ന്യൂദല്‍ഹി: കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിനെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ച തൃണമൂല്‍ എംപി ശന്തു സെന്നിനെ രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഈ സമ്മേളനകാലത്തേക്കാണ് സസ്പെന്ഷന്. കേന്ദ്രസഹമന്ത്രി വി. മുരളീധരന് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചാണ് നടപടി. അതേസമയം, ബംഗാളില്‍ തൃണമൂല്‍ നടത്തുന്ന അക്രമരാഷ്ട്രീയം പാര്‍ലമെന്റിലും എത്തിയെന്ന് വിഷയത്തില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.
പെഗസസ് ഫോണ്‍ചോര്‍ത്തല്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന് മറുപടി പറയാന്‍ എഴുന്നേറ്റ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ കയ്യിലുണ്ടായിരുന്ന പേപ്പറുകള്‍ തട്ടിപ്പറിച്ച് വാങ്ങി, ചീന്തി രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിംഗിനെതിരെ വലിച്ചെറിയുകയായിരുന്നു തൃണമൂല്‍ എംപി ശന്തനു സെന്‍.
കഴിഞ്ഞ ദിവസങ്ങളില്‍ പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശബ്ദമുണ്ടാക്കിയ പ്രതിപക്ഷത്തെ ഒന്നടങ്കം ബുദ്ധിപരമായ മറുപടികള്‍ കൊണ്ട് നിശ്ശബ്ദമാക്കുകയായിരുന്നു അശ്വിനി വൈഷ്ണവ്. ഇത് പ്രതിപക്ഷത്തിന് സഹിക്കാവുന്നതിലപ്പുറമായിരുന്നു. അതോടെയാണ് അശ്വിനി വൈഷ്ണവിനെ ശാരീരികമായി ആക്രമിക്കുക എന്ന തന്ത്രം പ്രതിപക്ഷം പുറത്തെടുത്തത്.
തൃണമൂല്‍ എംപിയുടെ സഭയിലെ അതിക്രമത്തോട് ബിജെപി എംപി സ്വപന് ദാസ്ഗുപ്തയുടെ പ്രതികരണം ഇതാണ്: ‘ഐടി മന്ത്രി ഒരു പ്രസ്താവന നടത്തുകയായിരുന്നു. മന്ത്രിയുടെ മറുപടിക്ക് ശേഷം അദ്ദേഹത്തെ ചര്‍ച്ചയില്‍ ചോദ്യം ചെയ്യുന്നതിന് പകരം ഗുണ്ടായിസമായിരുന്നു കാണിച്ചത്.’ ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ കൂട്ടബലാത്സംഗവും കൊലപാതകവുമുള്‍പ്പെടെയുള്ള അതിക്രമത്തോടാണ് രാജ്യസഭയിലെ തൃണമൂല്‍ എംപിയുടെ ഗുണ്ടായിസത്തെ ബിജെപി എംപി മഹേഷ് പൊഡ്ഡാര്‍ താരതമ്യം ചെയ്തത്. ‘ എതിരാളികളെ കൊല്ലാമെങ്കില്‍, അവര്‍ക്ക് എന്തും ചെയ്യാനാകും,’ മഹേഷ് പൊഡ്ഡാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ബുദ്ധിപൂര്‍വ്വമായ മറുപടികളിലൂടെ ഫലപ്രദമായാണ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് എതിര്‍ത്തത്. പെഗാസസ് ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് വയര്‍ മാസിക ഉള്‍പ്പെടെയുള്ളവ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളെ മന്ത്രി വൈഷ്ണവ് സഭയില്‍ പൊളിച്ചടുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: