നിയമം നിയമത്തിന്റെ വഴിക്ക് എന്നത് എത്രയോ തവണ കേരളം കേട്ടിട്ടുണ്ട്. എന്നാല്‍, പിണറായി വിജയന് മുഖ്യമന്ത്രിയായി വാണരുളുമ്പോള്‍ ‘നിയമം മുഖ്യമന്ത്രിയും പ്രതിപക്ഷവും പറയുംപോലെ’ എന്ന് തിരുത്തേണ്ടിയിരിക്കുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റിനെ എന്തുകൊണ്ട് പ്രതിയാക്കുന്നില്ല എന്ന് പ്രതിപക്ഷം നിയമസഭയില്‍ ചോദിച്ചതുകേട്ടല്ലൊ.
ബിജെപിയെ രാജ്യമാകെ പൂട്ടുക എന്നത് കോണ്‍ഗ്രസിന്റെ അജണ്ടയല്ലെ? ദേശീയ തലത്തിലും കേരളത്തിലും കോണ്‍ഗ്രസിന്റെ വിജയത്തിന് തടസം ബിജെപിയാണ്. ചക്കരക്കുടത്തില്‍ കൈയിട്ട് രുചിക്കാന്‍ പറ്റാത്തതിന്റെ ചൊരുക്കുതീര്ക്കാന് ബിജെപിയെ തളര്‍ത്തണം. അതിനവര്‍ക്ക് കൊടകരക്കവര്ച്ച ബിജെപിക്ക് മേല്‍ കെട്ടിവയ്ക്കണം. പോലീസ് മഷിയിട്ട് നോക്കിയിട്ടും ബിജെപി നേതാക്കളെ പ്രതിപട്ടികയില്‍ പെടുത്താന്‍ പഴുതുകിട്ടിയില്ല. പ്രതിയാക്കിയില്ലെങ്കിലും സാക്ഷിപ്പട്ടികയില്‍പ്പെടുത്തിയത് കുറ്റപത്രത്തിലാണ്. ഇതാണ് പ്രതിപക്ഷം നിയമസഭയില്‍ വിഷയമാക്കിയത്. ഒരുവെടി ഞാന്‍ വയ്ക്കാം, ഒരു വെടി നീ വയ്ക്ക് എന്നപോലെ വന്നു മുഖ്യമന്ത്രിയുടെ മറുപടി.
യുഡിഎഫിലെ റോജി.എം.ജോണാണ് നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ബിജെപി നേതാക്കള്‍ ഒരാള്‍പ്പോലും പ്രതിപ്പട്ടികയില്‍ ഇല്ലെന്നും എല്ലാവരും സാക്ഷികളായി മാറിയെന്നും പ്രമേയം അവതരിപ്പിച്ച് റോജി പറഞ്ഞു. ഇതിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇനി നടത്താന്‍ പോകുന്ന നീക്കം വ്യക്തമാക്കുന്നത്.
കേസില്‍ 21 പ്രതികള്‍ അറസ്റ്റിലാണ്. കെ. സുരേന്ദ്രന് അടക്കം 206 പേര് സാക്ഷിപ്പട്ടികയില്‍ ഉണ്ട്. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ സാക്ഷികളില്‍ ചിലര്‍ പ്രതികളാകും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തെക്കുറിച്ച് അടുത്തനടപടി എന്തുവേണമെന്ന് പോലീസിനു നിര്‍ദേശം നല്കുന്ന തരത്തിലാണ് ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി സംസാരിച്ചത്. മുഖ്യമന്ത്രിയുടെ സഭയിലെ മറുപടിക്കനുസരിച്ച് പോലീസിന് ഇനി നീങ്ങണമെന്നര്ഥം. സാക്ഷികളെ പ്രതികളാക്കാനാണ് ഉദ്ദേശ്യമെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാവുകയാണ്. ബിജെപിക്ക് കവര്‍ച്ചക്കേസുമായി ബന്ധമുണ്ടെന്ന് സഭാരേഖകളില്‍ കൊണ്ടുവരിക എന്നതായിരുന്നു ഒരു ലക്ഷ്യം.
സാധാരണ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുമ്പോഴുള്ള വീറുംവാശിയുമൊന്നും പ്രകടമായിരുന്നില്ലെന്നതും ഒത്തുകളിക്കുള്ള തെളിവായി. കേന്ദ്ര ഏജന്‍സികളെ കുറ്റപ്പെടുത്താനാണ് ഇരുകൂട്ടരും സമയം കണ്ടെത്തിയത്. മുഖ്യമന്ത്രി ബിജെപിയെ രക്ഷിക്കുകയാണെന്ന പ്രതിപക്ഷ വിമര്‍ശനം മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കാനായിരുന്നെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാമറിയാം. മുഖ്യമന്ത്രിയുടെയോ കോണ്‍ഗ്രസിന്റെയോ ഒരു ഔദാര്യവും ബിജെപിക്ക് ആവശ്യമില്ലെന്ന സത്യം തിരിച്ചറിയാന്‍ ഇപ്പോള്‍ അവര്‍ക്കുള്ള ബുദ്ധിപോരാ
പാര്‍ട്ടിയുടെ പേരില്‍ ‘നാഷണല്‍’ എന്ന് ചേര്‍ത്ത രണ്ടുകക്ഷികളുണ്ട് കേരളത്തിലെ ഭരണമുന്നണിയില്‍. അവയുടെ പെരുമാറ്റവും പ്രവര്‍ത്തനവും വച്ചുനോക്കുമ്പോള്‍ വിഷക്കുപ്പിയുടെപുറത്ത് ഔഷധം എന്ന് എഴുതിവച്ചതാണെന്നേ തോന്നുകയുള്ളൂ. ഒന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍), രണ്ടാമത്തേത് രണ്ട് അംഗങ്ങള്‍ സഭയിലുള്ള ‘നാഷണല്‍’ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി). സഭയില്‍ ഒരംഗമുള്ള ഐഎന്‍എല്ലിന് പകുതി മന്ത്രിസ്ഥാനമേയുള്ളൂ. രണ്ടരവര്‍ഷം കഴിഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയണം. അതിന് മുന്‍പ് കിട്ടിയ വകുപ്പില്‍ നിന്ന് കൈയിട്ട് വാരണം. കിട്ടാവുന്ന സ്ഥാനങ്ങള്‍ നേടണം.
പിഎസ്സി അംഗമാക്കാന്‍ ലക്ഷങ്ങള്‍ കോഴവാങ്ങി എന്ന ആരോപണം ശക്തമായി നില്ക്കുന്നു. ഇതിനിടയിലാണ് കൊച്ചിയില്‍ പാര്‍ട്ടിയോഗം ചേര്‍ന്നത്. യോഗത്തിലും റോഡിലും തമ്മില്‍ത്തല്ലി പിളര്‍ന്നു. ഐഎന്‍എല്ലിന്റെ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബും, വഹാബിനെ ദേശീയ നേതൃത്വം പുറത്താക്കിയെന്ന് കാസിം ഇരിക്കൂറും പരസ്യമായി പ്രഖ്യാപിച്ചു. മുസ്ലിം ലീഗില്‍ നിന്ന് തമ്മിലടിച്ച് രൂപം കൊണ്ടതാണ് ഐഎന്‍എല്‍. ലീഗിന് വര്‍ഗീയത കുറഞ്ഞുപോയെന്ന് വിലപിച്ച് സുലൈമാന്‍ സേട്ട് രൂപീകരിച്ച കക്ഷി. സേട്ടാകട്ടെ റിപ്പബ്ലിക് ദിനം ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നിട്ടും ‘നാഷണല്‍’ പട്ടം നെറ്റിക്കൊട്ടിച്ചാണ് നടപ്പ്.
സ്ത്രീപീഡന പരാതി ഒത്തുതീര്‍ക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന് ശ്രമിച്ചെന്ന ആരോപണം എന്‍സിപിയെ ഉലച്ചതായിരുന്നു. പക്ഷേ, സിപിഎമ്മും മുഖ്യമന്ത്രിയും അത് നിസാരവല്‍ക്കരിച്ചത് അവര്‍ക്ക് തുണയായി. പാര്‍ട്ടി നിശ്ചയിച്ച അന്വേഷണ കമ്മീഷന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രിക്ക് ഉപദേശം കിട്ടി, മന്ത്രിയുടെ ഫോണെടുത്ത സ്വന്തം പാര്‍ട്ടി നേതാവ് പുറത്തുമായി.
പരാതിക്കാരിയുടെ പിതാവായ എന്‍സിപി ബ്ലോക്ക് പ്രസിഡന്റിനെയാണു മന്ത്രി ഫോണില്‍ വിളിച്ചു സംസാരിച്ചത്. സംസ്ഥാന സമിതി അംഗം പ്രദീപ് കുമാര്‍, വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിറ്റോ, സംഘടനയ്ക്കു ദോഷകരമായി പ്രവര്‍ത്തിച്ച സംസ്ഥാന സമിതി അംഗം ജയന് പുത്തന്‍ പുരയ്ക്കല്‍, എന്‍വൈസി കൊല്ലം ജില്ലാ പ്രസിഡന്റ് ബിജു, അബ്ദുല്‍ സലാം എന്നിവരെയും സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. പരാതി നേരിടുന്ന എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പത്മാകരനെയും ട്രേഡ് യൂണിയന് നേതാവ് രാജീവിനെയും നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു.സംസ്ഥാന സമിതി അംഗം പ്രദീപ് മന്ത്രിയുമായി അടുത്ത ബന്ധമുള്ള ആളാണ്. പ്രശ്നം തീര്‍ക്കാനായി പ്രദീപാണു ഫോണ്‍ ചെയ്യിപ്പിച്ചത്. യുവജനവിഭാഗം നേതാവ് ബിജു ഗൂഢാലോചനയില്‍ പങ്കാളിയായി. മഹിളാ നേതാവ് ഹണി വിറ്റോ ഫോണ്‍ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നും കമ്മീഷന് കണ്ടെത്തി.
മന്ത്രിയെ കുടുക്കാന്‍ ഗൂഢാലോചനക്കാരെ പ്രേരിപ്പിച്ചത് എന്താണെന്നതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തും. ശശീന്ദ്രന് എന്‍സിപിയുടെ പ്രധാന നേതാവാണ്. ‘ഇതുപോലെയുളള കാര്യങ്ങള്‍ മുന്നില്‍ വരുമ്പോള്‍ ഇടപെടരുതെന്നു പറയാനാവില്ല. പക്ഷേ, ജാഗ്രത ഉണ്ടാകണം,’ എന്നാണ് ഉപദേശം. തരംപോലെ കൂട്ടുകെട്ടില്‍ ഏര്‍പ്പെടാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണത്. കേരളത്തില്‍ മാര്‍ക്സിസ്റ്റ് മുന്നണിയിലും മഹാരാഷ്ട്രയില്‍ ശിവസേനാ മുന്നണിയിലും. എന്നിട്ടും ‘നാഷണല്‍’ എന്ന് പേറിനില്ക്കുന്നതില്പ്പരം ഇരട്ടത്താപ്പുണ്ടോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: