ഇസ്ലാമബാദ്: മാനഭംഗവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ പിന്നാക്കം പോയി പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. അത്തരമൊരു വിഡ്ഢിത്തം ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് അവരാണ് ഉത്തരവാദിയെന്ന പ്രസ്താവനയാണ് ഇമ്രാന് തിരുത്തിയത്. ‘ബലാത്സംഗം ചെയ്യുന്ന ആര്‍ക്കും, ആ വ്യക്തിക്ക് മാത്രമായിരിക്കും ഉത്തരവാദിത്തം. അതുകൊണ്ട് വ്യക്തതയുണ്ടാകണം. സ്ത്രീ എങ്ങനെ പ്രകോപനം സൃഷ്ടിക്കുന്നുവെന്നതിലോ, അവരുടെ വസ്ത്രധാരണത്തിലോ കാര്യമില്ല, ബലാത്സംഗം നടത്തുന്നയാളാണ് പൂര്‍ണ ഉത്തരവാദി. ഒരിക്കലും ഇര ഉത്തരവാദിയല്ല.’-പിബിഎസ് ന്യൂസ് അവറുമായുള്ള അഭിമുഖത്തില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി വ്യക്താക്കി.
ലൈംഗികാതിക്രമത്തെക്കുറിച്ച് കഴിഞ്ഞമാസം ഇമ്രാന് നടത്തിയ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാൻ ‘സമൂഹത്തില്‍ പ്രകോപനം’ ഒഴിവാക്കുകയാണ് മാര്‍ഗമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സമാനവിവാദത്തിന് രണ്ടുമാസത്തിന് ശേഷമായിരുന്നു അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റിയതാണ് തന്റെ പ്രസ്താവനയെന്ന് യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനമായ പിബിഎസിനോട് ഇമ്രാന് ഖാന് വിശദീകരിച്ചു.
‘ലൈംഗിക കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ധനയുള്ള പാക്കിസ്ഥാന് സമൂഹത്തെപ്പറ്റി ലളിതമായി സംസാരിക്കുകയായിരുന്നു അവര്‍. നല്കിയ എല്ലാ അഭിമുഖങ്ങളെക്കുറിച്ചും എനിക്ക് അറിയാവുന്നതുകൊണ്ട് പറഞ്ഞേ മതിയാകൂ. മാനഭംഗത്തിനിരയായ വ്യക്തിയായിരിക്കും ഉത്തരവാദിയെന്ന വിഡ്ഢിത്തം ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ബലാത്സംഗം നടത്തുന്നയാളായാരിക്കും എപ്പോഴും ഉത്തരവാദി’- ഖാന് കൂട്ടിച്ചേര്‍ത്തു. ലൈംഗികാതിക്രമങ്ങള്‍ കൂടുന്നതിനിടെയാണ് പാക്കിസ്ഥാന് പ്രധാനമന്ത്രി തിരുത്തുമായി രംഗത്തുവന്നത്. രാജ്യത്ത് ഒരു ദിവസം 11 സ്ത്രീകള്‍ മാനഭംഗത്തിന് ഇരയാകുന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 22,000ന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: