ന്യൂദല്‍ഹി: വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സുപ്രീംകോടതി വിധി മാനിച്ചു രാജിവെയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പൊതുമുതല്‍ നശിപ്പിച്ച കേസ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം എടുത്ത് നടത്തുന്നത് അംഗീകരിക്കാനാവില്ല. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടത്ത് മന്ത്രിയും മുന്മന്ത്രിമാരും ജനപ്രതിനിധികളുമാണെന്നത് കേരളത്തിന് നാണക്കേടായി. സുപ്രീകോടതി വിധിയോടെ നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള സംസ്ഥന സര്‍ക്കാരിന്റെ നീക്കം ദയനീയമായി പരാജയപ്പെട്ടുവെന്നും സുരേന്ദ്രന് പറഞ്ഞു.
പിഡിപിപി പോലെയുള്ള ജാമ്യം ലഭിക്കാത്ത ഗുരുതരമായ കേസിലാണ് മന്ത്രി വിചാരണ നേരിടുന്നത്. അദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മികമായും നിയമപരമായും അവകാശമില്ല. നേരത്തെ ഇ.പി ജയരാജന് തന്റെ പേരിലുള്ള കേസ് കോടതിയില്‍ എത്തുന്നതിന് മുമ്പ് രാജിവെച്ചിരുന്നു. ജയരാജന് ഒരു നിയമവും ശിവന്‍കുട്ടിക്ക് മറ്റൊരു നിയമവുമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ സുരേന്ദ്രന് ആവശ്യപ്പെട്ടു.
മന്ത്രി രാജിവയ്ക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണെന്ന തത്ത്വമാണ് ശിവന്‍കുട്ടി ലംഘിച്ചത്. അപക്വമായ നിലപാട് മാറ്റി അധികാരത്തില്‍ തുടരാതെ രാജിവയ്ക്കണം. തരംതാണ പ്രവൃത്തി കാണിച്ച ശിവന്‍കുട്ടി മന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
കൊവിഡിനെ നേരിടുന്നതില്‍ കേരളം പൂര്‍ണമായും പരാജയപ്പെട്ടുവെന്നും സുരേന്ദ്രന് പറഞ്ഞു. പിആര്‍ വര്‍ക്ക് മാത്രമേ കേരളത്തില്‍ നടക്കുന്നുള്ളൂ. വാക്സിനേഷനില്‍ മുന്‍ഗണനാക്രമം അട്ടിമറിക്കുകയാണ് സര്‍ക്കാര്‍. പലയിടത്തും രാഷ്ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ അനര്‍ഹര്‍ക്ക് വാക്സിന് നല്‍കുകയും ഭീതിപരത്തുകയാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമ്പൂര്‍ണ്ണ പരാജയമാണെന്നും ദല്‍ഹിയില്‍ നടത്തിയ പത്ര സമ്മേത്തില്‍ കെ സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: