മൂന്നാര്‍: കാലവര്‍ഷം കനത്തതോടെ മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന റോഡില്‍ പെരിയവര പാലത്തിന് സമീപം പാതയോരമിടിഞ്ഞത് ഭീഷണി ഉയര്‍ത്തുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ റോഡിന്റെ ഒരു വശമിടിഞ്ഞ് സമീപത്തെ പുഴയിലേക്ക് പതിച്ചതോടെ റോഡിന് ബലക്ഷയം സംഭവിക്കുകയും പാതയുടെ വീതി നഷ്ടപ്പെടുകയും ചെയ്തു.
ശനിയാഴ്ച്ച രാവിലെ ഭാരം കയറ്റി ഇതുവഴിയെത്തിയ ലോറി ചെളിയില്‍ കുടുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമായി. പാതയോരം കൂടുതല്‍ ഇടിഞ്ഞാല്‍ ഗതാഗതം നിലക്കുന്ന സാഹചര്യമാണുള്ളത്. ചെറിയ വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇതുവഴി കടന്ന് പോകുന്നത് ചരക്ക് ഗാതഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്.
ഒരു വര്‍ഷം മുമ്പായിരുന്നു പെരിയവരയില്‍ പുതിയതായി നിര്‍മിച്ച പാലം ഗതാഗതത്തിനായി തുറന്ന് നല്‍കിയത്. 2018ലെ പ്രളയത്തിലാണ പഴയ പാലം തകര്‍ന്നത്. പുതിയപാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കും വരെ മഴക്കാലങ്ങളില്‍ പെരിയവരയില്‍ പാലം ഒലിച്ച് പോയി ഗതാഗത തടസ്സമുണ്ടാകുന്നത് പതിവായിരുന്നു. പെട്ടിമുടി ദുരന്തം ഉണ്ടായപ്പോഴും പാലം തകര്‍ന്നത് എറെ പ്രതിസന്ധിയാലാക്കിയിരിന്നു.
പുതിയപാലത്തിലൂടെ ഈ പ്രശ്നം പരിഹരിച്ചതിന് പിന്നാലെയാണ് പാതയോരമിടിഞ്ഞ് വീണ്ടും പ്രദേശത്ത് പ്രതിസന്ധി രൂപം കൊണ്ടിട്ടുള്ളത്. ഗതാഗത തടസ്സമുണ്ടാകാതെ കാര്യങ്ങള്‍ സുഗമമാക്കാനുള്ള ശ്രമം നടത്തുമെന്ന് സ്ഥലം സന്ദര്‍ശിച്ച ദേവികുളം എംഎല്‍എ അഡ്വ. എ. രാജ പറഞ്ഞു.
മഴക്ക് ഇടവേള ആശ്വാസമായി
മൂന്നാര്‍ ടൗണില്‍ പോലീസ് ക്യാന്റീന് സമീപം വെള്ളിയാഴ്ച്ച രാത്രിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിന്നീട് മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. അതേ സമയം കഴിഞ്ഞ രണ്ടു ദിവസങ്ങളായി പെയ്തു വന്നിരുന്ന ശക്തമായ മഴയ്ക്ക് ശനിയാഴ്ച പകല്‍ കുറവ് വന്നത് മൂന്നാറിലെ തോട്ടം മേഖലയ്ക്ക് ആശ്വാസമായി. ദേവികുളം മൂന്നാര്‍ റോഡില്‍ സര്‍ക്കാര്‍ കോളേജിന് സമീപം മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇതുവഴിയുള്ള ഗതാഗതം വെള്ളിയാഴ്ച്ചയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പൂര്‍ണതോതിലായിട്ടില്ല. ജാഗ്രതാ നടപടികളുടെ ഭാഗമായി മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഇക്കാനഗര്‍ സ്വദേശികളായ രണ്ട് പേരെ ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
കല്ലാര്‍കുട്ടി അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നിരിക്കുകയാണ്. അടിമാലി മുതല്‍ മൂന്നാര്‍ വരെയുള്ള ദേശിയപാതയുടെ ചില ഭാഗങ്ങളില്‍ നേരിയ തോതിലുള്ള മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. ദേവിയാര്‍ പുഴ, മുതിരപ്പുഴ, കന്നിമല, നല്ലതണ്ണി തുടങ്ങിയ പുഴകളിലൊക്കെയും ഉയര്‍ന്ന ജലനിരപ്പും അപകടകരമായ ഒഴുക്കുമുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള, ഹെഡ് വര്‍ക്ക്സ്, പൊന്മുടി, ചെങ്കുളം അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. മറയൂര്‍ സ്വദേശിയായ സത്യബാലന്റെ വീടിന് മഴയെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചു. മരം വീണ് വൈദ്യുതി ബന്ധം തടസ്സപ്പെട്ട മാങ്കുളം, കുരിശുപാറമേഖലകളിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: