ടോക്കിയോ: ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുള്ള ഒളിമ്പിക്സ് ബാഡ്മിന്റണ്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. റിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയ പി.വി. സിന്ധുവിലാണ് ഇന്ത്യയുടെ പ്രതീക്ഷ. അഞ്ചു വര്‍ഷം മുമ്പ് റിയോയില്‍ സ്വന്തമാക്കിയ വെളളി സിന്ധു ഇത്തവണ സ്വര്ണമാക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ജനത.
നാളെയാണ് സിന്ധുവിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ജെയിലെ ആദ്യ പോരാട്ടത്തില്‍ ഇസ്രായേലിന്റെ ലോക 58-ാം റാങ്കുകാരിയായ പോളികാര്പോവിനെ എതിരിടും. ഹോങ്കോങ്ങിന്റെ ലോക 34-ാം റാങ്കുകാരിയായ ചിയുംഗ് ഗാന് യി എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് താരങ്ങള്‍. റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള സിന്ധു ഈ ഗ്രൂപ്പില്‍ നിന്ന് അനായാസം നോക്കൗട്ട് റൗണ്ടില്‍ കടക്കും.
പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ ബി. സായ് പ്രണീതും ഡബിള്‍സില്‍ ചിരാഗ് ഷെട്ടി – സാത്വക്സെയ്രാജ് രങ്കി റെഡ്ഡി സഖ്യവും ഇന്ന് മത്സരിക്കും. രാവിലെ ഒമ്പതിന് ആരംരിക്കുന്ന ഗ്രൂപ്പ് ഡി മത്സരത്തില്‍ സായ് പ്രണീത് ഇസ്രായേലിന്റെ സില്ബര്മാന് മിഷയുമായി മാറ്റുരയ്്ക്കും. ചിരാഗ് – രങ്കിറെഡ്ഡി സഖ്യം ഗ്രൂപ്പ് എ യില്‍ ശക്തരായ ലീ യാങ്- വാങ് ചി- ലിന് ടീമിനെ എതിരിടും. രാവിലെ 8.50 ന് കളി തുടങ്ങും. 2019 ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് സായ് പ്രീണിത്. ഇതാദ്യമായാണ് ഒളിമ്പികസില്‍ മത്സരിക്കുന്നത്.
ആറാം സീഡായ സിന്ധുവിന്റെ ആദ്യ മത്സരം നാളെ രാവിലെ 7.10 ന് ആരംഭിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ അനായാസ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് സിന്ധു. പ്രീ ക്വാര്‍ട്ടറില്‍ മിയ ബ്ലിച്ച്ഫെല്റ്റിനെയും ക്വാര്‍ട്ടറില്‍ ലോക അഞ്ചാം നമ്പറായ അകനെ യാമാഗുച്ചിയേയും സിന്ധുവിനെ നേരിടേണ്ടിവരും.
സിന്ധുവിന്റെ കിരീട പ്രതീക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഏക താരം തായ്വാനീസിന്റെ തായ് സു യിങ്ങാണ്. മിക്കവാറും സെമിയില്‍ സിന്ധുവിന് തായ് സുവിനെ എതിരിടേണ്ടിവരും. റിയോ ഒളിമ്പിക്സിന്റെ പ്രീ ക്വാര്‍ട്ടറില്‍ സിന്ധു തായ് സു യിങ്ങിനെ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: