ഔദ്യോഗിക തുടക്കത്തിനു ശേഷമുള്ള ആദ്യ ഒളിമ്പിക് ദിനം ഇന്ത്യ മെഡല്‍ നേട്ടംകൊണ്ട് ആഘോഷമാക്കുമ്പോള്‍, രണ്ടു പതിറ്റാണ്ടിനു മുന്‍പത്തെ സിഡ്നി-2000 ഒളിമ്പിക്സിലെ ഒരു ദിനം മനസ്സില്‍ വരുന്നു. ഇന്നലെ വെള്ളിമെഡലണിഞ്ഞത് മണിപ്പൂരില്‍ നിന്നുള്ള മീരാബായ് ചാനു. സിഡ്നിയില്‍ വെങ്കലം അണിഞ്ഞത് ആന്ധ്രക്കാരി കര്‍ണം മല്ലേശ്വരി. ഇരുവരുടേയും നേട്ടം വനിതാ ഭാരോദ്വഹനത്തില്‍. മല്ലേശ്വരി 69 കിലോ വിഭാഗത്തില്‍. ചാനു 49 കിലോയില്‍. മല്ലേശ്വരിയുടേത് ഒളിമ്പിക്സ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ വനിതയുടെ ആദ്യ മെഡല്‍ വിജയം. ചാനുവിന്റേത് ഭാരോദ്വഹനത്തിലെ ആദ്യ വനിതാ വെള്ളി മെഡലും. സമാനതകള്‍ അവിടെ അവസാനിക്കുമ്പോഴും ചാനുവിന്റെ മെഡലിനു പ്രാധാന്യം ഏറെയുണ്ട്. പ്രധാനമന്ത്രി പറഞ്ഞതുപോലെ, ഒളിമ്പിക്സില്‍ ഇതിലും നല്ലൊരു തുടക്കം കിട്ടാനുണ്ടോ ഇന്ത്യന്‍ ടീമിന്. ഗുഡ് ലിഫ്റ്റ് ചാനു…! മുതല്‍ക്കൂട്ടാന്‍ ഹോക്കി ടീമിന്റെ വിജയവും.
മല്ലേശ്വരിയുടേയും ചാനുവിന്റേയും നേട്ടങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ വനിതാ കായികരംഗം ഏറെ തിളക്കം നേടിക്കഴിഞ്ഞു. ബാഡ്മിന്റണില്‍ സൈന നെഹ്വാളും പി.വി.സിന്ധുവും ഇന്ത്യക്കായി ഒളിമ്പിക് മെഡല്‍ അണിഞ്ഞു കഴിഞ്ഞല്ലോ. പക്ഷേ, രണ്ടായിരം എന്ന ഗ്ളാമര്‍ വര്‍ഷത്തില്‍ മല്ലേശ്വരി ഭാരമുയര്‍ത്താന്‍ തുടങ്ങുമ്പോള്‍ ഒരു ഇന്ത്യന്‍ വനിതയും ഒളിംപിക് പോഡിയത്തില്‍ കയറിയിരുന്നില്ല. ചരിത്രത്തിലേക്കായിരുന്നു ആ ഉയര്‍ത്തല്‍. കര്ണത്തിന് ആരും തന്നെ വലിയ സാധ്യത കല്പിച്ചിരുന്നുമില്ല. ഇന്ത്യക്കാര്‍ക്ക് ഇതൊന്നും പറഞ്ഞിട്ടില്ല എന്ന മട്ടിലായിരുന്നു പൊതുവെ പ്രതികരണം. സനാമാച്ച ചാനുവിലായിരുന്നു വിദഗ്ധര്‍ പ്രതീക്ഷ വച്ചത്. പേരിലും കാഴ്ചയിലും ഓമനത്തം തുളുമ്പുന്ന ഡാര്‍ളിങ് ഹാര്‍ബറില്‍ അന്ന് മല്‍സരം നടക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ കാര്യമായി ആരും ഉണ്ടായിരുന്നുമില്ല. വളരെ വൈകി, അന്നത്തെ അവസാന ഇനമായിട്ടായിരുന്നു ആ ഇനം. അതേ സമയത്തു തന്നെ ഹോക്കി മൈതാനത്ത് ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുകയുമാായിരുന്നു. മിക്കവരും ഹോക്കിയാണു തെരഞ്ഞെടുത്തത്. ഉശിരന്‍ കളി. അവിടെ ഇന്ത്യ സമനിലയോടെ പൊരുതി നില്‍ക്കുമ്പോഴാണ് ഡാളിങ് ഹാര്‍ബറില്‍ നിന്നു വാര്‍ത്തയെത്തുന്നത്. കര്‍ണം മല്ലേശ്വരി മെഡല്‍ ഭാരത്തിലേയ്ക്കു മുന്നേറുന്നുവെന്ന്. അതോടെ പലരും അങ്ങോട്ടു വച്ചുപിടിച്ചു. കൂടെ ഞാനും. സ്നാച്ചിലും ക്ളീന്‍ ആന്‍ഡ് ജര്‍ക്കിലുമായി 240 കിലോ ഉയര്‍ത്തി മല്ലു ഇന്ത്യയെ മെഡല്‍ അണിയിച്ചപ്പോള്‍ കാണാന്‍ അധികമാരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞു പലരും ഗെയിംസ് വില്ലേജില്‍ എത്തിയെങ്കിലും സമയം കഴിഞ്ഞതിനാല്‍ മെഡല്വിജയിയെ അന്നു കാണാന്‍ അനുവാദവുമില്ലായിരുന്നു.
പിറ്റേന്ന,് ഇന്ത്യയുടെ ആദ്യവനിതാ മെഡല്‍ ജേതാവിന്റെ ആദ്യ ദിനത്തേക്കുറിച്ചു ചോദിച്ചപ്പോള്‍ മല്ലു എതോ അത്ഭുത ലോകത്തായിരുന്നു. ഒളിമ്പിക് മെഡല്‍ വിജയി എന്നതിലേയ്ക്കു മനസ്സു പാകപ്പെട്ടു വരാന്‍ സമയമെടുത്തു. നേട്ടത്തിന്റെ വലിപ്പം ശരിക്കും അറിഞ്ഞതു പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി നേരിട്ടു വിളിച്ച് അഭിനന്ദിച്ചപ്പോഴാണെന്ന് മല്ലു പറഞ്ഞതോര്‍ക്കുന്നു. എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നോടു സംസാരിക്കുക -അതു വിശ്വസിക്കാന്‍ താരം പാടുപെടുന്നതുപോലെയാണു തോന്നിയത്. ഫോണ്‍വിളികളുടെ ബഹളമയം. നടക്കില്ലെന്നു പറഞ്ഞവരുടെ വിസ്മയത്തോടെയുളള്ള വിളികള്‍. സന്തോഷംകൊണ്ട് ഇരിക്കാന്‍ മേലേ എന്ന മട്ടില്‍ ഭര്‍ത്താവ് പിറ്റേറ്റു തന്നെ സിഡ്നിയില്‍ പറന്നെത്തി. വീട്ടില്‍ നിന്ന് അമ്മയുടെ വിളി – മേളയൊക്കെ അവിടെ നടക്കട്ടെ, മോളിങ്ങു വാ – എന്ന്. പറയുമ്പോള്‍ ഹൃദയത്തിന്റെ തുടിപ്പു നമുക്കു കേള്‍ക്കാമെന്നു തോന്നും. ഡാളിങ് ഹാര്‍ബറിലെ മല്ലേശ്വരി ഇന്ത്യയുടെ ഓമനയായ ദിവസമായിരുന്നു അത്.
അതൊരു അനുഭവമാണ്. കായികതാരങ്ങള്‍ ഓരോ നേട്ടത്തിലും അനുഭവിക്കുന്ന സുഖകരമായ അനുഭവം. അവര്‍ ഒഴുക്കിയ വിയര്‍പ്പു തുള്ളികള്‍ അപ്പോള്‍ ആനന്ദത്തിന്റെയും അനുഭൂതിയുടേയും കണ്ണുനീരായി കവിളിലൂടെ ഒഴുകിയിറങ്ങും. മെഡല്‍ പോഡിയത്തില്‍ നില്ക്കുന്ന താരത്തിന്റെ മനസ്സ് പറയുന്നത് അനുഭിച്ചാല്‍ മാത്രം അറിയാന്‍ കഴിയുന്നൊരു കഥയാണ്. അന്നു മല്ലേശ്വരി, ഇന്നലെ ചാനുവും അത് അനുഭവിച്ചിട്ടുണ്ടാവും. സൈനയും സിന്ധുവും ഹോക്കി ടീമുകളും മറ്റും അനുഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: