ഇടുക്കി: ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് മൂന്നാറില്‍. ദേവികുളം താലൂക്കില്‍ 11.96 സെ.മീ. മഴയാണ് പെയ്തിറങ്ങിയത്. പീരുമേട്- 9.5, ഉടുമ്പന്‍ചോല-6.49, ഇടുക്കി- 6, തൊടുപുഴ 1.58 സെ.മീ. വീതവും മഴ ലഭിച്ചു.
26-ാം തിയതി വരെ ജില്ലയില്‍ കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഇന്ന് രാവിലെ കരതൊടുമെങ്കിലും ജില്ലയില്‍ ഹൈറേഞ്ച് മേഖലയില്‍ ഇടവിട്ട് മഴ തുടരും. രാത്രിയോടെ കുറഞ്ഞ് തുടങ്ങുന്ന മഴ ചൊവ്വാഴ്ചയോടെ ദുര്‍ബലമാകുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ദേവികുളം, പീരുമേട് താലൂക്കുകളിലാണ് കൂടുതല്‍ ശക്തമായ മഴക്ക് സാധ്യതയുള്ളത്.
കേരളത്തിന്റെ ഭൂപ്രകൃതി മൂലമുള്ള ഓറോഗ്രാഫിക് ലിഫ്റ്റ് ആണ് കേരളത്തില്‍ മലയോരത്ത് മഴ ശക്തിപ്പെടാന്‍ കാരണം. ഗുജറാത്ത് മുതല്‍ വടക്കന്‍ കേരളം വരെ നീളുന്ന ന്യൂനമര്‍ദ പാത്തിയും ന്യൂനമര്‍ദത്തിന്റെ ഭാഗമായ പുള്‍ എഫക്ടും ഇതിന് ശക്തി കൂട്ടി. മഴക്കൊപ്പം ശക്തമായ കാറ്റും ജനജീവിതത്തെ വലക്കുകയാണ്. മഴ തുടരുന്നതിനാല്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകളുമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
അതേ സമയം കുണ്ടള ജലാശയത്തില്‍ ഒരു ദിവസത്തിനിടെ 4 ശതമാനം വെള്ളം കൂടി 46ലെത്തി. മാട്ടുപ്പെട്ടിയില്‍ രണ്ട് ശതമാനം വെള്ളം കൂടി. ആനയിറങ്കല്‍-41, പൊന്മുടി- 64, നേര്യമംഗലം ലോവര്‍ പെരിയാര്‍ 100 ശതമാനവും വീതവുമാണ് ജലശേഖരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: