പള്ളുരുത്തി: പതിവില്ലാതെ നാടക പ്രവര്ത്തകന് സതീഷ് ബാബുവിന്റെ പുലര്‍ച്ചെയുള്ള ഫോണ്‍ കോള്‍ കണ്ട് കലാകാരനും നാടക പ്രവര്‍ത്തകനുമായ കൊച്ചിന് ബാബു ആദ്യമൊന്ന് അമ്പരന്നു; സതീഷിന്റെ ശബ്ദത്തിലും ഒരു വിറയല്‍. സംസാരത്തിലേക്ക് കടന്നപ്പോഴാണ് കാര്യത്തിന്റെ ഗൗരവം പിടികിട്ടുന്നത്. ബാബു അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പറഞ്ഞ് ഫേസ്ബുക്ക് മെസ്സഞ്ചറിലേക്ക് ഒരു സന്ദേശം വന്നതും ചികിത്സിക്കാന്‍ പണം ആവശ്യമാണെന്നും അടിയന്തിര സഹായം വേണമെന്നുമായിരുന്നു ഉള്ളടക്കം. ബാബുവുമായുള്ള സംസാരത്തിനിടയിലാണ് സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ടത്. സന്ദേശം വരുന്നതിന് തലേദിവസമാണ് ബാബുവിന്റെ പുതിയ ഫ്രണ്ട് റിക്വസ്റ്റ് സതീഷ് ആസപ്റ്റ് ചെയ്തത്.
പ്രമുഖരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് പണം തട്ടുന്ന സംഘമാണ് ഇത്തരം തട്ടിപ്പിന് പിന്നിലെന്ന് മനസ്സിലാക്കുന്നവര്‍ വളരെ കുറവാണ്. പലരും പലപ്പോഴായി തട്ടിപ്പിന്റെ ഇരകളായി മാറുകയും ചെയ്യുന്നു. നവമാധ്യമങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കിയിട്ടുള്ള സ്വാധീനത്തിന്റെ ചെറിയ ഉദാഹരണം മാത്രമാണ് ബാബുവിന്റെ അനുഭവം. ദൈനംദിനം നിരവധി പരാതികളാണ് സിറ്റി സൈബര്‍ സെല്ലിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള ഇത്തരം തട്ടിപ്പുകളില്‍ ഒരാളെ പോലും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
ഏറ്റവും കൂടുതല്‍ ഫോളോവേഴ്സും, സമൂഹത്തില്‍ ഉന്നത ശ്രേണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സുഹൃത്തുക്കളായുള്ളവരുടെ അക്കൗണ്ടാണ് സംഘം വ്യാജമായി നിര്‍മിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് നൂറുകണക്കിന് സൗഹൃദ അഭ്യര്‍ഥനകളാണ് ഇവര്‍ അയക്കുന്നത്. ഒരു പരിധിവരെ ഇവയെല്ലാം അംഗീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ ഇക്കൂട്ടര്‍ സഹായ അഭ്യര്‍ഥനയുമായി മെസ്സഞ്ചറില്‍ പ്രത്യക്ഷപ്പെടുകയാണ് പതിവ്. ഗൂഗില്‍ പേവഴിയോ, ഫോണ്‍ പേ വഴിയോപണം അയച്ചുതരാന്‍ ആവശ്യപ്പെടുന്ന സംഘം വിശ്വാസം നേടിയെടുത്ത് മുന്നോട്ടു പോകും.
കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ നിരവധി പേരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നവര്‍ ഇനി കരുതിയിരിക്കണമെന്ന സന്ദേശമാണ് പുതിയ സംഭവവികാസങ്ങള്‍ സൂചന നല്‍കുന്നത്. കൊച്ചിന് ബാബുവിന്റെ സംഭവം പുറത്തു വന്നയുടന്‍ തട്ടിപ്പിന് ഇരയായവര്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നു. കൊച്ചിന് ബാബു കൊച്ചി സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: