ദേഹം പുകഴ്ത്തി.
നേരത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ എന്നിവരുമായും ആന്റണി ബ്ലിങ്കന്‍ ചര്‍ച്ച നടത്തി. ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയായിരുന്നു ഇവിടെയും പ്രധാന ചര്‍ച്ചാ വിഷയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: