ടോക്കിയോ: ടെന്നീസില്‍ ജപ്പാന്‍ താരം നവോമി ഒസാക്കയ്‌ക്ക് അട്ടിമറി തോല്‍വി. ഒളിമ്പിക് സ്വര്‍ണം തേടിയെത്തിയ ഒസാക്കയെ മൂന്നാം റൗണ്ടില്‍ ചെക്ക് റിപ്പബ്ലിക് താരം മാര്‍ക്കറ്റ വണ്‍ട്രൂസ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 1-6, 4-6.
ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടി കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഒസാക്കയുടെ ആദ്യ ഒളിമ്പിക്‌സാണിത്. സമ്മര്‍ദം താങ്ങാനാവാതെ വന്നതാണ് വിനയായതെന്ന് മത്സര ശേഷം ഒസാക്ക പ്രതികരിച്ചു. ആദ്യം മുതല്‍ മോശം പ്രകടനമാണ് ഒസാക്ക നടത്തിയത്. ആദ്യ സെറ്റ് വണ്‍ട്രൂസ അനായാസം നേടുകയായിരുന്നു. മത്സരം മോശമായല്ല കളിച്ചതെന്നും ചില സമയങ്ങളില്‍ പ്രതീക്ഷിച്ച രീതിയില്‍ മുന്നേറാനായില്ലെന്നും ഒസാക്ക പറഞ്ഞു. ഒളിമ്പിക്‌സില്‍ ദീപശിഖ തെളിയിച്ചത് ഒസാക്കയായിരുന്നു.
പുരുഷന്മാരില്‍ സ്‌റ്രെഫാനോസ് ടിസിപസ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. അമേരിക്കയുടെ തിയഫോയിലെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ടിസിപസിന്റെ മുന്നേറ്റം. സ്‌കോര്‍: 6-3, 6-4. മാര്‍ക്കസ് ജിറോണിനെ തോല്‍പ്പിച്ച് ജപ്പാന്റെ നിഷികോരിയും മൂന്നാം റൗണ്ടിലേക്കെത്തി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലൂടെയായിരുന്നു ജയം. സ്‌കോര്‍: 7-6, 3-6, 6-1. പുരുഷന്മാരുടെ ഡബിള്‍സില്‍ ആന്‍ഡി മുറെ, സാലിസ്ബറി സഖ്യം മുന്നാം റൗണ്ടിലേക്കെത്തി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. സ്‌കോര്‍: 6-2, 7-6.
















