കോഴിക്കോട്: എറണാകുളം വൈപ്പിന്‍ ഞാറയ്ക്കലിലെ എആര്‍ഡി: 50 ലൈസന്‍സ് ഉടമ കെ.ആര്. അനിരുദ്ധനടക്കം ഇതുവരെ 51 റേഷന്‍ വ്യാപാരികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍, ഒരു പരിഗണനയും സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയിട്ടില്ല. ഒരു കുടുംബവും പട്ടിണി കിടക്കാതിരിക്കാന്‍ കൊവിഡ് പശ്ചാത്തലത്തില്‍ ജീവന് പണയംവെച്ച് കര്‍മ്മരംഗത്തുള്ള റേഷന്‍ വ്യാപാരികള്‍ വികാരാധീനരായി പറയുന്നു,” ഞങ്ങളും മനുഷ്യരാണ്, തെരുവ് നായയ്ക്ക് ചത്താല്‍ കിട്ടുന്ന പരിഗണനപോലും ഞങ്ങള്‍ക്ക് ലഭിക്കുന്നില്ല.” ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തണമെന്നും മുന്നണിപ്പോരാളികളായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രിമാരെയടക്കം കണ്ട് നിവേദനം നല്‍കിട്ടും ഫലമുണ്ടായിട്ടില്ല.
കൊവിഡ് രോഗബാധിതര്‍ കൂടിക്കൊണ്ടിരിക്കെയും ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപഴകുന്നവരാണ് റേഷന്‍ വ്യാപാരികള്‍. ഇവര്‍ക്ക് മതിയായ സുരക്ഷ സംവിധാനങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ല. കുറ്റമറ്റ സാങ്കേതിക വിദ്യ ഇല്ലാത്തതിനാല്‍ സെര്‍വര്‍-നെറ്റ്വര്‍ക്ക് തകരാറില്‍ റേഷന്‍ മുടങ്ങുന്നത് പതിവാണ്. അതിനാല്‍ ഉപഭോക്താക്കളുടെ തിരക്കില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാനുമാകുന്നില്ല. പരിഹരിക്കാന്‍ സര്‍ക്കാരിന്റെ നടപടിയില്ലെങ്കില്‍ കൂടുതല്‍ പേര്‍ക്ക് ജീവന് നഷ്ടമാകാം.
കഴിഞ്ഞകാല കമ്മീഷന് കുടിശ്ശിക ലഭിക്കാത്തതിനാല്‍ റേഷന്‍ വ്യപാരികളില്‍ പലരും സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാല്‍ സുരക്ഷാ ഉപകരണങ്ങള്‍ സൗജന്യമായി നല്കി, ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. കൊവിഡ് ബാധിച്ച വ്യാപാരികള്‍ക്ക് ഒരു മാസത്തില്‍ ലഭിക്കുന്ന കമ്മീഷന് തുകയെങ്കിലും സൗജന്യമായി നല്കിയാല് മാത്രമേ പ്രതിസന്ധിയില്‍ പിടിച്ച് നില്ക്കാന് ഇവര്‍ക്ക് കഴിയുകയുള്ളൂവെന്ന് അവര്‍ വിശദീകരിക്കുന്നു.
റേഷന്‍ കടകളിലൂടെ നടത്തിയ കിറ്റ് വിതരണത്തിന് കമ്മീഷന് 10 മാസമായി സര്‍ക്കാര്‍ കൊടുത്തിട്ടില്ല. സേവനമായി കണക്കാക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വ്യാപാരികള്‍ക്കിത് ഇരട്ടപ്രഹരമാണ്. ജൂലൈ 26ന് സെക്രട്ടേറിയറ്റ് പടിക്കലും ജില്ലാ ആസ്ഥാനങ്ങളിലും താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുന്‍പിലും പ്രതിഷേധിക്കാനൊരുങ്ങുകയാണ് റേഷന്‍ വ്യാപാരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: