കൊല്ലം: ജില്ലയില്‍ ആദ്യമായി സിക്ക വൈറസ് രോഗബാധ സ്ഥിരീകരിച്ചു. നെടുമ്പന പഴങ്ങാലം സ്വദേശിനിയായ മുപ്പത് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന രോഗി ദിവസങ്ങളായി നെടുമ്പനയില്‍ ഉണ്ടായിരുന്നു.
സിക്ക രോഗം റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയില്‍ നിന്നാകാം ഇവര്‍ക്ക് രോഗം പിടിപെട്ടതെന്ന് കരുതുന്നു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗിയുടെ വാസസ്ഥലവും പരിസരത്തെ 100 വീടുകളും ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് ഔഷധം ചേര്‍ത്ത കൊതുകുവലകള്‍ വിതരണം ചെയ്തു.
വര്‍ധിച്ച കൊതുകു സാന്ദ്രതാ പ്രദേശങ്ങളായ കൊല്ലം കോര്‍പറേഷന്‍, മൈനാഗപ്പള്ളി, അഞ്ചല്‍, ആയൂര്‍, ഇടമുളയ്‌ക്കല്‍, തഴവ എന്നവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാനും ആരോഗ്യ വകുപ്പ് അധികൃതര്‍ തീരുമാനിച്ചു. അടുത്തിടെ തിരുവനന്തപുരത്താണ് കേരളത്തില്‍ ആദ്യമായി സിക്ക വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.
രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ വൈറസ് വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈഡിസ് കൊതുകുകളാണു സിക്ക രോഗം പരത്തുന്നത്. ജില്ലയില്‍ കൊതുകുകള്‍ കൂടുതലായതിനാല്‍ കൊതുകു കടിയേല്‍ക്കാതെ ശ്രദ്ധിക്കുകയാണു വളരെപ്രധാനം.
പ്രതിരോധം ഊര്‍ജിതമാക്കി: ഡിഎംഒ
ജില്ലയില്‍ ആദ്യമായി സിക്ക രോഗം കണ്ടത്തിയ സാഹചര്യത്തില്‍ പ്രദേശത്ത് പ്രതിരോധ നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയതായി ഡിഎംഒ ഡോ.ആര്‍. ശ്രീലത. ഫോഗിംഗ്, സ്പ്രേയിംഗ് എന്നിവ നടത്തുന്ന പ്രദേശം ഒരു മാസക്കാലയളവില്‍ പ്രത്യേകമായി നിരീക്ഷിക്കും. ജില്ലയൊട്ടാകെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും രോഗം സ്ഥിരീകരിച്ച രോഗിയുടെ വാസസ്ഥലവും പരിസരത്തെ വീടുകളും ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിരീക്ഷിക്കുമെന്നും ഡിഎംഒ പറഞ്ഞു.
സിക്ക വൈറസ് ബാധ ?
കൊതുകുകള്‍ വഴി പടരുന്ന രോഗമാണ് സിക്ക. ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയക്കും സമാനമായ രോഗലക്ഷണം തന്നെയാണ് സിക്ക വൈറസ് ബാധയ്‌ക്കും. പകല്‍ കടിക്കുന്ന ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകാണ് വൈറസ് പരത്തുന്നത്. മനുഷ്യരില്‍ സിക്ക പനി എന്നു പേരുള്ള ലഘുപനി വരാന്‍ ഇവ ഇടയാക്കുന്നു. ഫ്‌ലാവിവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ഫ്‌ലാവിവൈറസ് ജനുസിലെ ഒരു അംഗമാണ് സിക്ക വൈറസ്.
സിക്ക വൈറസ് ബാധയ്‌ക്ക് പ്രത്യേകിച്ച് ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയാണ് രോഗികള്‍ക്ക് നല്‍കുക. സിക്ക വൈറസ് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറില്ല. വിശ്രമിച്ചാല്‍ പൂര്‍ണമായും മാറും. സാധാരണക്കാര്‍ സിക്ക വൈറസിനെ പേടിക്കേണ്ടതില്ലെന്നു പറയുമ്പോള്‍ ഗര്‍ഭിണികള്‍ ഇതിനോട് ഏറെ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പും ആരോഗ്യവിഭാഗം നല്‍കുന്നുണ്ട്. പനി, തലവേദന, ക്ഷീണം, ചെങ്കണ്ണ്, ശരീരത്തില്‍ റാഷസ് തുടങ്ങിയവയാണു ലക്ഷണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: