ന്യൂദല്‍ഹി: ഇന്ത്യയിലെ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 186 കോടി രൂപയുടെ ധനസഹായ വാഗ്ദാനവുമായി യുഎസ്. യുഎസ് ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശനത്തിലാണ് ഈ ധാരണയുണ്ടായത്.
“ഇതിനകം യുഎസ് 1490 കോടി രൂപയുടെ സഹായം കോവിഡ് 19നെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയ്ക്ക് അനുവദിച്ചിരുന്നു. ഇതിന് പുറമെ 186 കോടി രൂപ കൂടി അനുവദിക്കുകയാണ്. വാക്സിന് വിതരണ പ്രവര്‍ത്തങ്ങളെ സഹായിക്കാനാണ് ഈ തുക,” ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ ആന്റണി ബ്ലിങ്കന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ചേര്‍ന്നുള്ള സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കോവിഡ് മഹാമാരിയുടെ ആദ്യനാളുകളില്‍ ഇന്ത്യ നല്കിയ സഹായങ്ങളെ നന്ദിയോടെ സ്മരിക്കുന്നതായും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്കി.
അഫ്ഗാന് ജനതയുടെ നേട്ടത്തിനായി ഇന്ത്യയും യുഎസും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: