കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെ മരത്തില്‍ കെട്ടിയിട്ട് കഴുത്തറുത്ത് കൊന്ന് താലിബാന്. അഫ്ഗാനിസ്ഥാനിലെ ഏറെ ജനപ്രിയമായ ഹാസ്യതാരമായ ഖാഷ സ്വാന് എന്ന് വിളിക്കുന്ന നാസര്‍ മുഹമ്മദിന്റെ ദാരുണാന്ത്യ വാര്‍ത്തയറിഞ്ഞ് അഫ്ഗാനിലെ ജനങ്ങള്‍ മാത്രമാല്ല, ലോകമാകെ ഞെട്ടിത്തരിച്ചിരിക്കുകയാണ്. കാണ്ഡഹാര്‍ പ്രവിശ്യയിലാണ് ഈ സംഭവം നടന്നത്. നേരത്തെ അഫ്ഗാന് സര്‍ക്കാരിന്റെ പൊലീസില്‍ പ്രവര്‍ത്തിച്ചുവെന്നതാണ് ഇദ്ദേഹത്തെ താലിബാന്‍കാരുടെ ശത്രുവാക്കിയത്.
വീട്ടില്‍ നിന്നും തോക്കുധാരികളായ താലിബാന്‍കാര്‍ ഇദ്ദേഹത്തെ കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. താലിബാന്‍കാര്‍ ഇദ്ദേഹത്തിന്റെ മുഖത്തടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീട്ടില്‍ നിന്നും നടനെ തട്ടിക്കൊണ്ട് പോയശേഷം മരത്തില്‍ കെട്ടിയിട്ട് കഴുത്തറുത്ത് കൊന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
താലിബാന് വിരുദ്ധ പഷ്തൂണ്‍ തഹഫൂസ് പ്രസ്ഥാനത്തിലെ പ്രവര്‍ത്തകനായ ഇഹ്തെഷം അഫ്ഗാന് ഹാസ്യനടന് നാസര്‍ മുഹമ്മദിനെ താലിബാന്‍കാര്‍ തട്ടിക്കൊണ്ടുപോകുന്നതും മര്‍ദ്ദിക്കുന്നതുമായ വീഡിയോ പങ്കുവെച്ചിട്ടുണ്ട്:
താലിബാനെ എതിര്‍ക്കുന്ന പഷ്തൂണ്‍ തഹഫൂസ് പ്രസ്ഥാനത്തിന്രെ നേതാവും പാകിസ്ഥാന് ദേശീയ അസംബ്ലിയില്‍ 2018 മുതല്‍ അംഗവുമായ മൊഹ്സിന്‍ ദാവര്‍ ഇദ്ദേഹത്തിന്റെ ദാരുണ മരണത്തെക്കുറിച്ച് ട്വിറ്ററില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
കൊലയ്ക്ക് പിന്നില്‍ തങ്ങളല്ലെന്ന് താലിബാന് അവകാശപ്പെടുന്നുണ്ടെങ്കിലും കൊലപാതകത്തിന് പിന്നില്‍ താലിബാനാണെന്ന് താരത്തിന്റെ കുടുംബം ആരോപിക്കുന്നു.
കാന്ധാര്‍ പ്രവിശ്യയില്‍ താലിബാന് കാര്‍ ഈദ് ആഘോഷ നാളുകളില്‍ വലിയ തോതില്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ അഫ്ഗാന് പൗരന്മാര് വീടുപേക്ഷിച്ച് ഓടിപ്പോവുകയായിരുന്നു. പലരും വിശപ്പും ദാഹവും സഹിക്കവയ്യാതെ മരിച്ചു. ഇവരില്‍ പലര്‍ക്കും ദുരിതാശ്വാസക്യാമ്പുകളില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നതായി അഫ്ഗാന് പാര്‍ലമെന്റംഗം സയ്യിദ് അഹമ്മദ് സെയ്ലാബ് പറയുന്നു.
താലിബാന് ഭീകരരും അഫ്ഗാന് സൈന്യവും തമ്മിലുള്ള തുറന്ന പോരില്‍ സാധാരണക്കാരുടെയും കുട്ടികളുടെയും എണ്ണത്തില്‍ വന്‍വര്‍ധനവാണുള്ളതെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ്, ജൂണ്‍ മാസത്തില്‍ മാത്രം 2400 അഫ്ഗാന് പൗരന്മാര് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടന്ന് യുഎന്‍ കണക്കുകള്‍ സൂചിപ്പിച്ചു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ഗ്രാമപ്രദേശങ്ങളില്‍ 85 ശതമാനവും താലിബാന്റെ കയ്യിലാണ്. അഫ്ഗാനിലെ 419 ജില്ലാ കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും താലിബാന്റെ അധീനതയിലായിക്കഴിഞ്ഞു. താലിബാന് ക്രൂരമായി സാധാരണക്കാരെ കൊല്ലുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. തങ്ങളുടെ ഊഴം എപ്പോഴെന്ന് കാത്ത് ഭയന്ന് വിറച്ച് കഴിയുകയാണ് അഫ്ഗാനിസ്ഥാനിലെ സാധാരണ ജനങ്ങള്‍.
കാബൂള്‍ ഉള്‍പ്പെടെയുള്ള ഏതാനും നഗരങ്ങള്‍ മാത്രമേ അഫ്ഗാന് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളൂ. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കാബൂള്‍ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് അഫ്ഗാന് സേന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: