പാലക്കാട്: കോവിഡ് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപിയും സംഘവും ഞായറാഴ്ച ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയെന്ന് ആരോപണത്തില്‍ കേസെടുത്തു. മുന്‍ എംഎല്‍എ വി.ട.ി ബല്‍റാം, പാളയം പ്രദീപ് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്.
എംപിയും സംഘവും ഹോട്ടലിലെത്തി കോവിഡ് മാനദണ്ഡം ലംഘിച്ചെന്നും ഇത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചെന്നുമുള്ള പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
കൈയ്യേറ്റം, ജീവന്‍ അപായപ്പെടുത്തുമെന്ന് ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പാലക്കാട് കസബ പോലീസാണ് കേസെടുത്തത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഹോട്ടല്‍ ഉടമയ്‌ക്കെതിരേയും കേസെടുത്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്, തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം, കോണ്‍ഗ്രസ് നേതാക്കളായ റിയാസ് മുക്കോളി, പാളയം പ്രദീപ് എന്നിവര്‍ ലോക്ഡൗണ്‍ ലംഘിച്ച് പാലക്കാട്ടെ ഹോട്ടലില്‍ ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്ഥലത്തെത്തിയ യുവാവ് ഇത് ചോദ്യം ചെയ്തതോടെ നേതാക്കള്‍ പുറത്തിറങ്ങുകയും, തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ലോക്ഡൗണ്‍ ലംഘിച്ച ദൃശ്യങ്ങളെടുത്ത യുവാവിനോട് പാളയം പ്രദീപ് തട്ടിക്കയറുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. എംപിക്ക് ഒപ്പ്മുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് യുവാവ് വൈകിട്ടോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയും കസബ സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.
രമ്യാ ഹരിദാസിനും സംഘത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎമ്മും ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തങ്ങള്‍ ഹോട്ടലില്‍ ഭക്ഷണം പാര്‍സല്‍ വാങ്ങാനെത്തിയതാണ്. മഴയായതിനാലാണ് ഹോട്ടലില്‍ കയറിയിരുന്നതെന്നുമാണ് രമ്യ വിശദീകരണം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക