അനീഷ് കെ.അയിലറ
കറുത്ത കാറ്റിന്റെ
ചിറകിലേക്കൊരാള്
വെറുപ്പുകൂട്ടിവ-
ച്ചെറിഞ്ഞു നോക്കുന്നു
അകലെ നില്ക്കുന്ന
മരക്കൊമ്പില്‍ ചാഞ്ഞ
മകര സൂര്യനെ
യര്‍ത്തി മാറ്റുവാന്‍.
ഇരുട്ടു മൂടിയ-
ങ്ങിതുവഴി പോയ
വെളുത്ത പൂച്ചപോല്‍
പതുങ്ങും നോട്ടത്തില്‍
നരച്ച സൂര്യന്റെ
വയസ്സു കൂട്ടുന്ന
വഴിക്കണക്കില്‍ ഞാന്‍
പകച്ചു നില്ക്കുന്നു.
വിയര്‍ത്ത കാഴ്ചയില്‍
കിതയ്ക്കുമച്ഛന്റെ
പഴയ ക്യാമറ
പതിച്ച ചിത്രത്തില്‍
പകല്‍ കിനാവുക –
ളുടഞ്ഞ സെല്‍ഫിയില്‍
നിറം പകര്‍ത്തുന്നു
കടലിന് സന്ധ്യകള്‍.
മനസ്സും വായുവും
മധുര സ്വപ്നവും
വിലയ്ക്ക് വാങ്ങുവാന്‍
വിധിച്ച നമ്മള്‍ക്കു
ഇതെന്റെ ചിത്രങ്ങ-
ളിതെന്റെയാകാശം
ഇതെന്റെ ഭൂമിയെ-
ന്നളന്നു വയ്ക്കുന്നു.
വലിയ ക്യാന്വാസു
ചുരുങ്ങി വന്നൊരു
ചെറിയ ചിപ്പില-
ങ്ങൊളിഞ്ഞിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: