കൊച്ചി: വയനാട്ടിലെ മുട്ടില്‍ മരം കൊള്ളക്കേസില്‍ മൂന്നു പ്രതികളെ അറസ്റ്റു ചെയ്തതായി സര്‍ക്കാര്‍. ഹൈക്കോടതിയെ ആണ് ഇക്കാര്യം സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചത്.കേസിലെ പ്രധാന പ്രതികളായ റോജി , ആന്റോ, ജോസ് കുട്ടി എന്നിവരാണ് അറസ്റ്റിലായത്.തിരൂര്‍ ഡിവൈഎസ്പിയാണ് കുറ്റിപ്പുറം പാലത്തില്‍ നിന്ന് ഇവരെ അറസ്റ്റു ചെയ്തത്. മൂന്‍കൂര്‍ ജാമ്യം തേടി മൂന്നു പേരും ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഇവരുടെ ജാമ്യ ഹരര്‍ജി തള്ളിയിരുന്നു. അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ അറസ്റ്റ് താല്‍ക്കാലികമായി തടയണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയുമായി ഇന്ന് വീണ്ടും ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഇതു ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് പ്രതികളെ അറസ്റ്റു ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
മരണനാന്തര ചടങ്ങില്‍ പങ്കെടുക്കണമെന്ന പ്രതികളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും ചടങ്ങില്‍ പങ്കെടുക്കാനുള്ള അവസരം പോലിസ് ഒരുക്കുമെന്നും കോടതിയെ അറിയിച്ചു. ആലുവയില്‍ നിന്നും മൂന്നു പേരും വയനാട്ടിലേക്ക് പോകുന്നുവെന്ന വിവരം പോലിസ് സംഘത്തിന് ലഭിച്ചിരുന്നു.തുടര്‍ന്ന് പോലിസ് ഇവരെ പിന്തുടര്ന്ന് പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ പോലിസിനെ വെട്ടിച്ച് പോകുകയായിരുന്നു.തുടര്‍ന്ന് കുറ്റിപ്പുറം പാലത്തില്‍ വച്ച് ഇവരെ പിടികൂടുകയായിരുന്നു. മരംമുറികേസിലെ പ്രതികളെ അറസ്റ്റു ചെയ്യാന്‍ വൈകുന്നതിനെതിരെ ഇന്നലെ ഹൈക്കോടതി സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: