കൊല്ലം: പ്ലസ് വണ്‍ ഏകജാലക അഡ്മിഷന് മുന്‍വര്‍ഷങ്ങളിലേത് പോലെ ഗ്രേഡ് മാനദണ്ഡമാക്കിയാല്‍ പഠിക്കുന്ന കുട്ടികളോടുള്ള കടുത്ത നീതിനിഷേധമാകുമെന്ന് കണക്കുകള്‍. 2020 വര്‍ഷത്തെ ഫുള്‍ എ പ്ലസുകാര്‍ 41,906 ആണെങ്കില്‍ ഇത്തവണയിത് 1,21,318 പേരാണ്. എസ്എസ്എല്‍സി പാഠഭാഗങ്ങള്‍ 75 ശതമാനം പോലും ഓണ്‍ലൈനില്‍ പഠിപ്പിക്കാത്ത സാഹചര്യത്തിലാണ് 99.47 ശതമാനം വിജയമുണ്ടായത്. ഇതിലെ അശാസ്ത്രീയത വിദ്യാഭ്യാസരംഗത്ത് സജീവ ചര്‍ച്ചയാണ്. സ്വാശ്രയ കോളേജുകളുടെ കടന്നുവരവോടെ പണം മാത്രം ഉന്നത പഠനത്തിനുള്ള യോഗ്യതയായി മാറിയതും അതുണ്ടാക്കിയ സാമൂഹിക വിപത്തും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് കാലത്ത് പത്താം ക്ലാസിലെ കുട്ടികള്‍ക്ക് ഏകദേശം ഒന്നര മാസം മാത്രമേ ഓഫ് ലൈന്‍ ക്ലാസ് നടത്തിയുള്ളൂ. ഈ ഒന്നര മാസം കൊണ്ട് പഠിപ്പിക്കാവുന്ന ഭാഗം മാത്രം ഉള്‍പ്പെടുത്തിയാണ് ഫോക്കസ് ഏരിയ തയാറാക്കിയത്. അതും ആദ്യ ഭാഗങ്ങള്‍ മാത്രം ഉള്‍പ്പെട്ടത്. പാഠഭാഗങ്ങള്‍ 25 ശതമാനത്തിനടുത്ത് വെട്ടിക്കുറച്ച് ഫോക്കസ് ഏരിയയും അതിനു പുറമേ പരീക്ഷയുടെ ചോദ്യപേപ്പര്‍ തയാറാക്കിയതും ഇരട്ടിമാര്‍ക്കിനാണ്. അതായത് 40 മാര്‍ക്കിനുള്ള പരീക്ഷയ്ക്ക് 80 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ നല്കി. കുട്ടിക്ക് ഏത് ചോദ്യത്തിനും എത്ര ചോദ്യത്തിനും ഉത്തരം നല്‍കാനുള്ള അവസരമുണ്ടാക്കി.
എഴുതിയ എല്ലാ ചോദ്യങ്ങളും നോക്കി വളരെ ലിബറലായി മാര്‍ക്ക് നല്‍കാനായിരുന്നു അദ്ധ്യാപകര്‍ക്ക് വാലുവേഷന് ക്യാമ്പുകളിലെ നിര്‍ദേശം. ഇതനുസരിച്ച് മൊത്തം മാര്‍ക്കായ 40ല്‍ 35 ലഭിച്ച കുട്ടിക്കും 80 മാര്‍ക്ക് ലഭിച്ച കുട്ടിക്കും ഒരേ സമയം എ പ്ലസ് ലഭിച്ചതായാണ് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ രീതിയിലാണ് സമ്പൂര്‍ണ എ പ്ലസുകാരുടെ എണ്ണം ഈ വര്‍ഷം ഗ്രേസ് മാര്‍ക്കുകള്‍ പോലും നല്കാതിരുന്നിട്ടും വര്‍ധിച്ചത്. ഇതിലൂടെ കുട്ടികള്‍ക്ക് അനായാസം മാര്‍ക്ക് സ്കോര്‍ ചെയ്യാന്‍ സഹായിച്ചെങ്കിലും പ്ലസ് വണ്‍ അഡ്മിഷന് ഈ ഗ്രേഡ് മാനദണ്ഡമാക്കിയാല്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയിട്ടുള്ളതും നല്ല പോലെ പഠിക്കുന്നതുമായ കുട്ടികള്‍ തഴയപ്പെടുമെന്നതാണ് വസ്തുത. മുന്‍ കാലങ്ങളില്‍ എ പ്ലസ് ഗ്രേഡ് നേടിയ രണ്ട് കുട്ടികള്‍ക്കിടയില്‍ ഉണ്ടായിരുന്ന മാര്‍ക്കിലെ ചെറിയ അന്തരം പോലും കൊവിഡ് കാലത്തെ പരീക്ഷയില്‍ ഇല്ലാതായി.
കരസ്ഥമാക്കിയ ഗ്രേഡ് അല്ലാതെ കുട്ടികള്‍ നേടിയ മാര്‍ക്ക് അവരുടെ മാര്‍ക്ക് ഷീറ്റില്‍ എഴുതാറില്ല എന്നതാണ് മറ്റൊരു സങ്കീര്‍ണമായ പ്രശ്നം. എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം വളരെയേറെ വര്‍ധിക്കുകയും ചില സ്കൂളുകളില്‍ ഫുള്‍ എ പ്ലസുകാരുടെ എണ്ണം മൊത്തം പ്ലസ് വണ്‍ മെറിറ്റ് സീറ്റിന്റെ രണ്ടിരട്ടിയിലധികം വരികയും ചെയ്തപ്പോള്‍ അര്‍ഹരായ അനവധി കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന സ്കൂളുകളില്‍ ഇഷ്ടപ്പെട്ട വിഷയ കോമ്പിനേഷനുകളില്‍ അഡ്മിഷന് കിട്ടാതെ പോകുമെന്ന സാഹചര്യമാണ്.
പ്രശ്നപരിഹാരം സാധ്യമാണ്
കൊവിഡ് കാലത്ത് നടത്തിയ പരീക്ഷയായതിനാല്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡിന് പുറമേ കുട്ടികള്‍ ഓരോ വിഷയത്തിലും നേടിയ മാര്‍ക്ക് കൂടി രേഖപ്പെടുത്തുകയും പ്ലസ് വണ്‍ അഡ്മിഷന് ഗ്രേഡിന് പകരം നേടിയ മാര്‍ക്ക് മാനദണ്ഡമാക്കുകയും ചെയ്യുന്നതിലൂടെ പ്രശ്ന പരിഹാരം സാധ്യമാണെന്ന് കേരളാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ഡോ.എന്‍. സക്കീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: