തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പിനെച്ചൊല്ലി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷവിമര്‍ശനം. ഏരിയ കമ്മിറ്റിയെയും ലോക്കല്‍ കമ്മിറ്റിയെയും ബലികഴിച്ച് നേതാക്കള്‍ രക്ഷപെടാനാണ് ശ്രമിക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. നാല് ജില്ലാ സെക്രട്ടറിമാര്‍ക്ക് തട്ടിപ്പിനെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് ആരോപണമുയര്‍ന്നത്. 2016 മുതല്‍ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലുണ്ടായിരുന്ന ബേബി ജോണ്‍, എ.സി. മൊയ്തീന്, കെ. രാധാകൃഷ്ണന് എന്നിവര്‍ക്കും ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനും എതിരെയാണ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തില്‍ വിമര്‍ശനമുയര്‍ന്നത്.
വിഷയം സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്യുമെന്നായിരുന്നു വിജയരാഘവന്റെ മറുപടി. കെ. രാധാകൃഷ്ണന് കേന്ദ്രക്കമ്മിറ്റിയംഗമാണ്. ബേബി ജോണ്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗവും മൊയ്തീന് സംസ്ഥാന സമിതിയംഗവുമാണ്. ഇവര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യാന്‍ ജില്ലാ സെക്രട്ടേറിയറ്റിനാവില്ല. തട്ടിപ്പ് അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന ഏരിയ കമ്മിറ്റിക്കും ലോക്കല്‍ കമ്മിറ്റിക്കും എതിരെയുള്ള ആരോപണം തന്നെയാണ് നേതാക്കള്‍ക്കെതിരെയും ഉയരുന്നത്. അപ്പോള്‍ ഇവര്‍ക്കെതിരെയും നടപടി വേണ്ടേയെന്നായിരുന്നു അംഗങ്ങളുടെ ചോദ്യം. വിഷയം കേന്ദ്ര നേതൃത്വത്തിനും ചര്‍ച്ച ചെയ്യേണ്ടിവരുമെന്നുറപ്പാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മറ്റ് നടപടികള്‍ക്ക് സാധ്യതയില്ല. അതേസമയം, തട്ടിപ്പിന്റെ ഉത്തരവാദിത്വം ആരോപിച്ച് ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയും കരുവന്നൂര്‍, പൊറത്തിശ്ശേരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികളും പിരിച്ചുവിടാനാണ് ജില്ലാ സെക്രട്ടേറിയറ്റ് ശുപാര്‍ശ. ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: