ന്യൂദല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ 52 രാജ്യങ്ങളില്‍ നിന്ന് സഹായം ലഭിച്ചെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് രാജ്യസഭയില്‍ അറിയിച്ചു.വിദേശ രാഷ്ട്രങ്ങള്‍ നേരിട്ടും, സ്വകാര്യ സന്നദ്ധ സംഘടനകള്‍ മുഖേനയും , വിദേശത്തെ ഇന്ത്യന്‍ സമൂഹവും, ബഹുരാഷ്ട്ര കമ്പനികളുമെല്ലാം ദുരന്തത്തെ അതിജീവിക്കാന്‍ ഭാരതത്തിന് സഹായം നല്കി മുന്നോട്ട് വന്നു.
ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം , ആഭ്യന്തര മന്ത്രാലയം, തുടങ്ങി വിവിധ മന്ത്രാലയങ്ങളുടെയും നിതി ആയോഗ് പോലുള്ള ഗവണ്മെന്റ് ഏജന്‍സികളുടെയും പ്രതിനിധികളുള്‍പ്പെടുന്ന അത്തര്‍ മന്ത്രാലയ കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് സംഭാവനകള്‍ സ്വീകരിച്ചത്.
27,116 ഓക്സിജന്‍ സിലണ്ടറുകള്‍, 29,327 ഓക്സിജന്‍ കോണ്‍സെന്ററേറ്ററുകള്‍, 48 ഓക്സിജന്‍ പി.എസ്.എ പ്ലാന്റുകള്‍ 19,375 വെന്റിലേറ്ററുകള്‍ എന്നിവ വിദേശത്ത് നിന്ന് ലഭിച്ച ഉപകരണങ്ങളില്‍ ഉള്‍പ്പെടുന്നു. ഫവിപിറാവിര്,റെംഡിസിവിര്‍,ടൊസിലിസുമാബ് തുടങ്ങിയ മരുന്നുകളും മാസ്ക് ,കൊവിഡ് ദ്രുത പരിശോധനാ കിറ്റുകളും കൊവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ സഹായമായി ലഭിച്ചെന്ന് ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് ഉത്തരമായി മന്ത്രി അറിയിച്ചു. റഷ്യയില്‍ നിന്നുള്ള സ്പുട്നിക് വാക്സിന് 1 ന്റെ 31.5 ലക്ഷം ഡോസും, സ്പുട്നിക് വാക്സിന് 2 ന്റെ 4.5 ലക്ഷം ഡോസും ഇന്ത്യ ഇറക്കുമതി ചെയ്തെന്നും മന്ത്രി വ്യക്തമാക്കി
ആറ് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നിലവില്‍ 2019-20 വര്‍ഷത്തെ നിരക്കില്‍ തന്നെ കുറഞ്ഞ വേതനം ലഭിക്കുന്നുണ്ടെന്ന് മുരളീധരന് അറിയിച്ചു. കൊവിഡ് 19 തൊഴില്‍ മേഖലകളെ പ്രതിസന്ധിയിലാക്കിയ പത്ത് മാസം തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കാന്‍ വേതനത്തില്‍ ക്രമീകരണങ്ങള്‍ ആവശ്യമായി വന്നിരുന്നു. എന്നാല്‍ തൊഴില്‍ മേഖലകള്‍ പൂര്‍വ്വസ്ഥിതിയിലായ സാഹചര്യത്തില്‍ ക്രമീകരണങ്ങളുടെ ആവശ്യമില്ലെന്നും മന്ത്രി അറിയിച്ചു. എം.വി ശ്രേയാംസ് കുമാറിന്റെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മന്ത്രി. ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തൊഴിലുമായി ബന്ധപ്പെട്ട് ഈ വര്‍ഷം 5642 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുവെയ്റ്റില്‍ നിന്നാണ് കൂടുതല്‍ പരാതി ലഭിച്ചിരിക്കുന്നത്. 2288 പരാതി കുവെയ്റ്റില്‍ നിന്ന് ലഭിച്ചു. ഖത്തര്‍ 654, ഒമാന്‍ 346, സൗദി അറേബ്യ 1126, യു.എ.ഇ 1036 ബഹ്റൈന്‍ 192 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ തൊഴിലാളികളില്‍ നിന്ന് ലഭിച്ച പരാതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: