കോട്ടയം: ഓണക്കാലം ലക്ഷ്യമാക്കിയുള്ള വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റ് ശേഖരണം, മയക്കുമരുന്ന് വില്‍പ്പന എന്നിവയ്ക്കെതിരെയുള്ള സ്പെഷ്യല്‍ ഡ്രൈവ് കര്‍ശനമാക്കി എക്സൈസ് വകുപ്പ്.
ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കണ്ട്രോള് റൂമും രണ്ട് പ്രത്യേക സ്ട്രൈക്കിംഗ് ഫോഴ്സും പ്രവര്‍ത്തിക്കുന്നതായി ഡെപ്യൂട്ട് എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. വ്യാജമദ്യ നിര്‍മ്മാണം തടയുന്നതിനായി പോലീസ്, ഫോറസ്റ്റ്, റവന്യു വകുപ്പുകളുമായി ചേര്‍ന്ന് കായല്‍ മേഖലകളിലും തുരുത്തുകളിലും പുഴയോരങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളിലും പരിശോധന നടത്തും. മദ്യവില്‍പ്പന വില്‍പ്പനശാലകളില്‍ നിരന്തര പരിശോധന നടത്തും.
മദ്യത്തിന്റെ സാമ്പിളുകള്‍ ദിവസവും രാസപരിശോധനയ്ക്ക് വിധേയമാക്കും. മെഡിക്കല്‍ സ്റ്റോറുകളില്‍ കുറിപ്പടിയില്ലാതെ മരുന്നുകള്‍ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ഡ്രഗ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ ജില്ലകളില്‍നിന്നോ മയക്കുമരുന്നും വ്യാജമദ്യവും സ്പിരിറ്റും കടത്തുന്നില്ല എന്ന് ഉറപ്പാക്കാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹന പരിശോധന കര്‍ശനമാക്കും.
മദ്യവും മയക്കുമരുന്നും അനധികൃതമായി നിര്‍മിക്കുന്നതും സൂക്ഷിക്കുന്നതും കടത്തിക്കൊണ്ടു പോകുന്നതും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് എക്സൈസ് ഓഫീസുകളില്‍ അറിയിക്കാം.
വിവരങ്ങള്‍ അറിയിക്കാന്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍: എക്സൈസ് ഡിവിഷന് ഓഫീസ് ആന്റ് കണ്ട്രോള് റൂം-0481-2562211(ടോള്‍ഫ്രീ നമ്പര്‍-1800 425 2818), എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കോട്ടയം- 0481 2583091, 9400069508, സര്‍ക്കിള്‍ ഓഫീസുകള്‍: ചങ്ങനാശ്ശേരി-0481 2422741, 9400069509, പൊന്‍കുന്നം-04828 221412, 9400069510, പാലാ- 04822 212235, 9400069511, വൈക്കം- 04829 231592, 9400069512, സ്പെഷ്യല്‍ സ്ക്വാഡ്, കോട്ടയം-0481 2583801, 9400069506, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍, കോട്ടയം-9496002865.
പ്രതികരിക്കാൻ ഇവിടെ എഴുതുക: