പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചിട്ട് ജൂലൈ 29 ന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. മുമ്പ് പ്രഖ്യാപിച്ച വിദ്യാഭ്യാസ നയങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു പുതിയ ദേശിയ വിദ്യാഭ്യാസ നയം. പൂര്‍ണമായും ജനകീയ – ജനാധിപത്യ രീതിയിലാണ് അത് രൂപീകരിക്കപ്പെട്ടത് എന്നതാണ് പ്രധാന സവിശേഷത. 2.5 ലക്ഷം ഗ്രാമ പഞ്ചായത്തുകള്‍, 6,600 ബ്ലോക്ക് പഞ്ചായത്തുകള്‍, 6,000 നഗരസഭകള്‍, 676 ജില്ലാ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച 3 ലക്ഷത്തോളം നിര്‍ദ്ദേശങ്ങള്‍, പാര്‍ലമെന്റ് അംഗങ്ങളുടെ അഭിപ്രായങ്ങള്‍, വിവിധ തലങ്ങളില്‍ നടന്ന സെമിനാറുകള്‍ ചര്‍ച്ചകള്‍ തുടങ്ങി പൊതുജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിന് അവസരം നല്‍കി അവ ശാസ്ത്രീയമായി വിലയിരുത്തിയ ദിര്‍ഘകാല പ്രക്രിയയിലൂടെയാണ് ഇതിന് രൂപം നല്‍കിയത്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇതില്‍ ഭാഗഭാക്കായതുകൊണ്ടാവാം നയം വിദ്യാര്‍ത്ഥി കേന്ദ്രിതമാണ്.
മൂന്നു വയസ്സു മുതല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം ആരംഭിക്കുന്നു എന്നുള്ളത് ലക്ഷക്കണക്കിന് പാവപ്പെട്ട കുട്ടികള്‍ക്ക് പരിഗണന ലഭിക്കുന്നു എന്നതിന്റെ സൂചനയാണ്. സമ്പന്നരുടെ കുട്ടികള്‍ക്ക് മാത്രം ലഭിച്ചിരുന്ന അവസരമാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളുടെ കുട്ടികള്‍ക്കും ലഭിക്കുന്നത്. വിദ്യാഭ്യാസ പ്രക്രിയുടെ ആരംഭത്തില്‍ത്തന്നെ എല്ലാവരും സമന്മാരായി തീരുന്നു. നിര്‍ബന്ധ ഉച്ചഭക്ഷണ പദ്ധതി, പോഷകഗുണമുള്ള പ്രഭാത ഭക്ഷണം എന്നിവ വനവാസി വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെയുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി മാറുന്നു.
പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലും വിനിമയ ഭാഷയിലും ആക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ അനുഭവിച്ചിരുന്ന ഭാഷാപരമായ അപരിചിതത്വത്തിന് പരിഹാരമാവും. സ്‌കൂള്‍തല കൊഴിഞ്ഞ് പോക്ക് ഇല്ലാതാക്കാന്‍ ഇത് ഒരു പരിധിവരെ ഉപകരിക്കും. വിനിമയ ഭാഷയും പാഠ്യഭാഷയും തമ്മിലുള്ള അന്തരം വനവാസി ഗോത്ര മേഖലകളില്‍ വലിയ കൊഴിഞ്ഞുപോക്കിന് കാരണമായിരുന്നു. ഇത് കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കിയാല്‍ വിദ്യാഭ്യാസ മേഖലയിലെ സാമൂഹിക അസന്തുലിതാവസ്ഥ ഒരു പരിധിവരെ കുറയ്‌ക്കാനാവും.
പ്രമുഖ വ്യവസായി എം.എ. യൂസഫലി കഴിഞ്ഞ ദിവസം നല്കിയ ഒരഭിമുഖത്തില്‍ കേരളത്തിന്റെ തൊഴില്‍ പ്രശ്‌നത്തെ സൂചിപ്പിക്കുന്ന ഒരു സംഭവം വിവരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ സൗദി പ്രധാനമന്ത്രിയും കേരളത്തിന്റെ മുഖ്യമന്ത്രിയും തമ്മില്‍ ഒരു കൂടിക്കാഴ്ച നടന്നപ്പോള്‍ അവിടെ വെച്ച് സൗദി പ്രധാനമന്ത്രി കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ കഠിനാധ്വാനത്തെ യും ആത്മാര്‍ത്ഥതയെയും അഭിനന്ദിച്ചു.
ഒപ്പം അദ്ദേഹം ഒരു വലിയ ചോദ്യം നമ്മുടെ മുഖ്യമന്ത്രിയോട് ചോദിച്ചു. അവിടെയുള്ള ഇന്ത്യന്‍ പ്രവാസികളില്‍ 80 ശതമാനവും മലയാളികളാണെന്നത് എന്തുകൊണ്ട് എന്നതായിരുന്നു ആ ചോദ്യം. സത്യത്തില്‍ നമ്മുടെ മുഖ്യമന്ത്രിക്ക് ഉത്തരമുണ്ടായിരുന്നില്ല. കേരളം മാറി മാറി ഭരിച്ചവരുടെ ദീര്‍ഘവീക്ഷണമില്ലായ്മയോടൊപ്പം നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട രീതിയിലുള്ള വിദ്യാഭ്യാസവും പരിശീലനവും ലഭിക്കാതെ പോകുന്നതാണ് ഈ ഒരു ഗതികേട് നമുക്ക് വരുത്തിവെയ്‌ക്കുന്നത്. എന്നാല്‍ ഈ പ്രശ്‌നത്തില്‍ നിന്ന് കരകയറാനുള്ള സുവര്‍ണ്ണാവസരമാണ് എന്‍ഇപി. പുതിയ നയം വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ വിദ്യാഭ്യാസവും തൊഴിലും നോടാന്‍ അവനെ പ്രാപ്തനാക്കുമെന്ന് ആമുഖത്തില്‍ തന്നെ നയം വ്യക്തമാക്കുന്നു.
സ്വാമി വിവേകാനന്ദനും മഹാത്മാഗാന്ധിയും മുന്നോട്ട് വെച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വിദ്യാര്‍ത്ഥിക്ക് ആത്മവിശ്വാസവും മനക്കരുത്തും പകരുന്ന ഒന്നാകും. വിഷാദ രോഗത്തിനടിമപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യകള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങളിലേക്ക് തിരിയുന്ന ഈ കാലഘട്ടത്തില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് മനക്കരുത്തേകുകയും ഒരു പരിധി വരെ ജിവിത സന്ധാരണത്തിനുള്ള വഴി വെട്ടിതുറക്കുകയും ചെയ്യും .12 -ാം ക്ലാസ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ഒരു വിദ്യാര്‍ത്ഥി വിദ്യാഭ്യാസത്തോടൊപ്പം അവന്റെ ജീവിതം കരുപ്പിടിപ്പിക്കാനുതകുന്ന ഒരു
തൊഴിലും കരഗതമാക്കുന്നത് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വലിയ മാറ്റത്തിന് കാരണമാവും. ചെറിയ പ്രായത്തില്‍ വിദ്യാലയത്തില്‍ വെച്ച് സഹപാഠികളോടൊപ്പം തന്നെ വിദ്യാഭ്യാസത്തോടൊപ്പം വിവിധ തരത്തിലുള്ള തൊഴിലും പഠിക്കുമ്പോള്‍ കേരളത്തിലെ യുവാക്കളുടെ മനസ്സിനകത്ത് എപ്പഴോ കടന്നു കയറിയ വെള്ളകോളര്‍ തൊഴില്‍ എന്ന സങ്കല്പവും മറ്റ് പരമ്പരാഗത ജോലികളോടുള്ള അവഞ്ജ മനോഭാവത്തിനും മാറ്റമുണ്ടാകും.
അഭിരുചിക്കും കഴിവിനും ആവിശ്യകതയ്‌ക്കും അനുസരിച്ച് എന്ത് തൊഴിലും ചെയ്യാനുള്ള മാനസികാവസ്ഥ സൃഷ്ടിക്കുന്നതിനും ഈ രീതി പ്രയോജനപ്പെടും. അതിലൂടെ അന്യസംസ്ഥാന തൊഴിലാളികളുടെ പറുദീസയായി മാറിയ കേരളത്തിന്റെ ഇന്നത്തെ ദു:സ്ഥിതിക്ക് പരിഹാരം കണ്ടെത്താനും സാധിക്കും എന്ന് മാത്രമല്ല ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ച ആത്മനിര്‍ഭരതയിലേക്കുള്ള ഒരു പ്രയാണം കൂടിയായി മാറും ഇത്.
ശാസ്ത്രം, ഗണിതം എന്നിവമാത്രമല്ല കരകൗശലം മുതല്‍ സാംസ്‌കാരികം വരെയുള്ള മേഖലകള്‍ക്ക് പ്രാധാന്യം നല്‍കുന്നു. ബാണഭട്ടയുടെ കാദംബരിയില്‍ പറയുന്ന നല്ലവിദ്യാഭ്യാസം 64 കലകളുടെ അറിവാണ് എന്ന തത്വമാണ് എന്‍ഇപി 20 സ്വികരിച്ചിരിക്കുന്നത്. ഇത് കേരളത്തെ സംബന്ധിച്ചടുത്തോളം അനന്തസാധ്യതകളാണ് തുറന്നുവെക്കുന്നത്. കൂടാതെ കേരളത്തില്‍ സുലഭമായി ലഭിക്കുന്ന പ്രകൃതി വസ്തുക്കളുപയോഗിച്ചുള്ള കരകൗശല നിര്‍മ്മാണം മുതല്‍ ടൂറിസം വരെയുള്ള വിവിധ മേഖലകളില്‍ സ്വയം സംരംഭകത്വങ്ങള്‍ തുടങ്ങാന്‍ വിദ്യാര്‍ത്ഥികളെ പുതിയ നയം ശാക്തീകരിക്കുന്നു.
വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ മനോഭാവം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം സംസ്ഥാനത്ത് നിന്നും കയറ്റി അയക്കപ്പെടുന്ന മനുഷ്യവിഭവശേഷിയെ കേരളത്തില്‍ ഫലപ്രദമായി ഉപയോഗിക്കാനും പറ്റും. പുതിയ നയം നടപ്പിലാക്കി തുടങ്ങിയാല്‍ തൊഴില്‍ നൈപുണ്യമുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഒരോ വര്‍ഷവും പുറത്തിറങ്ങും. ഇന്ന് കേരളത്തില്‍ പാതയോരത്തെ പുല്ലുവെട്ടാന്‍ മാത്രം ഉപയോഗിച്ചുവരുന്ന ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നടപ്പാക്കുന്ന തൊഴിലുറപ്പു പദ്ധതിയെ തൊഴില്‍ നൈപുണ്യം നേടിയവരെ ഉപയോഗിച്ച് ജനോപകാരപ്രദമാക്കാനും കേരളത്തിന് ലോകോത്തര മാതൃക സൃഷ്ടിക്കാനും സാധിക്കും.
നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം പകരുന്ന നിര്‍ദ്ദേശമാണ് വര്‍ഷം നഷ്ടപ്പെടുത്താതെ പഠനം പൂര്‍ത്തിയാക്കാനുള്ള അവസരം നല്കുന്ന പുതിയ ബിരുദ പഠനരീതി. സാമ്പത്തികമായ ബുദ്ധിമുട്ട് കൊണ്ടും പ്രായപൂര്‍ത്തിയാകുന്നതോടെ ചുമലിലേല്‌ക്കേണ്ടിവരുന്ന കുടുംബ പ്രാരബധം കൊണ്ടും ഒന്നാ രണ്ടോ വര്‍ഷം പൂര്‍ത്തിയാക്കി ബിരുദപഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്ന വിദ്യാര്‍ത്ഥികള്‍ നമ്മുടെ രാജ്യത്ത് നിരവധിയാണ്. എന്നാല്‍ അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ഒരാശ്യാസമാണ് എന്‍ഇപി മുന്നോട്ട് വെക്കുന്ന ഈ നിര്‍ദ്ദേശം. ഒരു വര്‍ഷം പൂര്‍ത്തിയാക്കി പഠനം നിര്‍ത്തുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും 2 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലോമയും ലഭിക്കും എന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് 3 വര്‍ഷം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ അത്രയും വര്‍ഷം പാഴായി പോകുന്ന നിലവിലുള്ള അവസ്ഥക്ക് പരിഹാരമാകും. മാത്രമല്ല പിന്നിടെപ്പോഴെങ്കിലും പഠനം തുടരാന്‍ അവസരം ലഭിച്ചാല്‍ മുന്‍പ് പഠിച്ച് നിര്‍ത്തിയ ഇതേ കോഴ്സ് തുടരാന്‍ സാധിക്കും എന്നത് ആശ്വാസകരമാണ്. ഈ രീതി എത്രയും പെട്ടെന്ന് നടപ്പിലാക്കാന്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ തയ്യാറാകണം.
ഉന്നത പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താത്പര്യമുള്ള എല്ലാ വിഷയങ്ങളും പഠിക്കാനും ഇഷ്ടമുള്ള സര്‍വ്വകലാശാലകള്‍ തെരഞ്ഞെടുക്കാനും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. ഇതോടെ ഐ ഐ ടി പോലുള്ള സ്ഥാപനങ്ങളിലും കലയും സംഗീതവും ഒക്കെ പഠിക്കാനാകും. ഗവേഷണ മേഖലയിലും കൂടുതല്‍ സാകര്യപ്രദവും സഹായകരവുമായ അനന്ത സാധ്യതകളുടെ ഒരു വലിയ കവാടമാണ് എന്‍ഇപി 20 തുറന്നു വെക്കുന്നത്. എന്‍ഇപി മുന്നോട്ടു വെക്കുന്ന ദേശീയ ഗവേഷണ ഫൗണ്ടേഷന്‍ ഇതിന് കരുത്തു പകരും.
ലോകോത്തരങ്ങളായ, റാങ്കിംഗില്‍ ആദ്യത്തെ നൂറ് റാങ്കിനുള്ളില്‍ വരുന്ന വിദേശ സര്‍വ്വകലാശാലകളുടെ ക്യാംപസുകള്‍ക്ക് രാജ്യത്ത് അനുമതി നല്കുന്നതിലൂടെ വിദേശ സര്‍വ്വകലാശാലകളിലെ പഠനം സ്വപ്‌നം മാത്രമായിരുന്ന നമ്മുടെ നാട്ടിലെ സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് ‘നമ്മുടെ നാട്ടില്‍ ജിവിച്ച് കൊണ്ട് തന്നെ അതിനുള്ള അവസരം കൈവന്നിരിക്കുകയാണ്.
വനവാസി മേഖലകളിലെ പ്രത്യേക ഊന്നല്‍ ഒരു പാട് ആശാവഹമായ പ്രതീക്ഷകളാണ് നല്‍കുന്നത്. ഈ കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ പിന്നാക്കം പോയ വയനാട് പോലുള്ള വനവാസി ജില്ലകളില്‍ ചില വിദ്യാലയങ്ങളില്‍ അദ്ധ്യയന വര്‍ഷം പൂര്‍ത്തിയാവാനായിട്ടും ഒരു അദ്ധ്യാപകന്‍ പോലും ഇല്ല. ആറളം, മറയൂര്‍, ഇടമലക്കുടി തുടങ്ങിയ പ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ സോണ്‍ ഒരു കൈത്താങ്ങായി മാറും. അന്ധത ബാധിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പാഠപുസ്തകം എന്ന നിര്‍ദ്ദേശം ഉള്‍പ്പെടെ പുതിയവിദ്യാഭ്യാസ നയം വിദ്യാര്‍ത്ഥി കേന്ദ്രിതവും വിദ്യാര്‍ത്ഥി സൗഹൃദവുമാണ്. ഇതോടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം സര്‍വ്വസ്പര്‍ശിയായ ഒരു നയമായി മാറുന്നു.
അമിതമായ രാഷ്‌ട്രീയ ഇടപെടലുകളും സംഘടിത മതവിഭാഗങ്ങളുടെ വീതം വെപ്പും കേരളത്തിലെ വിദ്യാഭ്യാസ രീതിയെ അസന്തുലിതമാക്കിയിരുന്നു. അവസരങ്ങള്‍ നഷ്ടമാകുന്ന കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നവലോകത്തിന്റെ വാതായനങ്ങള്‍ തുറന്നിടുകയാണ് പുതിയ ദേശിയ വിദ്യാഭ്യാസ നയം.
അതിനോട് പുറം തിരിഞ്ഞ് നില്ക്കാതെ അതിനെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കാന്‍ കേരള സമൂഹം തയ്യാറാകണം. അതിന് കേരള സര്‍ക്കാരാണ് നേതൃത്വം നല്‍കേണ്ടത്. പുതിയ നയം നടപ്പിലാക്കാന്‍ വിദ്യാര്‍ത്ഥി പ്രാതിനിധ്യം ഉറപ്പുവരുത്തി ഒരു ടാസ്‌ക് ഫോഴ്‌സിന് കേരള സര്‍ക്കാര്‍ രൂപം നല്‍കണം.
ബി.കെ. പ്രിയേഷ് കുമാര്‍
(സംസ്ഥാന സംയോജകന്‍
വിദ്യാഭ്യാസ വികാസകേന്ദ്രം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: