കുന്നത്തൂര്‍: ശാസ്താംകോട്ട- ചവറ പൈപ്പ് റോഡില്‍ പുനര്‍നിര്‍മാണം നടത്തിയ ഭാഗങ്ങളില്‍ വലിയ വാഹനങ്ങള്‍ കടന്നുപോകാതിരിക്കാന്‍ റോഡിന് കുറുകെ ക്രോസ് ബാറുകള്‍ വെല്‍ഡ് ചെയ്ത് സ്ഥാപിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
റോഡിന്റെ വശങ്ങളില് വലിയ ഇരുമ്പുതൂണ് സ്ഥാപിച്ച് അതിന് മുകളില്‍ റോഡിന് കുറുകെ ഇരുമ്പ് ബാറുകള്‍ സ്ഥാപിച്ചിരിക്കുന്നതിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോ കുന്നത് തടയുകയാണ് ലക്ഷ്യം. കുടിവെള്ള വിതരണത്തിനുള്ള വലിയ പൈപ്പുകള്‍ ഇതിലേ കടന്നുപോകുന്നത് തകരും എന്നാണ് വാട്ടര്‍ അതോറിട്ടി അധികൃതര്‍ പറയുന്ന ന്യായീകരണം. വലിയ വാഹനങ്ങള്‍ പ്രവേശിക്കരുതെന്ന ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ചവറ ടൈറ്റാനിയം മുതല്‍ കൊല്ലം വരെ ഹൈവേയുടെ വശത്ത് കൂടി ഇതേ പൈപ്പുകള്‍ കടന്നുപോകുന്നുണ്ട്.
2010ല്‍ റോഡ് സഞ്ചാരയോഗ്യമാക്കിയപ്പോള്‍ ഇത്തരത്തില്‍ ക്രോസ് ബാറുകള്‍ സ്ഥാപിച്ചിരുന്നങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ ഇത് ഇളക്കി മാറ്റാവുന്ന തരത്തില്‍ നട്ട്ബോള്ട്ടിലായിരുന്നു ഉറപ്പിച്ചിരുന്നത്. പൈപ്പ് റോഡില്‍ മറ്റ് റോഡുകള്‍ സംഗമിക്കുന്ന സ്ഥലങ്ങളിലാണ് ക്രോസ് ബാറുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
ഒരു കിലോമീറ്ററിലധികം വരുന്ന ഭാഗത്ത് തുടക്കത്തിലും അവസാന ഭാഗത്തും ഇത്തരത്തില്‍ ക്രോസ് ബാറുകള്‍ സ്ഥാപിച്ചിട്ടുള്ളതിനാല്‍ ഇതിനിടയിലെ സ്ഥലങ്ങളില്‍ താമസിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇവിടേക്ക് സ്കൂള്‍ ബസുകള്‍, നിര്‍മ്മാണ സാമഗ്രികളുമായി വരുന്ന വാഹനങ്ങള്‍, വിവാഹത്തിനായി ബുക്ക് ചെയ്യുന്ന ബസുകള്‍ അടക്കമുള്ളവ കടന്നുവരാന്‍ സാധിക്കില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ ഫയര്‍ എഞ്ചിനും യാത്ര സാധിക്കില്ല. മുന്‍പ് സമാനമായ അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. അടിയന്തിരമായി ഇതിന് പരിഹാരം ഉണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: