തിരുവല്ല: സംസ്ഥാനത്ത് പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതി പ്രകാരം ആനുകൂല്യത്തിന് അപേക്ഷിച്ചവരില്‍ 26,691 അപേക്ഷകര്‍ വ്യാജമെന്ന് കണ്ടെത്തി. പദ്ധതിക്കായി ഗുണഭോക്താക്കളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് പിഎംഎംവിവൈ സോഫ്റ്റ്വെയര് വഴിയാണ്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ പദ്ധതി സോഫ്റ്റ്വെയറില് കേരളത്തിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ യൂസറുകളില്‍ നിന്നും ഇതര സംസ്ഥാന ഗുണഭോക്താക്കളുടെ അപേക്ഷകള്‍ കടന്നുകൂടിയതായി പിഎംഎംവിവൈ ദേശീയ സെല്ലിന്റെ സാങ്കേതിക വിഭാഗം കണ്ടെത്തിയിരുന്നു.ഇക്കാര്യം സംസ്ഥാന സെല്ലിനെ അറിയിക്കുകയും ചെയ്തു.
ഇതര സംസ്ഥാനക്കാരുടെ എന്‍ട്രികള്‍ എങ്ങനെ കടന്ന് കൂടിയെന്നതിനെ സംബന്ധിച്ച് വിശദമായ പരിശോധന നടത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതര സംസ്ഥാനക്കാരായ ഗുണഭോക്താക്കളുടെ രേഖകള്‍ ഉപയോഗിച്ച് ആനുകൂല്യം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവരാണോ ഇതിന് പിന്നിലെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. അനര്‍ഹരെന്ന് കണ്ടെത്തിയ 26,691 അപേക്ഷകളില്‍ 18,350 അപേക്ഷകള്‍ പുതിയതായി ഡാറ്റാ എന്‍ട്രി നടത്തിയ അപേക്ഷകളാണ്. 8206 അപേക്ഷകള്‍ സാമ്പത്തിക സഹായം ലഭിക്കാന്‍ അംഗീകാരത്തിനായി കാത്ത് നില്ക്കുന്നവയാണ്. പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതി പ്രകാരം എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ ആദ്യപ്രസവത്തിന് 5000 രൂപ മൂന്ന് ഗഡുക്കളായി സാമ്പത്തിക സഹായം ലഭിക്കും.
വ്യാജ അപേക്ഷകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അപേക്ഷകള്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വനിത ശിശുവികസന ഡയറക്ടര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്കി. പദ്ധതിയുടെ നാഷണല്‍ സെല്ലിന് ഐപി അഡ്രസ്സ് ഉപയോഗിച്ച് അപേക്ഷ ഡാറ്റാ എന്‍ട്രി നടത്തുന്നതും അംഗീകാരം നല്‍കുന്നതും ഒരു വ്യക്തി തന്നെ ആണോ എന്ന് പരിശോധിക്കാന്‍ കഴിയും. അതിനാല്‍ ബന്ധപ്പെട്ട സൂപ്രണ്ടിങ് ഓഫീസര്‍ തന്നെ ഡാറ്റാ എന്‍ട്രി നടത്തണം. കൃത്യമായ ഇടവേളയ്ക്ക് ശേഷം ചൈല്‍ഡ് ഡവലപ്പ്മെന്റ് പ്രോജക്ട് ഓഫീസര്‍ (സിഡിപിഒ) തന്നെ രേഖകള്‍ പരിശോധിച്ച് അപേക്ഷകള്‍ അംഗീകാരം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: