തിരുവനന്തപുരം: പീഡനക്കേസ് ഒതുക്കാന്‍ നീക്കം നടത്തിയ മന്ത്രി എ.കെ. ശശീന്ദ്രന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെയും മഹിളാ മോര്‍ച്ചയുടെയും നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജല പീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു.
യുവമോര്‍ച്ച സംസ്ഥാന മീഡിയ സെല്‍ കണ്‍വീനര്‍ ചന്ദ്രകിരണിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ നിയമസഭ സമ്മേളിക്കുന്നതിനു മുമ്പ് മന്ദിരത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. സാധാരണ നിയമസഭയിലേക്ക് നടത്തുന്ന മാര്‍ച്ച് യുദ്ധ സ്മാരകത്തിനു സമീപം പോലീസ് തടയാറുണ്ട്. എന്നാല്‍ ഗേറ്റിനു മുന്നിലുണ്ടായ അപ്രതീക്ഷിത സമരത്തില്‍ പോലീസ് വെട്ടിലായി.
നിയമസഭയിലേക്ക് വരികയായിരുന്ന മന്ത്രിമാരും എംഎല്‍എമാരും സമരത്തിനു മുന്നില്‍പ്പെട്ടു. കൂടുതല്‍ പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ സെക്രട്ടറി വിജിത്, ലാല്‍കൃഷ്ണ, അനീഷ്, പ്രതീഷ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. മണിക്കൂറുകള്‍ക്കകം മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയാരാജീവിന്റെ നേതൃത്വത്തിലും നിയമസഭയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇവരെ പോലീസ് തടഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ശ്രീകല, സജിത, മണ്ഡലം ഭാരവാഹി ലിജ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. ഉച്ചയോടെ യുവമോര്‍ച്ച വീണ്ടും നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായി. മാര്‍ച്ചിനു നേരെ പോലീസ് ജല പീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് ആര്. സജിത്ത്, കിരണ്‍, വിഷ്ണു എന്നിവര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: