തൃശൂര്‍: വായ്പാത്തട്ടിപ്പിനെത്തുടര്ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ബാധ്യതകള്‍ കേരള ബാങ്കിനെ ഏല്‍പ്പിക്കാനുള്ള നീക്കം ചട്ടവിരുദ്ധം. ഇത് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് നിയമ വിദഗ്ധരും. റിസര്‍വ്വ് ബാങ്ക് ഇടപെടുമെന്നാണ് സൂചന.
ബാധ്യതകള്‍ കേരള ബാങ്കിനെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. നിക്ഷേപകരും വായ്പാത്തട്ടിപ്പിനിരയായവരും വലിയ പ്രതിഷേധമുയര്‍ത്തുന്ന സാഹചര്യത്തിലാണിത്. അതേസമയം, നിക്ഷേപകരുടെ പ്രതിഷേധം താത്കാലികമായി അടക്കിനിര്‍ത്താനുള്ള സിപിഎം നേതൃത്വത്തിന്റെ പ്രചാരണം മാത്രമാണിതെന്നും സംശയമുണ്ട്.
അടിയന്തരമായി 150 കോടി രൂപയെങ്കിലും കണ്ടെത്തേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് ശരിയായ കണക്കല്ല. 400 കോടിയുടെ മുകളില്‍ നിക്ഷേപകര്‍ക്ക് നല്‍കാനുണ്ട്. മതിയായ ഈടില്ലാതെ കേരള ബാങ്കില്‍ നിന്ന് ഈ തുക കൈമാറാനാവില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരെങ്കിലും പരാതിപ്പെട്ടാല്‍ കേരള ബാങ്കിനെതിരെ റിസര്‍വ്വ് ബാങ്ക് നടപടിയുണ്ടാകും. നിലവില്‍ അന്‍പത് കോടി രൂപയോളം കരുവന്നൂര്‍ ബാങ്കിന് കേരള ബാങ്കില്‍ കടമുണ്ട്. ഇത് തന്നെ മതിയായ ഈടില്ലാതെയാണ് നല്‍കിയത്. ഈ സാഹചര്യത്തില്‍ കേരള ബാങ്കിന് ചട്ടവിരുദ്ധമായി ഇനിയും വലിയ തുക നല്‍കാനാവില്ല.
പരാതിക്കാരെ നിശബ്ദരാക്കാനുള്ള തന്ത്രമാണ് സിപിഎമ്മും സര്‍ക്കാരും സ്വീകരിക്കുന്നത്. തട്ടിപ്പ് പുറത്തുവന്നതോടെ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് ജില്ലയില്‍ പാര്‍ട്ടി. പരാതിക്കാര്‍ നിശബ്ദരായാല്‍ പ്രതികളെ വലിയ പരിക്കുകളില്ലാതെ രക്ഷിച്ചെടുക്കാമെന്നാണ് കണക്കുകൂട്ടല്‍.
കേരളബാങ്കില്‍ നിന്ന് ഇത്രയും വലിയ തുക കൈമാറാന്‍ പറയുന്നതില്‍ പാര്‍ട്ടിക്കുള്ളിലും ബാങ്ക് ഭരണസമിതിയിലും എതിര്‍പ്പുണ്ട്. കേരള ബാങ്കിന്റെ അടിത്തറ ദുര്‍ബലമാക്കുന്ന നീക്കമാണിതെന്നും റിസര്‍വ്വ് ബാങ്ക് നടപടി ക്ഷണിച്ചുവരുത്തുന്നതാണെന്നും ജനറല്‍ മാനേജര്‍മാര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ നിര്‍ദേശമൊന്നും വന്നിട്ടില്ലെന്നും അങ്ങനെയൊരു നിര്‍ദേശം വന്നാല്‍ അതനുസരിക്കുമെന്നുമാണ് കേരള ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കലിന്റെയും വൈസ് ചെയര്മാന് എം.കെ. കണ്ണന്റേയും നിലപാട്. മറ്റ് ഡയറക്ടര്‍മാര്‍ക്ക് ഇതില്‍ ഭിന്നാഭിപ്രായമുണ്ട്. തട്ടിപ്പ് നടത്തിയവരില്‍ നിന്ന് പണം ഈടാക്കണമെന്നും ഈടില്ലാതെ കേരള ബാങ്കിന്റെ പണം കൈമാറരുതെന്നും സഹകാരികളുടെ വിവിധ സംഘടനകളും അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: