തൃശൂര്‍ : സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പേരില്‍ നടത്തിയത് ആയിരം കോടിയുടെ തിരിമറി. ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തി റിസോര്‍ട്ട് നിര്‍മാണം ഉള്‍പ്പടെ ഭീമമായ നിക്ഷേപങ്ങളാണ് ഇത്തരത്തില്‍ നടത്തിയിട്ടുള്ളതെന്നും പോലീസിന്റെ നിഗമനം.
വില കൂടിയ ഭൂമി ഈടുവെച്ച് ചെറിയ വായ്പയെടുക്കുന്നവരെ തിരിച്ചടവിന്റെ പേരില്‍ സമ്മര്‍ദ്ദത്തിലാക്കി ജപ്തിനടപടിയിലേക്ക് എത്രയും വേഗം എത്തിച്ച് ആ ഭൂമി തട്ടിയെടുക്കുക എന്നതായിരുന്നു തട്ടിപ്പുകാരുടെ മറ്റൊരു തന്ത്രം. ഈ ഭൂമി മറിച്ചുവിറ്റ് തട്ടിപ്പുകാര്‍ കോടികള്‍ സമ്പാദിക്കുകയും ചെയ്തു.
കൂടാതെ ബിനാമി ഇടപാടുകളും നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്ത് തട്ടിപ്പ് ഇല്ലാത്ത ഭൂമി ഈടുവെച്ചുള്ള കോടികളുടെ വായ്പ്പയും. ചെറിയ തുകയുള്ള ഭൂമി ഈടുവെച്ച് ഭീമമായ വായ്പയെടുത്തശേഷം എത്രയും പെട്ടെന്ന് ജപ്തിനടപടി സ്വീകരിക്കുകയെന്നതായിരുന്നു ഒരുതരത്തിലുള്ള തട്ടിപ്പ്. ഇതുവഴി കോടികളുടെ നഷ്ടം ബാങ്കിനുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ കരുവന്നൂര്‍ ബാങ്കില്‍ നേരിട്ടും അല്ലാതെയും അഞ്ചുവര്‍ഷത്തിനിടെ 1000 കോടിയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബാങ്കിന്റെ നിക്ഷേപത്തെ മാത്രമല്ല, ആസ്തിയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടാണ് നടന്നതെന്ന് ജോയിന്റ് രജിസ്ട്രാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പറയുന്നുണ്ട്.
അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍കിട ലോണുകള്‍ നല്‍കിയിരുന്നത് കമ്മീഷന് വ്യവസ്ഥയിലാണെന്ന് ബിജെപി ആരോപിച്ചു. ഓരോ ലോണിനും പത്ത് ശതമാനം വീതം കമ്മിഷന് വാങ്ങി മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു വഴി തേക്കടിയില്‍ റിസോര്‍ട്ട് നിര്‍മിക്കാനാണ് ഈ പണം ശേഖരിച്ചിരുന്നത്. ഇതിന് തെളിവായി തേക്കടിയില്‍ ഒരുങ്ങുന്ന റിസോര്‍ട്ടിന്റെ ബ്രോഷറും ബിജെപി പുറത്തുവിട്ടു.
എട്ട് ഏക്കറില്‍ ഒരുങ്ങുന്ന തേക്കി എന്ന ഫൈവ് സ്റ്റാര്‍ റിസോട്ടിന്റെ ബ്രോഷറാണ് ബിജെപി ഇതിനെ തെളിവായി കാണിക്കുന്നത്. ബിജുവും ബിജോയിയും റിസോട്ടിന്റെ പ്രമോട്ടര്‍മാരാണെന്ന് ബ്രോഷറിലുണ്ട്. വന്‍കിട ലോണുകള്‍ എടുത്തുനല്കാന് ബാങ്കിനകത്തും പുറത്തും ഇടനിലക്കാരുണ്ടായിരുന്നു. വലിയ തുകകള്‍ വായ്പ ആവശ്യമുള്ളവരെ സമീപിച്ച് അവരുമായി ധാരണയിലെത്തും. ഈട് നല്കാന് ഇല്ലാത്തവര്‍ക്ക് പോലും വ്യാജ രേഖ ചമച്ച് മുന്‍ മാനേജരും സംഘവും കോടികള്‍ വായ്പയായി നല്‍കിയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: