മൈസൂര്‍: കോഴിയിറച്ചിക്ക് കിലോയ്ക്ക് 260 രൂപയെന്ന പൊള്ളുന്ന വില. എന്നാല്‍ ഇതിന് കാരണം കോഴികള്‍ക്ക് തീറ്റയായി കൊടുക്കുന്ന സോയബീന്‍ വില വര്‍ധനയെന്ന് കര്‍ണ്ണാടക പോള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍റ് ബ്രീഡേഴ്‌സ് അസോസിയേഷന്‍.
സോയയുടെ വില കിലോയ്‌ക്ക് 35 രൂപയില്‍ നിന്നും 80 രൂപയായതാണ് ചിക്കന്‍ വില ഉയരാന്‍ കാരണമെന്ന ന്യായീകരണമാണ് കോഴിവളര്‍ത്തുന്ന ബിസിനസുകാര്‍ അവകാശപ്പെടുന്നത്. അതുപോലെ ചോളത്തിന്റെ വിലയും 15 രൂപയില്‍ നിന്നും 25 ആയെന്നും അവര്‍ അവകാശപ്പെടുന്നു.
ഒരു കിലോ കോഴിയെ വളര്‍ത്താനുള്ള ചെലവ് 70 രൂപയില്‍ നിന്നും 120 രൂപയായെന്നും കര്‍ണ്ണാടക പോള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍റ് ബ്രീഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സുശാന്ത് റായി പറയുന്നു. തീരുവ ഒഴിവാക്കി 12 ലക്ഷം മെട്രിക്ക് ടണ്‍ സോയ്ബീന്‍ ഇറക്കുമതി ചെയ്താലേ വില പിടിച്ചുനിര്‍ത്താന്‍ കഴിയൂ എന്ന നിലപാടിലാണ് കോഴിക്കര്‍ഷകര്‍.
ചില ഇടനിലക്കാരായ വ്യാപാരികള്‍ സോയബീന്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ പൂഴ്‌ത്തിവെക്കുന്നതായും പറയുന്നു. ഇത് മൂലം വിപണിയില്‍ സോയബീന്‍ ക്ഷാമം നേരിടുന്നുണ്ട്. ഇതും വില ഉയരാന്‍ കാരണമാകുന്നു. കോവിഡ് കാലത്ത് മനുഷ്യന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന ചിക്കന്‍ വില പിടിച്ചുനിര്‍ത്തേണ്ടത് ആവശ്യമാണെന്നും കോഴിക്കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു.
കേരളത്തിലും കോഴിവില കുതിക്കുകയാണ്. കോഴിക്കോട് വിപണിയില്‍ ഇപ്പോള്‍ കിലോയ്‌ക്ക 230 രൂപയ്‌ക്കാണ് കോഴിവില്‍പ്പന. ഇതിന് പിന്നില്‍ തമിഴ്‌നാട് ലോബിയാണെന്ന് ആരോപണമുണ്ട്. കോഴിയിറച്ചിക്ക് പല വില ഈടാക്കുന്നതിനെതിരെ ലീഗല്‍ മെട്രോളജി വിഭാഗവും സിവില്‍ സപ്ലൈസും കോഴിക്കോട് പരിശോധനകള്‍ നടത്തിവരുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം 3000ഓളം കോഴിക്കച്ചവടക്കാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: