തിരുവനന്തപുരം: കേരളാ സര്‍വകലാശാലയിലെ ലെക്സിക്കണ്‍ മേധാവിയുടെ നിയമനം മുന്‍ മന്ത്രി കെ.ടി. ജലീല്‍ നടത്തിയ ബന്ധുനിയമനത്തിന് സമാനം. സംസ്കൃതം അധ്യാപികയെ മലയാള മഹാനിഘണ്ടു എഡിറ്ററായി നിയമിക്കാന്‍ കേരള സര്‍വകലാശാല യോഗ്യതാ മാനദണ്ഡങ്ങള്‍ തിരുത്തി. യോഗ്യതയില്‍ ഇളവ് നല്കി വിജ്ഞാപനം ഇറക്കി, ബന്ധുവായ കെ.ടി. അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ജനറല്‍ മാനേജരായി നിയമിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ജലീലിനെതിരെ ആരോപണം ഉയര്‍ന്നത്.
മലയാള മഹാനിഘണ്ടു പദ്ധതിയുടെ എഡിറ്ററായി സംസ്കൃതം അധ്യാപികയായ ഡോ. പൂര്‍ണിമ മോഹനെ നിയമിച്ചതാണ് വിവാദമായത്. സര്‍വകലാശാല നിയമം അനുശാസിക്കുന്ന യോഗ്യതകള്‍ നിലനിര്‍ത്തിയാണ് നിയമനം നടത്തിയതെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ആ വാദം ശരിയല്ല. നിയമത്തിലെ ചട്ടങ്ങള്‍ മറികടന്നാണ് നിയമനം. നിയമത്തിലെ യോഗ്യതകള്‍ നിലനിര്‍ത്തി ചില യോഗ്യതകള്‍ കൂട്ടി ചേര്‍ക്കുകയായിരുന്നു. മലയാളത്തില്‍ ഗവേഷണ ബിരുദം നിര്‍ബന്ധമാണെന്ന യോഗ്യതയോടൊപ്പം സംസ്കൃതവും കൂടി ഉള്‍പ്പെടുത്തി. ഇങ്ങനെ വ്യവസ്ഥയില്‍ മറ്റൊന്നു കൂട്ടിചേര്‍ക്കാന്‍ വൈസ് ചാന്‍സലര്‍ക്കോ രജിസ്ട്രാര്‍ക്കോ സിന്‍ഡിക്കേറ്റിനോ അധികാരമില്ല.
സര്‍വകലാശാല നിയമം അനുസരിച്ച് മാത്രമേ സ്ഥിരമോ താത്ക്കാലികമോ ഡെപ്യൂട്ടേഷന് നിയമനമോ നടത്താന്‍ പാടുള്ളൂ. യോഗ്യതകളില്‍ മാറ്റം വരുത്താന്‍ സര്‍വകലാശാലയ്ക്ക് അധികാരമില്ല. വളരെ ഗുരുതരമായ വീഴ്ചയാണ് സര്‍വകലാശാലയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് മന്ത്രി നല്കിയ ഉത്തരത്തില്‍ നിന്നുതന്നെ വ്യക്തം. ഇക്കാര്യങ്ങള്‍ മൂടി വച്ചാണ് മന്ത്രി ഉത്തരവ് ഇറക്കിയിരിക്കുന്നത്.
താത്ക്കാലികാടിസ്ഥാനത്തിലുള്ള ഡെപ്യൂട്ടേഷന് നിയമനമായതിനാല്‍ നിയമവിരുദ്ധമായി കാണാനാകില്ലെന്നാണ് മന്ത്രി പറയുന്നത്. താത്ക്കാലിക നിയമനമായാലും സ്ഥിരം നിയമനമായാലും വ്യവസ്ഥ പാലിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: