ഹൈദരാബാദ്: ഹൈദരാബാദ് വഴി പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള മയക്കുമരുന്ന് കടത്തിന് താലിബാൻ ബന്ധവും. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ(ഡിആർഐ) അന്വേഷണത്തിനിടയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. കഴിഞ്ഞ കുറേ ആഴ്ചകളായി വിമാനത്താവളങ്ങളിൽനിന്ന് പതിവായി ഹെറോയിൻ പിടിച്ചെടുത്തിരുന്നു. ഹൈദരാബാദിൽ മാത്രം ഇത്തരത്തിൽ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിൽനിന്ന് മുസാംബിക്, ജോഹന്നാസ്ബർഗ്, ദോഹ, ഹൈദരാബാദ്, ബംഗളൂരു, ന്യൂദൽഹി എന്നീ നഗരങ്ങൾ വഴി ഓസ്ട്രേലിയ അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളിലേക്ക് ഹെറോയിൻ കടത്തുന്നുവെന്നാണ് സംശയിക്കുന്നത്.
‘ഉയർന്ന ഗുണനിലവാരമുള്ള ഹെറോയിൻ ഉത്പാദനത്തിന്റെ പേരിൽ അറിയപ്പെടുന്ന താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിൽനിന്ന് മുസാംബിക്കിലേക്ക് മയക്കുമരുന്ന് കടത്തുന്നു. അവിടെനിന്ന് ഇവ ജോഹന്നാസ്ബർഗ്, ദോഹ എന്നിവടങ്ങളിലേക്കും പിന്നീട് ഇന്ത്യയിലെ നഗരങ്ങളിലേക്കും എത്തിച്ചശേഷം ഓസ്ട്രേലിയയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കടത്തുന്നു. ജോഹന്നാസ് ബർഗിലെ ഏജൻസികളെ അകറ്റിനിർത്താൻ ദക്ഷിണാഫ്രിക്കക്കാരെ ഒഴിവാക്കി മറ്റ് ആഫ്രിക്കൻ പൗരൻമാരെയാണ് കള്ളക്കടത്തുകാർ ഉപയോഗിക്കുന്നത്. താലിബാനാണ് മയക്കുമരുന്നിന്റെ ഉറവിടം. ആഫ്രിക്കൻ ലഹരി സംഘമാണ് ഇവ കടത്തുന്നത്. വിമാനത്താവളങ്ങളിൽ കണ്ടെത്തിയവ മഞ്ഞുമലയുടെ അറ്റമാണ്. തുറമുഖങ്ങളിലാണ് പ്രധാനമായും ആശങ്ക’.-മുതിർന്ന ഡിആർഐ ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.
‘ഓസ്ട്രേലിയ, യുഎസ്, യൂറോപ്പ് എന്നിവടങ്ങളിലേക്ക് എത്താൻ വളഞ്ഞ വഴിയാണ് ലഹരിക്കടത്തുകാർ ഉപയോഗിക്കുന്നത്. മയക്കുമരുന്ന് ചരക്കുകൾ പാക്കിസ്ഥാനിലെ ദക്ഷിണ-പടിഞ്ഞാറൻ തീരത്ത് എത്തിച്ചശേഷം ചെറു ബോട്ടുകളിൽ മുസാംബിക്ക് തീരത്ത് എത്തിക്കുന്നു. സാറ്റ്ലൈറ്റ് ഉപയോഗിച്ച് ഈ ബോട്ടുകളുടെ നീക്കം കണ്ടെത്താനാവില്ല. മുസാംബിക്കിൽനിന്ന് റോഡ് മാർഗം ജോഹന്നാസ്ബർഗിലെത്തും’.-അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ 19ന് 21 കോടി രൂപ വിലയുള്ള 3.2 കിലോ ഹെറോയിനുമായി സാമ്പിയൻ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പിടിയിലായിരുന്നു. ജൂൺ 21ന് ജോഹന്നാസ്ബർഗിൽനിന്ന് ദോഹ വഴിയെത്തിയ ടാൻസാനിയൻ പൗരനിൽനിന്ന് 19.5 കോടി രൂപ വിലയുള്ള മൂന്ന് കിലോ ഹെറോയിൻ ഡിആർഐ പിടിച്ചെടുത്തു. ജൂൺ ആറിന് ഉഗാണ്ട, സാമ്പിയ എന്നിവടങ്ങളിൽനിന്നുള്ള വനിതാ യാത്രക്കാരിൽനിന്ന് 78 കോടിയുടെ 12 കിലോ ഹെറോയിൻ വിമാനത്താവളത്തിൽ കണ്ടെടുത്തു. ഇവരും ജോഹന്നാസ്ബർഗിൽനിന്ന് ദോഹവഴി എത്തിയവരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: