Categories: Kollam

രുചി മാഞ്ഞ് തട്ടുകട ജീവിതങ്ങള്‍

Published by

കൊല്ലം: ചൂടന്‍ദോശയുടെയും ചമ്മന്തിയുടെയും ഓംലെറ്റിന്റെയും രുചി. എണ്ണയില്‍ തിളച്ചുമറിയുന്ന നല്ല പരിപ്പുവടയുടെയും ബോണ്ടയുടെയും മണം. നാവില്‍ വെള്ളമൂറുന്ന ഇത്തരം വിഭവങ്ങള്‍ വിളമ്പിയ വഴിയോരങ്ങളിലെ തട്ടുകടകളെല്ലാം രണ്ടാം ലോക്ഡൗണ്‍കാലത്ത് വിസ്മൃതിയിലാണ്.

ആദ്യ ലോക്ക് ടൗണിന് ശേഷം വളരെ താമസിച്ചു തുറന്ന തട്ടുകടകള്‍ക്ക് രണ്ടാമതും പൂട്ടുവീണതോടെ കച്ചവടക്കാരും വലയുകയാണ്. വരുമാനം നിലച്ചതോടെ മറ്റ് ജോലികളിലേക്ക് ഇവര്‍ ചേക്കേറി.  

കുറച്ചുപേര്‍ മാത്രം കട തുറക്കാനാകുമെന്ന് പ്രതീക്ഷയോടെ കഴിയുന്നു. ഹോട്ടല്‍ പണി അറിയാവുന്നവര്‍ ഹോട്ടലില്‍ പണിക്കായി മുതലാളിമാരുടെ വാതില്‍ മുട്ടുകയാണ്. കൂലിപണിക്ക് പോയവരും ഉണ്ട്. പലരും കച്ചവടം നടത്തിയിരുന്നത് കുടുംബസമേതമാണ്. അതിനാല്‍തന്നെ ഇവരുടെ കുടുംബങ്ങള്‍ പൂര്‍ണ്ണമായും പട്ടിണിയിലായി. ഇനിയെങ്കിലും കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കട നടത്താന്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

കുടുംബം പോറ്റാന്‍ കടം വാങ്ങുന്നു  

ചാത്തന്നൂര്‍ ജംഗ്ഷനില്‍ 12 വര്‍ഷത്തോളമായി തട്ടുകട നടത്തിയിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് വലിയൊരു കാലയളവില്‍ വീട്ടിലിരിക്കുന്നത്. ഇപ്പോള്‍ വീടുകളിലേക്ക് ആഹാരം പാചകം ചെയ്ത് എത്തിക്കുകയാണ്.  ആഴ്ചയില്‍ രണ്ട് ദിവസമെ ഈ ജോലിയുള്ളൂ. നേരത്തെ വൈകിട്ട് ആറുമുതല്‍ രാത്രി 12വരെയാണ് കച്ചവടം നടത്തിയിരുന്നത്. വീട്ടിലുണ്ടാക്കുന്ന വിഭവങ്ങള്‍ കടയിലെത്തിച്ച് വില്‍ക്കും. കുടുംബത്തിലെല്ലാവരും അധ്വാനിച്ചാലും ഒരുദിവസം 500 മുതല്‍ ആയിരം രൂപ വരെയാണ് കിട്ടുക. കട പൂട്ടിയതോടെ ഇത് ഒറ്റയടിക്ക് നിലച്ചു. ഇപ്പോള്‍  കടം വാങ്ങിയാണ് ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം പോറ്റുന്നത്.

ശിവന്‍ (തട്ടുകടക്കാരന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by