തിരുവനന്തപുരം : മുട്ടില്‍ മരം മുറി വിവാദത്തില്‍ വീഴ്ചയുണ്ടായതായി വനം മന്ത്രി എ.കെ. ശശീന്ദ്രന്. നിയമസഭാ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മരം മുറി വിവാദം സംബന്ധിച്ച് ഒരു ഉത്തരവും വനം വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല. വനം വകുപ്പിന്റെ അഭിപ്രായത്തെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയതെന്നും മന്ത്രി കുറ്റപ്പെടുത്തി.
വനംവകുപ്പ് സ്വീകരിച്ച നടപടികളെ വ്യത്യസ്തമായി വ്യാഖ്യാനിക്കുന്ന തരത്തിലുള്ള ഉത്തരവാണ് റവന്യൂ വകുപ്പ് കൈക്കൊണ്ടത്. ഇതുപ്രകാരം ഈട്ടി, തേക്ക് തുടങ്ങിയ സര്‍ക്കാര്‍ മരങ്ങള്‍ സ്വകാര്യ മേഖലയില്‍ നിന്നും സ്വകാര്യ കൈവശ ഭൂമിയില്‍ നിന്നും കടത്താന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് ഈ വിഷയത്തില്‍ മുറിക്കപ്പെട്ട സര്‍ക്കാര്‍ വക തടികള്‍ കസ്റ്റഡിയില്‍ എടുക്കാനും കേരളാ വനം നിയമപ്രകാരമുള്ള നിയമനടപടി സ്വീകരിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ശശീന്ദ്രന് അറിയിച്ചു.
അതേസമയം ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും ഇവര്‍ക്കെതിരെ നടപടിയെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥരെ കൂടുതല്‍ നടപടിക്ക് വിധേയരാക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ ചരിത്രത്തിലെ വലിയ വനം കൊള്ളയാണ് നടന്നത്. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: