ന്യൂദല്‍ഹി : ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യയുടെ താരങ്ങള്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒളിമ്പിക്‌സില്‍ ത്രിവര്‍ണ്ണ പതാക പാറി പറന്നപ്പോള്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ന്നു. എല്ലാ താരങ്ങള്‍ക്കും മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിയട്ടേയെന്നും പ്രധാനമന്ത്രി ആശംസിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിസഭ പുനസംഘടനക്ക് ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യ മന്‍ കി ബാത്ത് ആയിരുന്നു ഇത്.
ഒളിമ്പിക്‌സ് ആദ്യ ദിനത്തില്‍ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീരാബായ് ചാനുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ അഭിനന്ദനം അറിയിച്ചിരുന്നു. ചാനുവിന്റെ വിജയം ഓരോ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുന്നതാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം പുറത്തെടുത്ത ചാനു 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഒളിമ്പിക ചരിത്രത്തില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു.
ഓഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളില്‍ എല്ലാവരും പങ്ക് ചേരണമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ ആവശ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യ സമരത്തേയും തിങ്കളാഴ്ച ആഘോഷിക്കുന്ന കാര്‍ഗില്‍ വിജയ് ദിവസിനേയും അദ്ദേഹം അനുസ്മരിച്ചു. സായുധ സേനയുടെ വീര്യത്തിന്റെയും അച്ചടക്കത്തിന്റെയും പ്രതീകമാണ് കാര്‍ഗില്‍ യുദ്ധമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
1999 ല്‍ രാജ്യത്തിന്റെ അഭിമാനം കാത്തവര്‍ക്ക് കാര്‍ഗില്‍ ദിവസത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. ഈ വര്‍ഷം അമൃത് മഹോത്സവത്തിനിടെയിലാണ് കാര്‍ഗില്‍ ദിവസ് ആഘോഷിക്കുന്നത്. കാര്‍ഗിലിന്റെ ആവേശകരമായ കഥ എല്ലാവരും വായിക്കണമെന്നും യോദ്ധാക്കളെ ഓര്‍മ്മിക്കണമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: